ജൂണ്‍ 16 : വിശുദ്ധ ലുത്ഗാര്‍ഡിസ് (AD 1182- 1246)

മോടിയായി വസ്ത്രങ്ങളണിഞ്ഞു നടക്കുവാന്‍ മാത്രം ആഗ്രഹിച്ച നെതര്‍ലന്‍ഡ്‌സിലെ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു ലൂത്ഗാര്‍ഡിസ്. പരിശുദ്ധ ഹൃദയത്തിന്റെ ലൂത്ഗാര്‍ഡ് എന്നു പിന്നീട് അറിയപ്പെട്ട ഈ വിശുദ്ധ കന്യാസ്ത്രീയായത് വിവാഹജീവിതം സാധ്യമല്ല എന്നതുകൊണ്ടു മാത്രമായിരുന്നു. പന്ത്രണ്ടാം വയസില്‍ അവള്‍ ബെനഡിക്ടന്‍ സന്യാസിനി സഭയില്‍ ചേര്‍ന്നു. ലൂത്ഗാര്‍ഡിസിന്റെ വിവാഹത്തിനു സ്ത്രീധനമായി മാറ്റിവച്ചിരുന്ന തുക നഷ്ടപ്പെട്ടു പോയതിനാല്‍ ഇനി ഒരു വിവാഹജീവിതം സാധ്യമല്ല എന്ന ചിന്തയിലാണ് കന്യാസ്ത്രീയായത്.



ആത്മീയമായ മറ്റൊരു വിളിയും അവള്‍ക്കുണ്ടായിരുന്നില്ല. ലൂത്ഗാര്‍ഡിന് ഏതാണ്ടു പത്തൊന്‍പതു വയസ് പ്രായമായപ്പോള്‍ ഒരു ദിവസം അവള്‍ക്ക് യേശുവിന്റെ ദര്‍ശനമുണ്ടായി. തന്റെ ശരീരത്തിലെ അഞ്ചു തിരുമുറിവുകള്‍ യേശു അവള്‍ക്കു കാണിച്ചു കൊടുത്തു. ഈ സംഭവത്തോടെ ലൂത്ഗാര്‍ഡിന്റെ ജീവിതം മാറിമറിഞ്ഞു. പ്രാര്‍ഥനകള്‍ ക്കിടയ്ക്ക് യേശുവിന്റെ ദര്‍ശനം പിന്നീട് പലപ്പോഴും അവള്‍ക്കു ലഭിച്ചു. യേശുവിന്റെ പോലെയുള്ള ക്ഷതങ്ങള്‍ അവളുടെ ശരീരത്തിലും പ്രത്യക്ഷപ്പെട്ടു. തലമുടികള്‍ക്കിടയില്‍ നിന്നു ചിലപ്പോള്‍ രക്തം ഒഴുകുമായിരുന്നു. ബെനഡിക്ടയിന്‍ സഭയിലെ നിയമങ്ങള്‍ അത്ര കര്‍ശനമായിരുന്നില്ല. കൂടുതല്‍ ത്യാഗവും വേദനയും സഹിക്കുവാന്‍ അവള്‍ തയാറായിരുന്നു.
വിശുദ്ധ ക്രിസ്റ്റീനയുടെ ഉപദേശത്തെ തുടര്‍ന്ന് ബെല്‍ജിയത്തില്‍ സിസ്‌റ്റേറിയന്‍ സഭയില്‍ ചേര്‍ന്നു. പിന്നീടുള്ള 30 വര്‍ഷക്കാലം അവിടെയാണ് അവള്‍ ജീവിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ പല അദ്ഭുതപ്രവര്‍ത്തികളും ലൂത്ഗാര്‍ഡിസ് ചെയ്തു. പലരെയും സുഖപ്പെടുത്തി. സംഭവങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചു. അവളുടെ പ്രസംഗം കേട്ടവരൊക്കെയും യേശുവില്‍ അലിഞ്ഞുചേര്‍ന്നു. മരിക്കുന്നതിനു മുന്‍പുള്ള പതിനൊന്നു വര്‍ഷം അവള്‍ പൂര്‍ണമായും അന്ധയായി ആണു ജീവിച്ചത്. അവളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ഇത് ഒരു ദൈവാനുഗ്രഹമായാണ് ലൂത്ഗാര്‍ഡിസ് കണ്ടത്. ലോകവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് അവള്‍ യേശുവിനെ മാത്രം ധ്യാനിച്ചു. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിന്റെ പിറ്റേന്ന് അവള്‍ മരിച്ചു.

Comments