ഗാസയിലെ അവശേഷിക്കുന്ന ഏക കത്തോലിക്ക വൈദികന്റെ സന്ദേശം പുറത്ത്‌

 തന്റെ ശുശ്രൂഷ കാലയളവില്‍ ഒരിക്കൽപോലും ഇങ്ങനെ ഒരു സംഘർഷം കണ്ടിട്ടില്ലായെന്ന് ഗാസയിൽ സേവനം ചെയ്യുന്ന ഏക കത്തോലിക്കാ വൈദികനായ ഫാ. ഗബ്രിയേൽ റൊമാനല്ലി. അർജന്റീന സ്വദേശിയായ അദ്ദേഹം ഇസ്രായേൽ- ഗാസ സംഘർഷത്തിന് പിന്നാലെ കാത്തലിക്ക് ന്യൂസ് ഏജൻസിയ്ക്കു നല്‍കിയ പ്രതികരണത്തിലാണ് ദുഃഖം പങ്കുവെച്ചത്. ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച സംഘർഷത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ നാല്‍പ്പതോളം ആളുകൾ കൊല്ലപ്പെടുകയും എഴുന്നൂറോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേലിൽ കടന്നു കയറി ഹമാസ് തീവ്രവാദികൾ അക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് തിരിച്ചും ആക്രമണങ്ങള്‍ ആരംഭിച്ചിരിന്നു.

വളരെ മോശം സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് പാലസ്തീനിലെ ഗാസ മുനമ്പിലുള്ള ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ചിന്റെ വികാരിയായ ഫാ. റൊമാനല്ലി പറഞ്ഞു. നൂറുകണക്കിന് ആളുകൾ മരിച്ചു, ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. തന്റെ ഇടവകയില്‍ എണ്‍പതോളം ക്രൈസ്തവരെയും, മുസ്ലീങ്ങളെയും അഭയം നൽകാൻ സ്വീകരിച്ചു. പാലസ്തീനിലെയും, ഇസ്രായേലിലെയും വിശുദ്ധ നാടുകളിലുള്ള വൈദികരും, സന്യസ്തരും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാധാനത്തിലൂടെ ഒന്നും നഷ്ടപ്പെടുകയില്ലെന്നും, എന്നാൽ യുദ്ധത്തിലൂടെ എല്ലാം നഷ്ടപ്പെടുമെന്നു പയസ് പന്ത്രണ്ടാമൻ മാർപാപ്പ പറഞ്ഞ വാചകം ഉദ്ധരിച്ചുകൊണ്ട് സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫാ. റൊമാനല്ലി അഭ്യര്‍ത്ഥിച്ചു. തനിക്ക് ലഭിക്കുന്ന നൂറുകണക്കിന് സന്ദേശങ്ങൾക്ക് നന്ദി പറഞ്ഞ അദ്ദേഹം ഗാസയിലെ മിഷൻ പ്രവർത്തനം പ്രാർത്ഥനയോടെ തുടരുമെന്നും വ്യക്തമാക്കി. ഗാസയിൽ ഇടവകയുടെ കീഴില്‍ രണ്ട് പ്രൈമറി സെക്കൻഡറി സ്കൂളുകളും ഏതാനും ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.


Comments