ലോകത്തിൽ വിശപ്പ് അനുഭവിക്കുന്ന കുഞ്ഞുങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ | Pope Francis

 


മനുഷ്യ ജീവനെക്കാൾ വളർത്തുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ശൈലിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. "ദ ജനറൽ സ്റ്റേറ്റ് ഓഫ് ദ ബർത്ത് റേറ്റ്" എന്ന പേരിൽ വത്തിക്കാന് സമീപത്ത് കോൺസിലിയാസിയോൺ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പാപ്പ. അടുത്തിടെ ഏകദേശം അന്‍പതു വയസ്സുള്ള ഒരു സ്ത്രീ 'എന്റെ കുട്ടി' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു നായയെ ആശീര്‍വദിക്കാൻ തന്റെ പക്കൽ കൊണ്ടുവന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ലോകത്തിൽ വിശപ്പ് അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ വലിയ സംഖ്യ ചൂണ്ടിക്കാണിച്ചുകൊണ്ട് താൻ ആ സ്ത്രീയെ ശകാരിച്ചതായും പാപ്പ പറഞ്ഞു. സമൂഹത്തിന്റെ ഭാവിക്ക് ജനസംഖ്യാ വർദ്ധനവിന് വലിയ പ്രാധാന്യമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു വ്യക്തമാക്കി.

രണ്ടുദിവസമായി നടന്ന കോൺഫറൻസിൽ ഇന്നലെയാണ് ഫ്രാൻസിസ് മാർപാപ്പ വിഷയത്തിലുള്ള തന്റെ ചിന്തകൾ പങ്കുവെച്ചത്.  കുറച്ച് കുഞ്ഞുങ്ങള്‍ മാത്രം ജനിക്കുമ്പോൾ, ജനങ്ങൾക്ക് പ്രത്യാശയില്ല എന്ന സൂചനയാണ് അത് നൽകുന്നതെന്ന് പാപ്പ പറഞ്ഞു. ഇത് സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങൾ മാത്രമല്ല ഉണ്ടാക്കുന്നത്, മറിച്ച് ജനസംഖ്യയിൽ ഉണ്ടാകുന്ന കുറവ് ഭാവിയെ പറ്റിയുള്ള ആത്മവിശ്വാസം ദുർബലമാക്കുന്നു. സാമൂഹിക ജീവിതം ഇല്ലാത്തത് സ്വയം ആശ്രയിക്കാൻ പ്രേരണ നൽകുകയും അത് ഒറ്റപ്പെടലിൽ കലാശിക്കുകയും ചെയ്യുന്നു.

Comments