വിശ്വാസികളുടെ തുടര്‍ച്ചയായ അഭ്യര്‍ത്ഥന ഈശോയെ പൊതിഞ്ഞ ടൂറിൻ തിരുക്കച്ച ഓൺലൈനിൽ വഴി പ്രദർശനത്തിന് ഏപ്രിൽ 11മുതൽ

കുരിശിൽനിന്ന് ഇറക്കിയ ഈശോയുടെ തിരുശരീരം പൊതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന രണ്ടായിരം വർഷം പഴക്കമുള്ള ‘ടൂറിൻ തിരുക്കച്ച’ ഈസ്റ്റർ നാളുകളിൽ ഓൺലൈനിലൂടെ കാണാൻ സൗകര്യം ഒരുക്കുന്നു. ഏപ്രിൽ 11 മുതൽ ഈസ്റ്റർ കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച വരെ, സാമൂഹ്യ മാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും വിശ്വാസികൾക്ക് കാണാൻ തക്കവിധം ടൂറിൻ തിരുക്കച്ച പൊതുദർശനത്തിന് ലഭ്യമാക്കുന്ന വിവരം ഇറ്റലിയിലെ ടൂറിൻ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് സിസാരേ നൊസിഗ്ലിയയാണ് പ്രഖ്യാപിച്ചത്.



വിഷമകരമായ പ്രതിസന്ധിയിൽ ഉത്ഥിതനായ ക്രിസ്തുവിനോട് പ്രാർത്ഥിക്കാൻ വിശുദ്ധ വാരത്തിൽ ടൂറിൻ തിരുക്കച്ച പ്രദർശിപ്പിക്കണമെന്ന വൃദ്ധരും യുവജനങ്ങളും ഉൾപ്പെടെയുള്ള വിശ്വാസീസമൂഹത്തിന്റെ അഭ്യർത്ഥനയാണ് ഇപ്രകാരമൊരു തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്നും ആർച്ച്ബിഷപ്പ് വ്യക്തമാക്കി.

യൂറോപ്പിൽ പ്ലേഗുണ്ടായ അവസരങ്ങളിൽ തിരുക്കച്ച പലതവണ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. 1576ൽ ഇറ്റലിയിലെ മിലാനിൽ പ്ലേഗു ബാധയുണ്ടായപ്പോൾ, അന്നത്തെ ആർച്ച് ബിഷപ്പായിരുന്ന വിശുദ്ധ ചാൾസ് ബറോമിയോ, പ്ലേഗ് ബാധ അവസാനിപ്പിച്ചതിന് ദൈവത്തോടുള്ള നന്ദിപ്രകാശനമായി തിരുകച്ചയുമായി കാൽനടയായി പ്രദക്ഷിണം നടത്തുമെന്ന് പ്രതിജ്ഞ ചെയ്തു. അന്ന് ഫ്രാൻസിലായിരുന്നു തിരുക്കച്ച സൂക്ഷിച്ചിരുന്നത്. എന്നാൽ ചാൾസ് ബൊറോമിയയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ, സാവോയിയിലെ പ്രഭുവായിരുന്ന ഇമ്മാനുവൽ ഫിലിബേർട്ടോ തിരുക്കച്ച ടൂറിനിലേക്ക് മാറ്റി. ക്രിസ്തുവിന്റെ പീഡാനുഭവവും, മരണവും, ഓർമ്മിപ്പിക്കുന്ന തിരുക്കച്ചയിലെ ക്രിസ്തുവിന്റെ മുഖം ധ്യാനിക്കാനുള്ള അവസരമായി പ്രദർശനം മാറുമെന്ന് ആർച്ച് ബിഷപ്പ് സിസാരേ നൊസിഗ്ലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരുക്കച്ചയിലെ ക്രിസ്തുവിന്റെ മുഖം പകർച്ചവ്യാധികളെയും വേദനകളെയും അതിജീവിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.



ഈശോയുടെ ശരീരം പൊതിയാൻ ഉപയോഗിച്ച തിരുക്കച്ച ടൂറിൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും അവിടുത്തെ തലയിൽ കെട്ടിയിരുന്ന തൂവാല സ്‌പെയിനിലെ ഒവിയെസോ സാൻ സൽവദോർ കത്തീഡ്രലിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ രണ്ട് തുണിയുടെ ഭാഗങ്ങളും ഒരേ ശരീരത്തിൽ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലവും 2016ൽ പുറത്തുവന്നിട്ടുണ്ട്.

Comments