ജൂലൈ 15 : വിശുദ്ധ ബൊനവന്തൂര

1221-ല്‍ ഇറ്റലിയിലായിരുന്നു വിശുദ്ധ ബൊനവന്തൂര ജനിച്ചത്‌. ഫ്രാന്‍സിസ്കന്‍ സന്യാസ സഭയില്‍ ചേര്‍ന്ന വിശുദ്ധന്‍ പഠനത്തിനായി പാരീസിലേക്ക്‌ പോയി. അധികം താമസിയാതെ വിശുദ്ധനെ ആ സന്യാസസഭയുടെ ജനറല്‍ ആയി നിയമിച്ചു. ശൈശവ ദിശയിലായിരുന്ന സഭയെ ഏകീകരിക്കുവാനും, ഒന്നിപ്പിക്കുവാനുമുള്ള വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹത്തെ ഫ്രാന്‍സിസ്കന്‍ സഭയുടെ രണ്ടാം സ്ഥാപകനെന്നാണ് വിശേഷിപ്പിക്കുന്നത്.



 “ബൊനവന്തൂരയില്‍ ഒരു വിശേഷപ്പെട്ട വ്യക്തിത്വത്തെ നമുക്ക്‌ കാണുവാന്‍ സാധിക്കും. വിശുദ്ധി, ബുദ്ധി, മഹത്വം എന്നിവയില്‍ അദ്ദേഹം ഏറെ പ്രസിദ്ധനായിരിന്നു. ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുവാനുള്ള കഴിവിനാല്‍ സമ്മാനിതനായിരുന്നു അദ്ദേഹം, മര്യാദയുള്ളവനും, ദൈവ ഭക്തനും, കാരുണ്യമുള്ളവനും, നന്മകളാല്‍ സമ്പന്നനും, എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്നു. കാണുന്നവര്‍ അദ്ദേഹത്തില്‍ ആകൃഷ്ടരാകത്തക്കവിധം ദൈവം അദ്ദേഹത്തിനു ഒരു മനോഹാരിത നല്‍കിയിട്ടുണ്ടായിരുന്നു.” ഈ വാക്കുകളാലാണ് ലയോണ്‍സ് സുനഹദോസിലെ ചരിത്രകാരന്‍ വിശുദ്ധ ബൊനവന്തൂരയെ കുറിച്ചുള്ള വിവരണം ഉപസംഹരിക്കുന്നത്. 

യുവത്വത്തില്‍ തന്നെ വിശുദ്ധന്‍ ഒരു നല്ല അധ്യാപകനും, ശക്തനായ സുവിശേഷകനുമായിരുന്നു. തങ്ങളുടെ സഭയുടെ രണ്ടാം സ്ഥാപകനെന്ന നിലയില്‍ വിശുദ്ധനെ പരിഗണിക്കുന്ന ഫ്രാന്‍സിസ്കന്‍ സഭയുടെ ഉന്നത പദവിയില്‍ തന്റെ 36-മത്തെ വയസ്സില്‍ത്തന്നെ വിശുദ്ധന്‍ അവരോധിതനായി. ലയോണ്‍സിലെ സുനഹദോസില്‍ ഒരു പ്രധാനപ്പെട്ട വ്യക്തിത്വമായിരുന്നു വിശുദ്ധന്‍. അദ്ദേഹത്തിന്റെ നന്മയും, ബുദ്ധിയും, പല വിഷയങ്ങളിലുള്ള വൈദഗ്ദ്യവും, മൃദുവായ സ്വഭാവവും മൂലമാണ് ഗ്രീക്ക് സഭ അനായാസേന ലത്തീന്‍ സഭയുമായി ഐക്യത്തിലായത്‌. 

വിശുദ്ധ ബൊനവന്തൂര ഒരു സൂക്ഷ്മബുദ്ധിയുള്ള പണ്ഡിതനും, യോഗിയുമായിരുന്നു. വിശുദ്ധന്റെ ആത്മജ്ഞാനത്താല്‍ അദ്ദേഹം “ദൈവദൂതനെപോലെയുള്ള അദ്ധ്യാപകന്‍” (Seraphic Teacher) എന്നാണു അറിയപ്പെട്ടിരുന്നത്. തത്വശാസ്ത്രത്തില്‍ ഫ്രാന്‍സിസ്കന്‍ തത്വശാസ്ത്ര വിഭാഗമായ പ്ലേറ്റോണിക്ക്-അഗസ്റ്റീനിയന്‍ തത്വശാസ്ത്ര വിഭാഗത്തിന്റെ മുഖ്യ നായകനായിരുന്നു വിശുദ്ധന്‍; ആശയപരമായ രംഗത്ത്‌ വിശുദ്ധ ബൊനവന്തൂര, വിശുദ്ധ തോമസ്‌ അക്വിനാസിന്റെ ഒരു പ്രതിയോഗിയായിരുന്നു. അക്കാലത്ത് പരക്കെ വ്യാപിച്ചിരുന്ന അരിസ്റ്റോട്ടില്‍ ആശയങ്ങള്‍ക്കെതിരെ വിശുദ്ധന്‍ ശക്തമായി നിലകൊണ്ടു. വിശുദ്ധ ബൊനവന്തൂര രചിച്ച “വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതം” എന്ന ഗ്രന്ഥം മധ്യകാലഘട്ടങ്ങളിലെ ഒരു ജനസമ്മതിയാര്‍ജ്ജിച്ച ഗ്രന്ഥമായിരുന്നു. 

വിശുദ്ധ ബൊനവന്തൂരുനേക്കാള്‍ കൂടുതലായി സുമുഖനും, ദൈവീകതയുള്ളവനും, അറിവുള്ളവനും മറ്റാരുമില്ല എന്നാണ് സമകാലികര്‍ പോലും വിശ്വസിച്ചിരുന്നത്. ഗ്രീക്ക്, ലത്തീന്‍ സഭകള്‍ തമ്മിലുള്ള ഐക്യം ലക്ഷ്യമിട്ടു കൊണ്ടുള്ള ലയോണ്‍സ് സുനഹദോസിനിടക്ക്‌ 1274-ല്‍ ലയോണ്‍സില്‍ വെച്ചാണ് വിശുദ്ധന്‍ മരണമടയുന്നത്. ഡാന്റെ തന്റെ ‘പാരഡൈസ്’ എന്ന ഗ്രന്ഥത്തില്‍ സ്വര്‍ഗ്ഗീയ നിവാസികളുടെ പട്ടികയില്‍ വിശുദ്ധന്റെ നാമം കൂടി ചേര്‍ത്തിട്ടുണ്ട്.

Comments