ജൂലൈ 30 : വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്

ഏതാണ്ട് 400-ല്‍ ഇമോളയിലാണ് വിശുദ്ധന്‍ ജനിച്ചത്. ആ നഗരത്തിലെ മെത്രാനായിരുന്ന കോര്‍ണേലിയൂസിന്റെ കീഴില്‍ ശിക്ഷണം ലഭിച്ച പീറ്ററിനെ കോര്‍ണേലിയൂസ് ഡീക്കണായി ഉയര്‍ത്തി. 433-ല്‍ റാവെന്നായിലെ മെത്രാപ്പോലീത്തായുടെ നിര്യാണത്തെ തുടര്‍ന്ന് അവിടത്തെ പുരോഹിത വൃന്ദവും, ജനങ്ങളും മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തതിന് ശേഷം, സിക്സ്റ്റസ് മൂന്നാമന്‍ പാപ്പായില്‍ നിന്നും തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ആധികാരികത നേടിതരുവാന്‍ കോര്‍ണേലിയൂസിനോടാവശ്യപ്പെട്ടു. അതിനായി റോമിലെക്കുള്ള യാത്രയില്‍ കോര്‍ണേലിയൂസ് തന്റെ ഡീക്കണായ പീറ്ററിനേയും കൂടെ കൂട്ടി. പീറ്ററിനെ കണ്ടപ്പോള്‍, പുരോഹിതന്‍മാര്‍ തിരഞ്ഞെടുത്ത മെത്രാപ്പോലീത്തക്ക് പകരമായി പാപ്പാ അദ്ദേഹത്തെ റാവെന്നായിലെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. അപ്രകാരം പീറ്റര്‍ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. ആദ്യമൊക്കെ മനസ്സില്ലാ മനസ്സോടെയായിരുന്നു പുരോഹിതരും, ജനങ്ങളും പീറ്ററിനെ അംഗീകരിച്ചത്‌. എന്നാല്‍ അധികം താമസിയാതെ തന്നെ പീറ്റര്‍ വലന്റൈന്‍ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ അടുത്തയാളായി മാറുകയും വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധിയാര്‍ജിക്കുകയും ചെയ്തു. 

പീറ്ററിന്റെ രൂപതയില്‍ അപ്പോഴും വിഗ്രഹാരാധനയുടെ അവശേഷിപ്പുകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. എല്ലായിടത്തും കത്തോലിക്കാ വിശ്വാസം സ്ഥാപിക്കുവാനായിരുന്നു വിശുദ്ധന്റെ ആദ്യത്തെ പരിശ്രമം. വിശുദ്ധന്‍ ഒരു പ്രഭാഷണ പരമ്പര തന്നെ നടപ്പിലാക്കി. നിലവിലുണ്ടായിരുന്ന വിഗ്രഹാരാധനയുടെ അവശേഷിപ്പുകളും, സഭയില്‍ തന്നെ നിലനിന്നിരുന്ന അനാചാരങ്ങളും പൂര്‍ണ്ണമായും അദ്ദേഹം തുടച്ചു നീക്കി. 

തന്റെ പ്രഭാഷണങ്ങളിലൂടെ വിശുദ്ധന്‍ നിരന്തരമായി ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. "സാത്താനൊപ്പം ചിരിക്കുവാന്‍ ആഗ്രഹിക്കുന്നവന് ക്രിസ്തുവിനൊപ്പം ആനന്ദിക്കുവാന്‍ കഴിയുകയില്ല" എന്ന പ്രസിദ്ധമായ വാക്യം വിശുദ്ധന്‍ പറഞ്ഞിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടില്‍ റോമിനു പകരം റാവെന്നയായിരുന്നു റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ആ സഭയിലെ പ്രമുഖരായ മെത്രാപ്പോലീത്തമാരില്‍ ഒരാളായിരുന്നു വിശുദ്ധന്‍. ‘സ്വര്‍ണ്ണ വാക്കുകളുടെ മനുഷ്യന്‍’ എന്നറിയപ്പെട്ട വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ് തന്റെ മഹത്തായ പ്രഭാഷണങ്ങള്‍ വഴിയാണ് സഭയുടെ വേദപാരംഗതന്‍ എന്ന വിശേഷണത്തിനു അര്‍ഹനായത്. 

വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മരണം അടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ സ്വദേശമായ ഇമോളയിലേക്ക്‌ തിരിച്ചു പോന്നു. തന്റെ പിന്‍ഗാമിയെ വളരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണമെന്ന്‌ നിര്‍ദ്ദേശിച്ചതിന് ശേഷം ഏതാണ്ട് 450-ല്‍ ഇമോളയില്‍ വെച്ച് അദ്ദേഹം മരണമടഞ്ഞു, ഇമോളയിലെ വിശുദ്ധ കാസ്സിയാന്റെ ദേവാലയത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. 1729-ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ പാപ്പാ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

Comments