ജൂലൈ 26 : റോമിലെ വി. പരസ്‌കീവ (രണ്ടാം നൂറ്റാണ്ട്)

ആദിമക്രൈസ്തവ സഭയിലേക്ക് ആയിരക്കണക്കിനു അന്യമത ക്കാരെ ചേര്‍ത്ത സുവിശേഷപ്രവര്‍ത്തകയായിരുന്നു പരസ്‌കീവ. റോമിലെ ധനിക കുടുംബത്തില്‍ ജനിച്ച പരസ്‌കീവയുടെ മാതാ പിതാക്കള്‍ യേശുവില്‍ വിശ്വസിച്ചവരായിരുന്നു. മക്കളില്ലാത്ത വേദന വര്‍ഷങ്ങളോളം അനുഭവിച്ച പോന്ന അവര്‍ നിരന്തരം പ്രാര്‍ഥനയിലും ഉപവാസത്തിലും മുഴുകി കരഞ്ഞു പ്രാര്‍ഥിച്ചപ്പോഴാണ് ദൈവം ഒരു മകളെ അവര്‍ക്കു നല്‍കുന്നത്. മാതാപിതാക്കളുടെ പ്രത്യേക പരിലാളന പരസ്‌കീവയ്ക്കു ലഭിച്ചിരുന്നു. ധനിക കുടുംബമായിരുന്നതിനാല്‍ അക്കാലത്ത് ലഭിക്കാവുന്ന മികച്ച വിദ്യാഭ്യാസ വും അവള്‍ക്കു കിട്ടി. മാതാപിതാക്കളുടെ മരണശേഷം കുടുംബസ്വത്ത് മുഴുവന്‍ പാവങ്ങള്‍ക്കു സംഭാവനയായി നല്‍കിയശേഷം തന്റെ ജീവിതം അവള്‍ പ്രേഷിത പ്രവര്‍ത്തനത്തിനായി നീക്കി വച്ചു.റോമന്‍ ചക്രവര്‍ത്തിമാരുടെ മതപീഡനകാലമായിരുന്നു അത്. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ നിരവധി പേര്‍ രക്തസാക്ഷികളായി. അന്തോനിയസ് പയസ് റോമന്‍ ചക്രവര്‍ത്തിയാ യിരുന്നപ്പോള്‍ പരസ്‌കീവയും തടവിലാക്കപ്പെട്ടു. വിശ്വാസം തള്ളിപ്പറയാന്‍ ആവശ്യപ്പെട്ട് പീഡനങ്ങള്‍ ആരംഭിച്ചു. ചക്രവര്‍ത്തി നേരിട്ട് അവളോട് പല വാഗ്ദാനങ്ങളും നല്‍കി. എന്നാല്‍ തന്റെ വിശ്വാസത്തില്‍ പരസ്‌കീവ ഉറച്ചുനിന്നു. തിളച്ച എണ്ണയിലേക്ക് അവളെ എറിയാന്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. തിളച്ച എണ്ണയുള്ള ഒരു വലിയ പാത്രത്തിലേക്ക് പരസ്‌കീവയെ എറിഞ്ഞു. എന്നാല്‍, പരസ്‌കീവയ്ക്ക് ഒന്നും സംഭവിച്ചില്ല. വെള്ളത്തില്‍ നില്‍ക്കുന്നതു പോലെ അവള്‍ പാത്രത്തില്‍ എഴുന്നേറ്റു നിന്നു.
ചക്രവര്‍ത്തി ഇതിനു സാക്ഷിയായിരുന്നു. പരസ്‌കീവ ഒരു മന്ത്രവാദിയാണെന്നും അവള്‍ എണ്ണ തണുപ്പിച്ചുവെന്നും അയാള്‍ വിളിച്ചുപറഞ്ഞു. ഇതു കേട്ട പ്പോള്‍ പരസ്‌കീവ തന്റെ കൈയില്‍ അല്‍പം എണ്ണയെടുത്ത് ചക്രവര്‍ത്തിയുടെ മുഖത്തേക്ക് എറിഞ്ഞു. തിളച്ച എണ്ണ വീണു അയാളുടെ മുഖത്ത് പൊള്ളലേറ്റു. മുഖം വികൃതമായി. കാഴ്ചനഷ്ടപ്പെട്ടു. ചക്രവര്‍ത്തി ഉറക്കെ നിലവിളിച്ചു. തന്റെ കാഴ്ച തിരിച്ചുനല്‍കണമേ എന്ന് അയാള്‍ വിളിച്ചുപറഞ്ഞു. പരസ്‌കീവ കണ്ണടച്ച് യേശുവിനോട് പ്രാര്‍ഥിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ചക്രവര്‍ത്തിക്ക് കാഴ്ച തിരിച്ചുകിട്ടി. ഈ സംഭവത്തോടെ ക്രൈസ്തവരെ പീഡിപ്പിക്കുന്നത് അദ്ദേഹം അവസാനിപ്പിച്ചു. പരസ്‌കീവയെ മോചിപ്പിക്കുകയും ചെയ്തു. എ.ഡി. 161 ല്‍ അന്തോനിയസ് ചക്രവര്‍ത്തി മരിക്കുന്നതു വരെ മതപീഡനം ഉണ്ടായിട്ടില്ല. എന്നാല്‍ പുതിയ ചക്രവര്‍ത്തി വന്നതോടെ ക്രൈസ്തവരെ പീഡിപ്പിക്കുന്നത് വീണ്ടും വ്യാപകമായി. പരസ്‌കീവ വീണ്ടും തടവിലാക്കപ്പെട്ടു. തടവിലായിരിക്കെ റോമന്‍ ഗവര്‍ണറെ അടക്കം നിരവധി ഉദ്യോഗസ്ഥരെയും തടവുകാരെയും അവള്‍ യേശുവിന്റെ അനുയായികളാക്കിമാറ്റി. 180 ല്‍ പരസ്‌കീവയുടെ തലവെട്ടി. ആ വിശുദ്ധ മരിച്ചു

Comments