കലാപം നടന്ന മണിപ്പൂരില്‍ 121 ക്രൈസ്തവ ദൈവാലയങ്ങള്‍ അക്രമിക്കപ്പെട്ടു | Manipur church

 കലാപം നടന്ന മണിപ്പൂരില്‍ 121 ക്രൈസ്തവ ദൈവാലയങ്ങള്‍ അക്രമിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. മണിപ്പൂരിലെ ചുരാചന്ദ്പുര്‍ ജില്ലാ ക്രിസ്ത്യന്‍ ഗുഡ്‌വില്‍ കൗണ്‍സിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 76 ദൈവലാലയങ്ങള്‍ പൂര്‍ണമായും കത്തിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


ലത്തീന്‍ സഭയുടെ കീഴിലുള്ള മൂന്നു ദൈവാലയങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. ഇംഫാലിലെ ഷാങ്ഹായ്‌പ്രോ സെന്റ് പോള്‍സ് ദൈവാലയം, സാഞ്ചിപുര്‍ ഹോളി റെഡീമര്‍ ദൈവാലയം, കാക്ചിംഗ് ഖുനാവിലെ ഹോളി ക്രോസ് ദൈവാലയം എന്നിവയാണ് തകര്‍ക്കപ്പെട്ടത്. മണിപ്പൂര്‍ കലാപത്തില്‍ 1700 വീടുകള്‍ ആക്രമിക്കപ്പെട്ടു. 35,000 പേര്‍ പലായനം ചെയ്തു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


മണിപ്പൂര്‍ ജനസംഖ്യയുടെ 64 % വരുന്ന മെയ്തി വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. ഇതിന് വര്‍ഗ്ഗീയ ഇടപെടല്‍ ഉണ്ടായതോടെ ആക്രമണം ശക്തമാകുകയായിരിന്നു. ഗോത്രവിഭാഗമായ കുകികളുടെ വീടുകളും ആരാധനാലയങ്ങളും മെയ്തെയ് വിഭാഗക്കാർ അഗ്നിക്കിരയാക്കിയെന്നാണു റിപ്പോർട്ട്. ക്രൈസ്തവർക്കുനേരെ നടക്കുന്ന അതിക്രമം ആശങ്കാജനകമാണെന്നു കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസ്താവിച്ചിരിന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു കേരള കാത്തലിക് ബിഷപ്സ് കൗൺസിലും (കെസിബിസി) ആവശ്യപ്പെട്ടിട്ടുണ്ട്.

Comments