ആഗസ്റ്റ്‌ 2 : വി. പീറ്റര്‍ ജൂലിയാന്‍ എയിമണ്ട്

പരിശുദ്ധ കന്യാമറിയത്തോടുള്ള അടങ്ങാത്ത ഭക്തിയിലൂടെ പ്രസിദ്ധി നേടിയ വിശുദ്ധനാണ് പീറ്റര്‍ ജൂലിയാന്‍. വിശുദ്ധ കുര്‍ബാനയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും പ്രസിദ്ധമായിരുന്നു. വി. കുര്‍ബാനയുടെ ഭക്തി പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ടു സന്യാസസഭകള്‍ തന്നെ അദ്ദേഹം തുടങ്ങി. ഫ്രാന്‍സിലെ ലാമുറേയില്‍ ദരിദ്രമായ ഒരു കുടുംബത്തിലാണ് പീറ്റര്‍ ജനിച്ചത്.ഫ്രഞ്ച് വിപ്ലവത്തിനു ശേഷമുള്ള ആ കാലഘട്ടം ക്രൈസ്തവര്‍ പീഡനങ്ങള്‍ അനുഭവിച്ചിരുന്ന സമയമായിരുന്നു. യേശുവിലുള്ള അടിയുറച്ച വിശ്വാസത്തില്‍ വളര്‍ന്നു വന്ന പീറ്റര്‍ ചെറുപ്രായത്തില്‍ തന്നെ വൈദികനാകുമെന്ന് ശപഥം ചെയ്തിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെ അദ്ദേഹം പുരോഹിതനാകാന്‍ തീരുമാനിച്ചു. പക്ഷേ, രോഗങ്ങള്‍ തടസമായി. വൈദികപഠനം ഉപേക്ഷിച്ച് സെമിനാരിയില്‍ നിന്ന് അദ്ദേഹത്തിനു മടങ്ങേണ്ടി വന്നു. എന്നാല്‍, വൈദികനാകണമെന്നുള്ള തന്റെ മോഹം ഉപേക്ഷിക്കുവാന്‍ പീറ്റര്‍ ജൂലിയാന്‍ തയാറായില്ല. രോഗങ്ങള്‍ കുറഞ്ഞതോടെ അദ്ദേഹം വീണ്ടും സെമിനാരിയില്‍ ചേരുകയും 1834 ല്‍ പൗരോഹിത്യപട്ടം സ്വീകരിക്കുകയും ചെയ്തു. മാരിസ്റ്റ് പുരോഹിതരുടെ സഭയിലാണ് അദ്ദേഹം ചേര്‍ന്നത്. പീറ്ററിന്റെ മതപ്രഭാഷണം നിരവധി പേരെ യേശുവിലേക്ക് ആകര്‍ഷിച്ചു. വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിക്കു പ്രാധാന്യം കൊടുത്തിരുന്ന പീറ്റര്‍ 1856 ല്‍ പുതിയൊരു സന്യാസസഭയ്ക്കു തുടക്കമിട്ടു. 

'വി. കുര്‍ബാനയുടെ വൈദികരുടെ സഭ' എന്നായിരുന്നു അതിന്റെ പേര്. പിന്നീട് അദ്ദേഹം വിശുദ്ധ കുര്‍ബാനയുടെ കന്യാസ്ത്രീകളുടെ സഭയ്ക്കും തുടക്കമിട്ടു. വിശുദ്ധനായ ജോണ്‍ വിയാനിയുടെ (ഓഗസ്റ്റ് നാലിലെ വിശുദ്ധന്‍ കാണുക). രോഗങ്ങളും അനാരോഗ്യവും പരിഗണിക്കാതെ അദ്ദേഹം ഈ സഭകളുടെ പ്രവര്‍ത്തനത്തിനു വേണ്ടി ജോലി ചെയ്തു. അദ്ദേഹത്തിന് 57 വയസുള്ളപ്പോള്‍ ഒരു ധ്യാനത്തിനിടെ റോമില്‍ വച്ച് രോഗം മൂര്‍ച്ഛിക്കുകയും അദ്ദേഹം മരിക്കുകയുംചെയ്തു. ആറു വാള്യങ്ങളുള്ള 'പീറ്റര്‍ ജൂലിയാന്റെ സ്വകാര്യ കത്തുകള്‍', ഒന്‍പതു വാള്യങ്ങളുള്ള 'പീറ്റര്‍ ജൂലിയാന്റെ ധ്യാനചിന്തകള്‍' എന്നീ പുസ്തകങ്ങള്‍ പിന്നീട് പുറത്തിറങ്ങി. ഈ പുസ്തകങ്ങള്‍ ഏറെ പ്രസിദ്ധി നേടി. 1962 ല്‍ പോപ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments