ആഗസ്റ്റ്‌ 8 : വി. ഡൊമിനിക് (1170-1221)

'ഞാന്‍ ചോദിച്ചതൊന്നും ദൈവം എനിക്കു നല്‍കാതിരുന്നിട്ടില്ല' എന്ന് ഉറപ്പിച്ചുപറയാന്‍ നമുക്ക് കഴിയുമോ? അങ്ങനെ ഉറപ്പിച്ചു പറയുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന വിശുദ്ധനായിരുന്നു ഡൊമിനിക്. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പ്രശസ്തമായ ഡൊമിനിഷ്യന്‍ സഭയുടെ സ്ഥാപകനായ ഡൊമിനിക് സ്‌പെയിനിലെ കാസ്റ്റീല്‍ എന്ന സ്ഥലത്തുള്ള സമ്പന്നവും കുലീനവുമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. വാഴ്ത്തപ്പെട്ടവളായി സഭ പ്രഖ്യാപിച്ചിട്ടുള്ള അസയിലെ ജോവാന്‍ എന്ന സാധു സ്ത്രീയായിരുന്നു ഡൊമിനിക്കിന്റെ അമ്മ.



ഡൊമിനിക്കിനെ യേശുവിന്റെ വഴിയിലൂടെ വളര്‍ത്തിക്കൊണ്ടുവരാന്‍ ആ വിശുദ്ധ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഡൊമിനിക്കിനെ ഗര്‍ഭം ധരിച്ചിരിക്കെതന്നെ ഇതു സംബന്ധിച്ച സൂചന അവര്‍ക്ക് ദൈവം കൊടുത്തിരുന്നു. ഗര്‍ഭിണിയായിരിക്കെ അവര്‍ ഒരു സ്വപ്നം കണ്ടു. തനിക്കു ജനിക്കുന്നതു വായില്‍ കത്തിയ പന്തവുമായി നടക്കുന്ന ഒരു പട്ടിയാണെന്നും ആ പട്ടി ലോകം മുഴുവന്‍ തന്റെ പന്തത്തില്‍ നിന്നു അഗ്നി പടര്‍ത്തുമെന്നുമായിരുന്നു സ്വപ്നം. വര്‍ഷങ്ങള്‍ക്കു ശേഷം വായില്‍ പന്തവുമായി നീങ്ങുന്ന പട്ടിയുടെ ചിത്രം ഡൊമിനിക് സഭയുടെ ഔദ്യോഗിക ചിഹ്‌നമാക്കിയതു അമ്മ കണ്ട ഈ സ്വപ്നത്തിന്റെ അര്‍ഥം അദ്ദേഹവും മനസിലാക്കിയിരുന്നു എന്നതുകൊണ്ടാവണം. പലന്‍സിയ സര്‍വകലാശാലയില്‍ നിന്നു തിയോളജിയും ഫിലോസഫിയും പഠിച്ച ശേഷമാണ് ഡൊമിനിക് തന്റെ പൗരോഹിത്യജീവിതം ആരംഭിക്കുന്നത്. ഇരുപത്തിയഞ്ചു വയസുള്ളപ്പോള്‍ അദ്ദേഹം ഓസ്മാ എന്ന സ്ഥലത്തെ കത്തീഡ്രലില്‍ വൈദികനായി ചുമതലയേറ്റു.

അക്കാലത്ത് ഒരു പുതിയ വിശ്വാസകൂട്ടായ്മ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്നു. ദൈവത്തിനു രണ്ടു മുഖങ്ങളുണ്ടെന്നും ഒന്ന് നന്മയുടെയും മറ്റൊന്ന് തിന്മയുടെയുമാണെന്നുമായിരുന്നു അവരുടെ വാദം. ഈ ചിന്താഗതി പടര്‍ത്തുന്നവര്‍ക്കെതിരെ യായിരുന്നു ഡൊമിനിക്കിന്റെ പ്രധാന പ്രവര്‍ത്തനം. വിശ്വാസികള്‍ വഴിതെറ്റിപോകാതിരിക്കാന്‍ അദ്ദേഹം അവരെ ബോധവല്‍ക്കരിക്കുകയും അവരോടൊത്ത് കൂടുതല്‍ സമയം ചെലവഴി ക്കുകയും ചെയ്തു. മൂന്നു സന്യാസസഭകള്‍ക്ക് ഡൊമിനിക് തുടക്കമിട്ടു. ക്രിസ്തുവിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാന്‍ തയാറാകുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം ആദ്യ സഭ തുടങ്ങിയത്.

പിന്നീട്, ഫ്രയര്‍ പ്രീച്ചേഴ്‌സ് എന്ന സഭയും അതേ തുടര്‍ന്ന് കുടുംബജീവിതം നയിക്കുന്നവര്‍ക്കുവേണ്ടിയുള്ള സഭയും തുടങ്ങി. കഠിനമായ വിശ്വാസത്തിന്റെ വക്താവായിരുന്നു ഡൊമിനിക്. തന്റെ വിശ്വാസം ഉറപ്പിക്കുന്നതിനു വേണ്ടി രാത്രി സമയത്ത് പ്രാര്‍ഥനയ്ക്കിടെ ചമ്മട്ടികൊണ്ട് സ്വന്തം ശരീരം അദ്ദേഹം മുറിവേല്‍പ്പിക്കുമായിരുന്നു. നിരവധി അദ്ഭുത പ്രവര്‍ത്തനങ്ങളും ഡൊമിനിക് നടത്തി. പരിശുദ്ധ കന്യാമറിയത്തിനോട് തീവ്രമായി പ്രാര്‍ഥിക്കുമായിരുന്ന ഡൊമിനിക്കിനെ ഒരിക്കല്‍ ദൈവമാതാവിന്റെ ദര്‍ശനമുണ്ടായി. മറ്റൊരിക്കല്‍ അദ്ദേഹം സ്വപ്നത്തില്‍ ഒരു ഭിക്ഷക്കാരനെ കണ്ടു. അവര്‍ തമ്മില്‍ ഏറെ നേരം സംസാരിച്ചു. ഡൊമിനിക്കിന്റെ ചിന്താഗതികളോട് പൂര്‍ണമായും യോജിച്ചിരുന്ന ആ ഭിക്ഷക്കാരന്‍ വി. ഫ്രാന്‍സീസ് അസീസിയായിരുന്നു. നാലു പേരെ ഡൊമിനിക് മരണത്തില്‍ നിന്നു ഉയര്‍പ്പിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. 1221 ല്‍ അദ്ദേഹം മരിച്ചു. പതിമൂന്നു വര്‍ഷത്തിനു ശേഷം 1234ല്‍ പോപ് ഗ്രിഗറി ഒന്‍പതാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments