ആഗസ്റ്റ്‌ 15 : വി. തര്‍സീഷ്യസ്

മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ രക്തസാക്ഷിത്വം വരിച്ച ഒരു ബാലനാണ് തര്‍സീഷ്യസ്. ആദിമസഭയുടെ കാലത്തെ ഒരു അള്‍ത്താരബാലനായിരുന്ന തര്‍സീഷ്യസ് എന്നു വേണമെങ്കില്‍ പറയാം. സഭ വളര്‍ന്നു തുടങ്ങിയ കാലമായിരുന്നു അത്. വലേറിയന്‍ ചക്രവര്‍ത്തി റോം ഭരിക്കുന്നു. ക്രിസ്ത്യാനികളായുള്ളവര്‍ക്കെല്ലാം പീഡനകാലം.



ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ എന്ന തോന്നുന്നവരെയെല്ലാം തടവിലാക്കുകയും യേശുവിലുള്ള വിശ്വാസം തള്ളിപ്പറയാത്തവരെ കൊന്നൊടുക്കുകയും ചെയ്തിരുന്ന സമയത്ത് രഹസ്യമായാണ് ക്രൈസ്തവര്‍ ഒത്തുചേരുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നത്. നാലാം നൂറ്റാണ്ടില്‍ പോപ് ഡമാസസ് എഴുതിയ ഒരു കവിതയിലാണ് തര്‍സീഷ്യസിന്റെ കഥ പറയുന്നത്. ക്രൈസ്തവകൂട്ടായ്മകളില്‍ സജീവമായി പങ്കെടുക്കുകയും ഭക്തിപൂര്‍വം പ്രാര്‍ഥിക്കുകയും വിശ്വാസപൂര്‍വം വി. കുര്‍ബാന കൈകൊള്ളുകയും ചെയ്തിരുന്ന ബാലനായിരുന്നു തര്‍സീഷ്യസ്. സഭാപിതാക്കന്‍മാര്‍ ഈ മിടുക്കന്റെ സാമര്‍ഥ്യം മനസിലാക്കിയിരുന്നു. റോമിലെ ചില അക്രൈസ്തവ മതങ്ങളുടെ വിശ്വാസികള്‍ ഒരു വലിയ വിഭാഗം ക്രൈസ്തവരെ തടവിലാക്കിയിരുന്നു. ഇവര്‍ക്ക് രഹസ്യമായി വി.കുര്‍ബാന നല്‍കുവാന്‍ തര്‍സീഷ്യസ് വഴി കണ്ടെത്തി. എന്നും തിരുവോസ്തിയുമായി രഹസ്യവഴിയിലൂടെ തടവറയ്ക്കു സമീപമെത്തി അവര്‍ക്ക് അത് കൈമാറി പോന്നു. എന്നാല്‍, അധികദിവസം അങ്ങനെ പോകാന്‍ തര്‍സീഷ്യസിനു കഴിഞ്ഞില്ല. അവന്‍ പിടിക്കപ്പെട്ടു. പടയാളികള്‍ വി. കുര്‍ബാന അവരുടെ കൈയില്‍ കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. പവിഴമുത്തുകള്‍ പന്നിക്കൂട്ടങ്ങള്‍ക്കു കൊടുക്കാനുള്ളതല്ല എന്നായിരുന്നു. തിരുവോസ്തിക്കുവേണ്ടി അവര്‍ തര്‍സീഷ്യസിനെ മര്‍ദിച്ചു. അവസാനം ശ്വാസം വിട്ടുപോകുന്നതുവരെയും അവന്‍ അതു പറഞ്ഞില്ല. തര്‍സീഷ്യസ് മരിച്ചുകഴിഞ്ഞുവെന്നു മനസിലായപ്പോള്‍ അവര്‍ അവന്റെ കൈകളിലും വസ്ത്രങ്ങളിലും എല്ലാം തിരുവോസ്തി കണ്ടെത്താനായി തിരച്ചില്‍ നടത്തി. എന്നാല്‍,അത് അപ്രത്യക്ഷമായിരുന്നു. അള്‍ത്താരബാലന്‍മാരുടെ മധ്യസ്ഥനായാണ് തര്‍സീഷ്യസ് അറിയപ്പെടുന്നത്.

Comments