“ദൈവ മക്കള്‍ വില്‍പ്പനക്കുള്ളതല്ല” പോരാട്ടത്തിൻ്റെ കഥ പറയുന്ന സിനിമ ജൂലൈയില്‍ | Freedom


 അടിയുറച്ച ക്രൈസ്തവ വിശ്വാസിയും ലോക പ്രശസ്തമായ 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് സിനിമ'യില്‍ ഈശോയെ അവതരിപ്പിക്കുകയും ചെയ്ത ജിം കാവിയേസല്‍ അഭിനയിക്കുന്ന സിനിമ “സൗണ്ട് ഓഫ് ഫ്രീഡം” ഈ വരുന്ന ജൂലൈ 4-നാണ് പ്രദര്‍ശനത്തിനെത്തുക. ട്രെയിലറിലെ “ദൈവത്തിന്റെ മക്കള്‍ വില്‍പ്പനക്കുള്ളതല്ല” എന്ന കാവിയേസലിന്റെ ഡയലോഗാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. മനുഷ്യക്കടത്തുകാരുടെ കൈയില്‍ നിന്നും ഒരു ബാലനെ രക്ഷപ്പെടുത്തുകയും മനുഷ്യക്കടത്തിനെതിരെ പോരാടുകയും ചെയ്യുന്ന മുന്‍ അമേരിക്കന്‍ ഏജന്റ് ടിം ബല്ലാര്‍ഡിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ.


പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' ന് ശേഷം താന്‍ അഭിനയിച്ച ഏറ്റവും പ്രധാനപ്പെട്ട സിനിമ ഇതാണെന്നു സമീപകാല അഭിമുഖത്തില്‍ കാവിയേസല്‍ പറഞ്ഞിരിന്നു. ലോകവ്യാപകമായി പ്രതിവര്‍ഷം 15,000 കോടി ഡോളറിന്റെ വ്യവസായമാണ് മനുഷ്യക്കടത്തിലൂടെ നടക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു.ലോകമെമ്പാടുമായി മനുഷ്യക്കടത്തിനിരയായ 20 ലക്ഷം കുട്ടികളെ പ്രതിനിധീകരിച്ച്, സിനിമ റിലീസിംഗിന്റെ ആദ്യ വാരാന്ത്യത്തില്‍ 20 ലക്ഷം ആളുകളെ ഒരുമിച്ച് പങ്കെടുപ്പിക്കുവാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കാവിയേസല്‍ കൂട്ടിച്ചേര്‍ത്തു.

Comments