ചില നാടോടികഥകളില്‍ കാണുന്ന ദുഷ്ടയായ രണ്ടാനമ്മ. അവരുടെ പീഡനങ്ങളേറ്റുവാങ്ങുന്ന സാധുവായ പെണ്‍കുട്ടി. ജെര്‍മാനിയയുടെ ജീവിതം ഇത്തരം നാടോടികഥകളുടെ തനിയാവര്‍ത്തനമായിരുന്നു. കര്‍ഷകനായ ലോറന്റ് കസിന്‍ എന്നയാളുടെ മകളായിരുന്നു ജെര്‍മാനിയ. ജനിച്ച് അധികം ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പു തന്നെ അമ്മയെ നഷ്ടമായി. പിഞ്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ മാറാരോഗം പിടിപ്പെടുകയും വലത്തെ കൈയുടെ സ്വാധീനം നഷ്ടപ്പെടുകയും ചെയ്തു. ലോറന്റ് രണ്ടാമതും വിവാഹം കഴിച്ചു. ദുഷ്ടയായ രണ്ടാനമ്മയുടെ പീഡനമായിരുന്നു പിന്നീട്. വീടിനോടു ചേര്‍ന്നുള്ള ഇടുങ്ങിയ ഒരു കുതിരാലയത്തിലാണു ജെര്‍മാനിയയ്ക്കു രണ്ടാനമ്മ അന്തിയുറങ്ങാന്‍ സ്ഥലം കൊടുത്തിരുന്നത്. വയ്‌ക്കോല്‍ വിരിച്ചു നിലത്താണ് അവള്‍ ഉറങ്ങിയത്.
ഭക്ഷണം വല്ലപ്പോഴും മാത്രമേ കിട്ടിയുള്ളു. നിസാരകുറ്റങ്ങള്‍ ചുമത്തി ക്രൂരമായി പീഡിപ്പിക്കാനും ആ സ്ത്രീ ശ്രമിച്ചു. ഒരിക്കല്‍ തിളച്ച വെള്ളമെടുത്ത് അവളുടെ മുഖത്തേയ്ക്ക് ഒഴിച്ചു. ജെര്‍മാനിയയ്ക്കു ഒന്‍പതു വയസു പ്രായമായപ്പോള്‍ അവളെ ആടുകളെ മേയ്ക്കാന്‍ പറഞ്ഞു വിട്ടു. പ്രാര്‍ഥനായിരുന്നു ഈ സമയത്ത് പ്രധാനമായി അവള്‍ ചെയ്തിരുന്നത്. എല്ലാ വേദനകളും ആ പിഞ്ചുമനസ് യേശുവിനു സമര്‍പ്പിച്ചു. എല്ലാ ദിവസവും വി. കുര്‍ബാന കാണുക, ജപമാല ചൊല്ലുക തുടങ്ങിയ കാര്യങ്ങളൊന്നും ജെര്‍മാനിയ മുടക്കിയില്ല. ആടുകളെ മേയാന്‍ വിട്ടശേഷം അവള്‍ ദേവാലയത്തില്‍ പോകുമായിരുന്നു. ഈ സമയത്ത്, ആടുകളെ കൂട്ടംതെറ്റാതെ സംരക്ഷിക്കാന്‍ മാലാഖമാര്‍ അവള്‍ക്കു തുണയായി. ഒരിക്കല്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സമയം വൈകിയപ്പോള്‍ ഒരു വലിയ നദിയുടെ മുകളിലൂടെ നടന്ന് അവള്‍ അക്കരെയെത്തിയതായി വിശ്വസിക്കപ്പെടുന്നു.
വല്ലപ്പോഴും മാത്രമേ ഭക്ഷണം ലഭിച്ചിരുന്നുള്ളുവെങ്കിലും ആ കിട്ടുന്ന ഭക്ഷണം പോലും പാവപ്പെട്ടവര്‍ക്കു കൊടുക്കാന്‍ അവള്‍ താത്പര്യമെടുത്തു. അവള്‍ക്കു ചുറ്റും കൂട്ടുകാരെ പോലെ എത്തിയ കുട്ടികളെയെല്ലാം ജെര്‍മാനിയ യേശുവിനെ കുറിച്ചു പഠിപ്പിച്ചു. ഒരിക്കല്‍, അപ്പം മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി രണ്ടാനമ്മ അവളെ വലിയൊരു വടികൊണ്ടു മര്‍ദ്ദിക്കുവാന്‍ തുടങ്ങി. നാട്ടുകാര്‍ എല്ലാവരും നോക്കി നില്‍ക്കെയായിരുന്നു ഇത്. ജെര്‍മാനിയ പ്രാര്‍ഥിച്ചുകൊണ്ടു തന്റെ മേല്‍വസ്ത്രം അഴിച്ചു. ഉടനെ അവള്‍ക്കു ചുറ്റും പൂക്കള്‍ വര്‍ഷിക്കപ്പെട്ടു. ഇതു കണ്ടുനിന്നവരെല്ലാം അവളുടെ വിശുദ്ധി അംഗീകരിക്കുകയും അവളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഈ സംഭവത്തോടെ അവളുടെ മാതാപിതാക്കള്‍ ജെര്‍മാനിയയെ തിരികെ വീട്ടിലേക്കു ക്ഷണിച്ചു. എന്നാല്‍, പഴയ കുതിരാലയത്തില്‍ തന്നെ കിടന്നുകൊള്ളാമെന്ന് അവള്‍ മറുപടി പറഞ്ഞു. 1601 ല്‍ ഒരു ദിവസം തന്റെ താമസസ്ഥലത്ത് മരിച്ച നിലയില്‍ ജെര്‍മാനിയയെ കണ്ടെത്തി. ജെര്‍മാനിയയുടെ മാധ്യസ്ഥതയില്‍ നാനൂറിലേറെ അദ്ഭുതങ്ങള്‍ സംഭവിച്ചു. എല്ലാവിധ രോഗങ്ങളും സുഖപ്പെട്ടു. 1867ല്‍ പോപ്പ് പയസ് ഒന്‍പതാമന്‍ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.
Comments
Post a Comment