ജൂണ്‍ 6 : വി നോര്‍ബെര്‍ട്ട് (1080-1134)

ജര്‍മനിയിലെ ഒരു കുലീന രാജകുടുംബത്തിലാണ് നോര്‍ബെര്‍ട്ട് ജനിച്ചത്. രാജകീയ സുഖസൗകര്യങ്ങളില്‍ മതിമറന്നു ജീവിച്ചിരുന്ന നോര്‍ബെര്‍ട്ടിനെ വിശുദ്ധിയുടെ പാതയിലേക്ക് തിരിച്ചുവിട്ടത് ദൈവം തന്നെയായിരുന്നു. പുരോഹിതനാകാന്‍ വേണ്ടി ഇറങ്ങിത്തി രിച്ചെങ്കിലും അത് യേശുവിലുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്നു കൊണ്ടായിരുന്നില്ല, മറിച്ച്, ഒരു ജോലി എന്ന നിലയ്ക്കായിരുന്നു. പുരോഹിതനായാല്‍ തന്റെ സുഖസൗകര്യങ്ങള്‍ക്കു നിയന്ത്രണം വരുത്തേണ്ടിവരുമെന്ന് മനസിലാക്കിയപ്പോള്‍ പഠനം പാതിവഴിയില്‍ നിറുത്തുകയും ചെയ്തു. ഒരിക്കല്‍ നോര്‍ബെര്‍ട്ട് ഒരു കുതിരയുടെ പുറത്ത് കയറി യാത്ര ചെയ്യുമ്പോള്‍ ഒരു അപകടമുണ്ടാവുകയും മരണം മുന്നില്‍ കാണുകയും ചെയ്തു.



കുതിരപ്പുറത്തു നിന്നു വീണ് ബോധമില്ലാതെ മണിക്കൂറുകള്‍ വഴിയില്‍ കിടന്നു. ബോധം തിരികെ കിട്ടിയപ്പോള്‍ തനിക്കു ദൈവം തന്ന ജീവനാണ് എന്ന ബോധ്യപ്പെട്ട് ഉറച്ചവിശ്വാസത്തോടെ യേശുവിലേക്ക് മടങ്ങുകയും ചെയ്തു. അന്നുമുതല്‍ പുതിയൊരു ജീവിതത്തിനു തുടക്കമായി. രോമച്ചട്ട ധരിച്ചു. പ്രാര്‍ഥനകളും ഉപവാസവുമായി അടച്ചിട്ട മുറിയില്‍ കഴിഞ്ഞു. പിന്നീട് പുരോഹിതനായ ശേഷം തന്റെ പ്രസംഗങ്ങളിലൂടെ നിരവധി പേരെ ക്രിസ്തുവിന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചു. സുവിശേഷപ്രസംഗത്തിനുള്ള ഒരു അവസരം പോലും അദ്ദേഹം പാഴാക്കുമായിരുന്നില്ല.
തന്റെ സന്യാസ സഭയില്‍ ഒട്ടെറെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും നോര്‍ബെര്‍ട്ട് ശ്രമിച്ചു. പലതിലും അദ്ദേഹം വിജയം കണ്ടു. പിന്നീട് നോര്‍ബെര്‍ട്ടിന്റെ നേതൃത്വത്തില്‍ പുതിയൊരു സന്യാസ സഭയ്ക്കും തുടക്കംകുറിച്ചു. ദേവാലയചുമതലകള്‍ മാത്രം നിര്‍വഹിക്കുന്ന സാധാരണ വൈദികരില്‍ നിന്നു വ്യത്യസ്തമായ പുതിയൊരു ശൈലി രൂപപ്പെടുത്തിയെടുത്ത് പുരോഹിത ര്‍ക്കു മുഴുവന്‍ മാതൃകയാകാനും നോര്‍ബെര്‍ട്ടിനു കഴിഞ്ഞു. സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തിരഞ്ഞുപിടിച്ച് അവരോടു സംസാരിച്ച് നേര്‍വഴിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം പ്രത്യേക താത്പര്യം എടുത്തിരുന്നു. 1134 ല്‍ അദ്ദേഹം മരിച്ചു. പോപ് ഗ്രിഗറി പതിമൂന്നാമന്റെ കാലത്ത് 1582ല്‍ നോര്‍ബെര്‍ട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments