മെയ്‌ 6 : വാഴ്ത്തപ്പെട്ട അന്ന റോസ ഗറ്റോര്‍നോ (1831-1900)

വളരെ സമ്പന്നവും എന്നാല്‍, യേശുവിന്റെ വിശ്വാസികളുമായിരുന്ന ഇറ്റലിയിലെ ജനോയിലുള്ള ഒരു കുടുംബത്തിലാണ് റോസ ജനിച്ചത്. റോസ മരിയ ബെനഡിക്ട എന്നായിരുന്നു അവരുടെ യഥാര്‍ഥ പേര്. അച്ഛന്‍ ഫ്രാന്‍സെസോ വളരെ സമ്പന്നനായിരുന്നതിനാലും അവരുടെ കുടുംബം സമൂഹത്തില്‍ വളരെ ഉന്നതസ്ഥാനം വഹിച്ചിരുന്നതിനാലും വീട്ടില്‍ തന്നെയായിരുന്നു റോസിന്റെ വിദ്യാഭ്യാസം. വീട്ടിലെത്തി അധ്യാപകര്‍ അവളെ പഠിപ്പിച്ചു. ബാല്യകാലം മുതല്‍ തന്നെ യേശുവിനെക്കുറിച്ച് മാതാപിതാക്കളില്‍ നിന്ന് അവള്‍ അറിഞ്ഞിരുന്നുവെങ്കിലും ഒരു ക്രൈസ്തവ പെണ്‍കുട്ടി എന്നതിലപ്പുറം ആഴത്തിലുള്ള ഒരു ബന്ധം യേശുവിനോട് അവള്‍ക്കുണ്ടായിരുന്നില്ല. 1852ല്‍ ജെറോലമോ കുസ്‌തോ എന്ന യുവാവിനെ അന്ന വിവാഹം കഴിച്ചു. അവരുടെ ജീവിതം സന്തുഷ്ടമായിരുന്നു. എങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഏറെ നേരിടേണ്ടി വന്നു.



ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അവര്‍ക്ക് ഒരു കുട്ടിയുണ്ടായി. എന്നാല്‍, അവന്‍ ജന്മനാ മൂകനും ബധിരനുമായിരുന്നു. അതോടെ, അവള്‍ മാനസികമായി തകര്‍ന്നു. പിന്നീട് രണ്ടു കുട്ടികള്‍ കൂടി ഈ ദമ്പതികള്‍ക്കു ജനിച്ചു. അന്നയുടെ വിവാഹം കഴിഞ്ഞ് ആറാം വര്‍ഷം ജെറോലമോ രോഗബാധിതനായി. ചികിത്സകള്‍ ഏറെ നടത്തിയെങ്കിലും അയാള്‍ മരിച്ചു. മൂന്നു കുട്ടികളെ വളര്‍ത്തുന്നതിന്റെ ബുദ്ധിമുട്ടുകള്‍. ജീവിതം മുന്നോട്ടു നീക്കാന്‍ അന്ന ഏറെ ബുദ്ധിമുട്ടി. ഇതിനിടയ്ക്കു കൂനിന്‍മേല്‍ കുരു പോലെ ഇളയ കുട്ടിക്ക് മാറാരോഗം പിടിപ്പെടുകയും ചികിത്സകള്‍ ഫലിക്കാതെ മരിക്കുകയും ചെയ്തു. ആരായാലും ദൈവത്തെ ശപിച്ചു പോകും. യേശുവില്‍ വിശ്വസിച്ച്, അവിടുത്തെ മാര്‍ഗത്തിലൂടെ സഞ്ചരിച്ചിട്ടും അവള്‍ക്കു കിട്ടയത് വേദനകള്‍ മാത്രമാണ്. എന്നാല്‍, അവള്‍ ദൈവത്തെ കുറ്റപ്പെടുത്തിയില്ലï. ജീവിതത്തോടു മടുപ്പ് തോന്നിയില്ല. അവള്‍ യേശുവിനെ കൂടുതല്‍ സ്‌നേഹിക്കുകയാണ് ചെയ്തത്. തന്റെ ജീവിതാനുഭവങ്ങള്‍ തനിക്കുള്ള ദൈവത്തിന്റെ പാഠങ്ങളായി അവള്‍ കണ്ടു.
വേദനയും പട്ടിണയും ഒറ്റപ്പെടുത്തലുമെല്ലാം അനുഭവിച്ചിട്ടും മറ്റുള്ളവര്‍ ഇതിനെക്കാള്‍ എത്രയോ വേദനകള്‍ സഹിക്കുന്നുണ്ട് എന്നാണ് അന്ന ചിന്തിച്ചത്. പാവങ്ങളെ സഹായിക്കുവാനും അവര്‍ക്കു വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കാനും അവള്‍ ആഗ്രഹിച്ചു. അതേസമയം തന്നെ, തന്റെ മക്കളുടെ ഭാവിയെക്കുറിച്ച് അവള്‍ ആകുലയായിരുന്നു. സ്വന്തമായി ഒരു സന്യാസിനി സമൂഹത്തിനു രൂപം കൊടുക്കാനുള്ള ആഗ്രഹം അവള്‍ മനസിലിട്ടു നടന്നു. 1866ല്‍ പോപ് പയസ് ഒന്‍പതാമനെ കണ്ടു തന്റെ ആഗ്രഹങ്ങളും തന്റെ ബലഹീനതകളും അവള്‍ വിവരിച്ചു. സന്യാസിനി സമൂഹത്തിനു തുടക്കം കുറിക്കാനായിരുന്നു പോപ്പും നിര്‍ദേശിച്ചത്. വൈകാതെ, പരിശുദ്ധ കന്യാമറിയത്തിന്റെ അമ്മയായ അന്നയുടെ നാമത്തില്‍ ഒരു ആരാധനാ സമൂഹത്തിന് റോസ് തുടക്കമിട്ടു. അതോടെ അന്ന റോസ എന്ന പേര് സ്വീകരിച്ചു. പാവങ്ങള്‍ക്കും രോഗികള്‍ക്കുമൊപ്പം അവരെപ്പോലെ ജീവിക്കുക എന്നതായിരുന്നു ആ സന്യാസിനി സമൂഹത്തിന്റെ അടിസ്ഥാന ലക്ഷ്യം. അവര്‍ ചെയ്ത പ്രേഷിതപ്രവര്‍ത്തനങ്ങള്‍ പെട്ടെന്നു തന്നെ ജനശ്രദ്ധ നേടി. അന്ന റോസ മരിക്കുമ്പോള്‍ വിവിധ രാജ്യങ്ങളിലായി 368 സന്യാസിനി മഠങ്ങള്‍ ഇവരുടെ കീഴിലായി സുവിശേഷ പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. 1900ലാണ് റോസ് മരിച്ചത്. കൃത്യം നൂറു വര്‍ഷങ്ങള്‍ക്കു ശേഷം, 2000ത്തില്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ റോസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

Comments