ജീവനെ സ്വാഗതം ചെയ്യുന്ന കുടുംബ സൗഹൃദ നയങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലോക രാജ്യങ്ങളോട്‌ ഫ്രാൻസിസ് പാപ്പ

 ജീവനെ സ്വാഗതം ചെയ്യുന്ന കുടുംബ സൗഹൃദ നയങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലോക രാജ്യങ്ങളോട്‌ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഈ വർഷത്തെ അന്താരാഷ്ട്ര കുടുംബ ദിനത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സന്ദേശം നല്കുകയായിരുന്നു പാപ്പ. നിലവിൽ അഭിമുഖീകരിക്കുന്ന ജനസംഖ്യാകുറവിനുള്ള മറുമരുന്ന് കുടുംബങ്ങൾ വിപുലീകരിക്കുകയെന്നതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.


എല്ലാ രാജ്യങ്ങളിലെയും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ നയങ്ങൾ കുടുംബജീവിതത്തോടുള്ള സൗഹൃദത്തോടും സ്വീകാര്യതയോടും കൂടെ പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. ജനസംഖ്യാപരമായ ശൈത്യകാലം അവസാനിപ്പിക്കുന്നതിനും യൂറോപ്പിലെ ജനന നിരക്ക് വർദ്ധിപ്പിക്കുന്നതിനുമുള്ള നയങ്ങൾ സർക്കാരുകൾ കൊണ്ടുവരണമെന്ന് ജനറൽ സ്‌റ്റേറ്റ് ഓഫ് ബർത്ത് ന്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് പാപ്പ പറഞ്ഞതും ഈ അവസരത്തിൽ പ്രസക്തമാണ്.


ജനനനിരക്കുമായി ബന്ധപ്പെട്ട ആശങ്കകൾ എല്ലാ രാജ്യങ്ങളുടെയും പ്രശ്‌നമാണ്, പ്രത്യേകിച്ച് ഇറ്റലിയുടെയും യൂറോപ്പിന്റെയും കാര്യത്തിൽ. മാത്രമല്ല, കുട്ടികളെ ലോകത്തിലേക്ക് കൊണ്ടുവരുന്നത് കുടുംബങ്ങൾ നടത്തുന്ന ഒരു സംരംഭമായാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. നിർഭാഗ്യവശാൽ, നിരാശയിലും ഭയത്തിലും അല്ലെങ്കിൽ അനിശ്ചിതത്വത്തിൽ വളരുന്ന യുവതലമുറയുടെ മാനസികാവസ്ഥയെ ഈ മനോഭാവം അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

Comments