ദുർബ്ബലരായവർക്കും സംഘർഷത്തിനിരകളായ നിരപരാധികൾക്കും അടിയന്തിര മാനവികസഹായം | Pope Francis

 റഷ്യ നടത്തുന്ന അധിനിവേശത്തിനും യുദ്ധത്തിനുമിടെ യുക്രൈന്‍ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്ക്കി വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. പോൾ ആറാമൻ ഹാളില്‍ യുക്രൈന്‍ പ്രസിഡന്‍റിനെ പാപ്പ സ്വീകരിച്ചു. “ഇത് വലിയൊരു ആദരവാണെന്നും ഈ സന്ദർശനത്തിന് നന്ദി” എന്നു പറഞ്ഞുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ഹസ്തദാനം നല്കി സ്വീകരിച്ചത്. പാപ്പായും പ്രസിഡൻറും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റോളം ദീർഘിച്ചുവെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പ്രസ്താവിച്ചു.

യുദ്ധത്തിൻറെ ഫലമായ മാനവിക-രാഷ്ട്രീയാവസ്ഥകളെക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. പാപ്പ തന്റെ നിരന്തരമായ പ്രാർത്ഥന ഉറപ്പു നല്‍കിയെന്നും യുക്രൈന്‍ ജനതയ്ക്കുവേണ്ടിയുളള മാനവികസേവനങ്ങൾ തുടരേണ്ടതിൻറെ ആവശ്യകതയ്ക്ക് ഇരുവരും ഊന്നൽ നല്‍കിയെന്നും കൂടുതൽ ദുർബ്ബലരായവർക്കും സംഘർഷത്തിനിരകളായ നിരപരാധികൾക്കും അടിയന്തിര മാനവികസഹായം നല്‍കേണ്ടതിൻറെ ആവശ്യകത പാപ്പ എടുത്തുപറഞ്ഞുവെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് അറിയിച്ചു.

ഫ്രാന്‍സിസ് പാപ്പ, പ്രസിഡൻറ് സെലെൻസ്ക്കിക്ക് സമാധാനത്തിൻറെ പ്രതീകമായ ഒലിവുശാഖയുടെ വെങ്കലരൂപവും ഇക്കൊല്ലത്തെ സമാധാന സന്ദേശവും മാനവ സാഹോദര്യ രേഖയും യുക്രൈനിലെ സമാധനത്തെക്കുറിച്ചുള്ള ഒരു പുസ്തകവും സമ്മാനിച്ചു. പ്രസിഡൻറ് സെലെൻസ്കി പാപ്പായ്ക്ക് സമ്മാനമായി നല്കിയത് വെടിയുണ്ടയെ ചെറുക്കുന്ന ഒരു ഫലകത്തിൽ തീർത്ത ഒരു കലാസൃഷ്ടിയും, യുദ്ധവേളയിൽ കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെ സംബന്ധിച്ച്, “നഷ്ടം” എന്ന ശീർഷകത്തിൽ തയ്യാറാക്കിയ ഒരു ചിത്രവും ആയിരുന്നു.

Comments