ജൂലൈ 23 : സ്വീഡനിലെ വി. ബ്രിജെറ്റ് (AD 1302-1373)

സ്വീഡനിലെ രാജകുടുംബത്തിലെ അംഗവും ഉപ്‌ലന്‍ഡിലെ ഗവര്‍ണറുമായിരുന്ന ബിര്‍ജെര്‍ പെര്‍സണിന്റെ മകളായിരുന്നു ബ്രിജെറ്റ്. സ്വീഡനിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായിരുന്നു പെര്‍സണ്‍. ബ്രിജെറ്റിന്റെ അമ്മ ഗോത്ത് രാജവംശത്തില്‍ നിന്നുള്ളവളായിരുന്നു. അവര്‍ വലിയ ഭക്തയും ദാനധര്‍മം ഏറ്റവും മഹത്തരമെന്നു തിരിച്ചറിഞ്ഞു ജീവിച്ചവളുമായിരുന്നു. ബ്രിജെറ്റ് ആദ്യമായി സംസാരിച്ചു തുടങ്ങിയത് അവള്‍ക്കു മൂന്നു വയസുള്ളപ്പോഴാണ്. അവളുടെ ആദ്യവാക്കുകള്‍ യേശു, മറിയം എന്നിങ്ങനെയായിരുന്നു.. ബ്രിജെറ്റ് വളരെ അച്ചടക്കമുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. ആരോടും വഴക്കിടാനോ കലഹിക്കാനോ അവള്‍ പോകില്ല.എപ്പോഴും പ്രാര്‍ഥനയില്‍ മുഴുകിയിരിക്കും.ഏഴു വയസു മാത്രം പ്രായമുള്ളപ്പോള്‍ അവള്‍ക്ക് ക്രൂശിതനായ യേശുവിന്റെ ദര്‍ശനമുണ്ടായി. യേശുവിന്റെ തിരുമുറിവുകളും മുള്‍മുടിയുമൊക്കെ കണ്ടപ്പോള്‍ അവള്‍ ദുഃഖിതയായി. മനുഷ്യരാശിക്കുവേണ്ടി ഈ വേദനകളൊക്കെയും സഹിച്ച യേശുവിനു വേണ്ടി താനും ജീവിക്കുമെന്ന് അവള്‍ ശപഥം ചെയ്തു. ബ്രിജെറ്റിനു പന്ത്രണ്ട് വയസുള്ളപ്പോള്‍ അവളുടെ അമ്മ മരിച്ചു. ഭക്തയായ ഒരു അമ്മായിക്കൊ പ്പമാണ് അവള്‍ പിന്നീട് ജീവിച്ചത്. തൊട്ടടുത്ത വര്‍ഷം പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ ഉള്‍ഫോ രാജകുമാരനെ വിവാഹം കഴിച്ചു. എട്ടു മക്കളുണ്ടാകുന്നതു വരെ അവര്‍ ഒന്നിച്ചു ജീവിച്ചു. ഇവരുടെ മക്കളിലൊരാളായ കാതറീനും പിന്നീട് വിശുദ്ധയായി.
എന്നാല്‍ മറ്റു ചില മക്കള്‍ ദൈവവിശ്വാസം ഇല്ലാത്തവരായാണ് വളര്‍ന്നുവന്നത്. ഇനിയുള്ള കാലം യേശുവിനു വേണ്ടി സന്യാസികളെ പോലെ ജീവിക്കാന്‍ ആ ദമ്പതികള്‍ തീരുമാനിച്ചു. തീര്‍ഥയാത്രകള്‍ ചെയ്തു. പ്രാര്‍ഥനയിലും ഉപവാസത്തിലും മുഴുകി. ഭര്‍ത്താവ് മരിച്ച ശേഷം പിന്നീടുള്ള 25 വര്‍ഷക്കാലം വിശുദ്ധ ബ്രിജെറ്റ് മകള്‍ കാതറീനൊപ്പം റോം കേന്ദ്രമാക്കി പ്രേഷിത പ്രവര്‍ത്തനം നടത്തി. ഇതിനിടയ്ക്കു ജറുസലേം അടക്കമുള്ള പല വിശുദ്ധ നഗരങ്ങളിലും സന്ദര്‍ശിച്ചു. റോമിലുള്ള സമയത്ത് അവര്‍ പ്രാര്‍ഥനയും ഉപവാസത്തിനും ഏറെ സമയം നീക്കിവച്ചു. പാവങ്ങളോടൊത്ത് ജീവിച്ചു. അവര്‍ക്കു വേണ്ടി ജോലി ചെയ്തു. ആയിരക്ക ണക്കിനാളുകളെ യേശുവിലേക്ക് അടുപ്പിക്കാനും അമ്മയ്ക്കും മകള്‍ക്കും കഴിഞ്ഞു. വിശുദ്ധ ബ്രിജെറ്റ് മരിച്ചതോടെ കാതറീന്‍ സ്വീഡനിലേക്ക് പോയി. അവിടെ തന്റെ അമ്മ തന്നെ സ്ഥാപിച്ച വാഡ്‌സ്‌റ്റേനാ മഠത്തില്‍ ബ്രിജെറ്റിന്റെ ശവസംസ്‌കാരം നടത്തി. പിന്നീട് ആ മഠത്തിന്റെ ചുമതല വഹിച്ചു അവിടെ തന്നെ കഴിഞ്ഞു. കാതറീന്റെയും ബ്രിജെറ്റിന്റെയും നാമത്തില്‍ ഒട്ടേറെ അദ്ഭുതങ്ങള്‍ നടന്നിട്ടുണ്ട്.1391 പോപ് ബോണിഫേസ് ഒന്‍പതാമന്‍ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Comments