ആഗസ്റ്റ്‌ 1 : വി. അല്‍ഫോന്‍സസ് മരിയ ലിഗോരി

ഒരു വിശുദ്ധനെന്ന നിലയ്ക്കു മാത്രമല്ല, അല്‍ഫോന്‍സസ് മരിയ ലിഗോരി നമുക്ക് മാതൃകയാവേണ്ടത്. ഒരു നിമിഷം പോലും ജീവിതത്തില്‍ പാഴാക്കിക്കളയില്ല എന്നു കഠിനമായ ശപഥം എടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. ജീവിച്ചിരുന്ന 91 വര്‍ഷങ്ങളില്‍ അദ്ദേഹം അതു തെളിയിക്കുകയും ചെയ്തു. ഇറ്റലിയിലെ കുലീനവും ധനികവുമായ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച അല്‍ഫോന്‍സസ് അസാമാന്യ ബുദ്ധിശക്തിയും സാമര്‍ഥ്യവുമുള്ള ഒരു ബാലനായിരുന്നു. പഠനത്തില്‍ സമര്‍ഥനായിരുന്ന അദ്ദേഹം 16-ാം വയസില്‍ നേപ്പിള്‍സ് സര്‍വകലാശാലയില്‍ നിന്നു നിയമബിരുദമെടുത്തു. 21-ാം വയസു മുതല്‍ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.ഏതു കേസ് എടുത്താലും പൂര്‍ണമായി പഠിച്ച് മാത്രമേ അദ്ദേഹം കോടതിയിലെത്തിയിരുന്നുള്ളു. തന്റെ വാക്ചാതുര്യവും കഴിവും അദ്ദേഹത്തിന് എല്ലാ കേസുകളിലും വിജയം നേടിക്കൊടുത്തു. ഈശ്വരവിശ്വാസം തന്റെ വിജയത്തിന്റെ നെടുംതൂണാണെന്ന് അല്‍ഫോന്‍സസ് വിശ്വസിച്ചിരുന്നു. എന്നും രാവിലെ ദേവാലയത്തിലെത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമേ അദ്ദേഹം കോടതിയിലേക്ക് പോയിരുന്നുള്ളു. തന്റെ കഴിവില്‍ അമിതമായ ആത്മവിശ്വാസം കൈവന്നതോടെ ഒരിക്കല്‍ അദ്ദേഹം കേസിന്റെ സുപ്രധാനമായ ഒരു രേഖ വായിച്ചുമനസിലാക്കാന്‍ മെനക്കെടാതെയാണ് കോടതിയിലെത്തിയത്. എതിര്‍ഭാഗം വക്കീല്‍ ആ രേഖ കണ്ടിരുന്നു. ഫലം, ആദ്യമായി അല്‍ഫോന്‍സസിന്റെ ഒരു കേസ് പരാജയപ്പെട്ടു. ഈ പരാജയം അദ്ദേഹത്തിന്റെ ജീവിത്തില്‍ വഴിത്തിരിവായി. പൂര്‍ണമായും യേശുവിനു വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പൗരോഹിത്യം പഠിച്ചു. 29-ാം വയസില്‍ അദ്ദേഹം പൂരോഹിതനായി. അല്‍ഫോന്‍സസിന്റെ പിതാവ് ലിഗോരിക്ക് മകന്റെ ഈ തീരുമാനത്തോട് എതിര്‍പ്പായിരുന്നു.

എന്നാല്‍, ഒരിക്കല്‍ മകന്റെ സുവിശേഷപ്രസംഗം അദ്ദേഹം കേള്‍ക്കാനിടയായി. ''മകനെ, എനിക്ക് ദൈവസ്‌നേഹം മനസിലാക്കിതരുവാന്‍ നിനക്ക് സാധിച്ചു. നിന്റെ പ്രേഷിതപ്രവര്‍ത്തനത്താല്‍ ഞാന്‍ അനുഗ്രഹീതനായിരിക്കുന്നു'' എന്നാണ് ആ പിതാവ് അല്‍ഫോന്‍സസിനോട് പറഞ്ഞത്. കര്‍ശനമായ ചിട്ടകളും ഉപവാസവും അനുഷ്ഠിച്ചിരുന്ന അല്‍ഫോന്‍സസ് തന്റെ പ്രസംഗങ്ങളിലൂടെ നിരവധി പേരെ ദൈവത്തിലേക്ക് അടുപ്പിച്ചു. വളരെ ലളിതമായിച്ച കഥകളും ഉപമകളും നിറച്ച്ച്ച അദ്ദേഹം യേശുവിനെക്കുറിച്ച് പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ ജനം തടിച്ചുകൂടി. നിരവധി സന്യാസസഭകള്‍ക്കും അദ്ദേഹം തുടക്കമിട്ടു. 1731ല്‍ അദ്ദേഹം രക്ഷകന്റെ സഭ സ്ഥാപിച്ചു. 1762 ല്‍ അദ്ദേഹത്തിനു മെത്രാന്‍പദവി ലഭിച്ചു. 111 പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. 'പരിശുദ്ധ കന്യാമറിയത്തിന്റെ മഹത്വങ്ങള്‍', 'വി. കുര്‍ബാനയുടെ സന്ദര്‍ശനങ്ങള്‍' തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഏറെ പ്രസിദ്ധമായിരുന്നു. അല്‍ഫോന്‍സസ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ 'വി. കുര്‍ബാനയുടെ സന്ദര്‍ശനങ്ങള്‍' എന്ന പുസ്തകത്തിന്റെ 41 പതിപ്പുകളിറങ്ങി. 1839 ല്‍ പോപ് ഗ്രിഗറി പതിനാറാമന്‍ അല്‍ഫോന്‍സസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments