ആഗസ്റ്റ്‌ 3 : വി. നിക്കദേമോസ് (ഒന്നാം നൂറ്റാണ്ട്)

യേശുവിന്റെ അടുത്ത് രാത്രി സമയത്ത് രഹസ്യമായി എത്തി അവിടുത്തെ വാക്കുകള്‍ ശ്രവിച്ചിരുന്ന യഹൂദപ്രമാണിയായിരുന്നു നിക്കദേമോസ്. കുരിശില്‍ തൂങ്ങി മരിച്ച യേശുവിന്റെ മൃതദേഹം ആചാരപ്രകാരം സംസ്‌കരിച്ചതും നിക്കദേമോസായിരുന്നുവെന്ന് യോഹന്നാന്റെ സുവിശേഷം പറയുന്നു. യേശുവിന്റെ രഹസ്യശിഷ്യന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.പ്രീശന്‍മാരിലെ പ്രമാണിയായിരുന്നുവെങ്കിലും അദ്ദേഹം യേശുവില്‍ വിശ്വസിച്ചിരുന്നുവെന്ന് ബൈബിള്‍ തെളിവുനല്‍കുന്നു. ''യൂദന്മാരുടെ പ്രമാണിയായി പ്രീശരുടെ ഇടയില്‍ നിക്കദേമോസ് എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം രാത്രിയില്‍ യേശുവിന്റെ അടുത്ത് വന്നു പറഞ്ഞു. ''റബ്ബീ, അങ്ങ് ദൈവത്തില്‍ നിന്നു വന്ന ഗുരുവാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്തെന്നാല്‍, ദൈവം കൂടെയില്ലാതെ ഒരാള്‍ക്കും അങ്ങു പ്രവര്‍ത്തിക്കുന്ന അടയാളങ്ങള്‍ പ്രവര്‍ത്തിക്കുക സാധ്യമില്ല''(യോഹന്നാന്‍ 3: 1-2). 'വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും സ്വര്‍ഗരാജ്യം കാണുക സാധ്യമല്ല' എന്ന പ്രശസ്തമായ വചനം യേശു പറയുന്നത് നിക്കദേമോസിനോടാണ്. ഇസ്രായേലിലെ ഒരു മതപ്രസംഗകനും ഉപദേഷ്ടാവുമായിരുന്നു നിക്കദേമോസ്.

അദ്ദേഹവും യേശുവുമായുള്ള സംഭാഷണങ്ങള്‍ യോഹന്നാന്‍ വിശദമായി എഴുതുന്നുണ്ട്. ആ വിശുദ്ധന്റെ ഓര്‍മദിവസത്തില്‍ ഈ അധ്യായം വായിച്ചു ധ്യാനിക്കേണ്ടതാണ്. യേശുവിന്റെ മരണശേഷം മൃതദേഹം കുരിശില്‍ നിന്ന് ഇറക്കി സുഗന്ധതൈലങ്ങള്‍ പൂശി അടക്കുന്നത് നിക്കോദേമോസും കൂടി ചേര്‍ന്നാണ്. ഈ ഭാഗം സുവിശേഷത്തില്‍ ഇങ്ങനെ എഴുതുന്നു: ''യൂദന്മാരോടുള്ള ഭയം നിമിത്തം യേശുവിന്റെ രഹസ്യശിഷ്യനായിരുന്ന അരിമത്തിയാക്കാരന്‍ യൗസേപ്പ് പീലാത്തോസിനോട് യേശുവിന്റെ ശരീരം കുരിശില്‍ നിന്നു മാറ്റാന്‍ അനുവാദം ചോദിച്ചു. പീലാത്തോസ് അനുമതി നല്‍കി. അങ്ങനെ അദ്ദേഹം വന്ന് യേശുവിന്റെ ശരീരം എടുത്തുമാറ്റി. യേശുവിന്റെ അടുത്ത് രഹസ്യമായി രാത്രി സമയത്ത് ചെന്നിരുന്ന നിക്കദേമോസും വന്നെത്തി.

മീറയും ചെന്നിനായകവും ചേര്‍ന്ന ഉദ്ദേശം നൂറു റാത്തല്‍ വരുന്ന ഒരു സുഗന്ധക്കൂട്ടും നിക്കദേമോസ് കൊണ്ടുവന്നിരുന്നു. അവര്‍ യേശുവിന്റെ ശരീരമെടുത്ത് യൂദന്മാരുടെ സംസ്‌കാരരീതി അനുസരിച്ച് പരിമളദ്രവ്യങ്ങള്‍ പൂശി, കച്ചയില്‍ പൊതിഞ്ഞു.'' (യോഹന്നാന്‍ 19: 38-40). യേശു ക്രൂശിക്കപ്പെട്ട സ്ഥലത്ത്, അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു ശവക്കല്ലറയില്‍ നിക്കദേമോസും യൗസേപ്പും ചേര്‍ന്ന് അവിടുത്തെ സംസ്‌കരിച്ചു. യൂദന്‍മാരെ ഭയപ്പെട്ട യേശുവിന്റെ മറ്റു ശിഷ്യന്‍മാരെല്ലാം ഒളിവിലായിരുന്നു അപ്പോള്‍. യേശുവിലുള്ള വിശ്വാസമാണ് നിക്കദേമോസിനെ നയിച്ചത്. യേശു ജീവിച്ചിരുന്നപ്പോള്‍ യൂദന്‍മാരെ ഭയന്ന് അവിടുത്തെ രഹസ്യമായി സന്ദര്‍ശിച്ചിരുന്ന നിക്കദേമോസ്, അവിടുത്തെ മരണശേഷം ആ ഭയമില്ലാതെ യേശുവിനെ അടക്കംചെയ്തു.

പിന്നീട് യേശുവിന്റെ നാമത്തില്‍ സുവിശേഷപ്രസംഗം നടത്തി പലസ്ഥലങ്ങളില്‍ സന്ദര്‍ശിച്ച നിക്കദേമോസ് ക്രൈസ്തവപീഡകളുടെ ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. എന്നാല്‍, അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച വിശദവിവരങ്ങള്‍ ഇന്ന് ആര്‍ക്കും അറിയില്ല. അപ്രാമാണിക ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്ന 'നിക്കദേമോസിന്റെ സുവിശേഷം' എന്നൊരു ഗ്രന്ഥവും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Comments