മെയ്‌ 3 : വി. പീലിപ്പോസ് ശ്ലീഹ (എ.ഡി. 80)

യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു പീലിപ്പോസ്. മറ്റൊരു ശിഷ്യനായിരുന്ന പത്രോസിന്റെ സ്‌നേഹിതനായിരുന്നു അദ്ദേഹം. ബേത്‌സയ്ദായിലാണ് പീലിപ്പോസ് ജനിച്ചത്. പത്രോസിനെപ്പോലെ തന്നെ, മല്‍സ്യബന്ധനമായിരുന്നു പീലിപ്പോസിന്റെയും തൊഴില്‍. വിവാഹിതനും ധാരാളം പെണ്‍മക്കളുടെ അച്ഛനുമായിരുന്നെങ്കിലും യേശുവിന്റെ പിന്നാലെ ഒരു മടിയും കൂടാതെ ഇറങ്ങിത്തിരിച്ച ശിഷ്യനാണ് അദ്ദേഹം.



യേശുവിനെ അനുഗമിക്കുന്നതിനു മുന്‍പ് പീലിപ്പോസ് സ്‌നാപകയോഹന്നാന്റെ ശിഷ്യനായിരുന്നുവെന്ന് കരുതപ്പെടുന്നു. ഒരു ദിവസം ഈശോ ഗലീലിയയിലേക്കു പോകുമ്പോള്‍ പീലിപ്പോസിനെ കാണുകയും തന്റെ പിന്നാലെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 'എന്നെ അനുഗമിക്കുക' എന്ന് ഈശോ ആദ്യമായി പറഞ്ഞത് പീലിപ്പോസിനോടായിരുന്നു. അതുകൊണ്ടു തന്നെ, ഈശോ കണ്ടെത്തിയ ശിഷ്യന്‍ എന്നാണ് പീലിപ്പോസ് അറിയപ്പെടുന്നത്. മറ്റുള്ളവരെല്ലാം അവിടുത്തെ പിന്നാലെ പോകുകയായിരുന്നുവല്ലോ. യോഹന്നാന്റെ സുവിശേഷത്തിലാണ് പീലിപ്പോസിനെപ്പറ്റി ഏറെ പരാമര്‍ശങ്ങളുള്ളത്. മറ്റ് സുവിശേഷങ്ങളില്‍ പേരു പറഞ്ഞു പോയിട്ടുണ്ടെന്നു മാത്രം. നഥാനിയേലിനോട് യേശുവിനെ അനുഗമിക്കാന്‍ ആഹ്വാനം ചെയ്യുന്ന പീലിപ്പോസിനെ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തില്‍ കാണാം.

ഈശോയുടെ അടുത്തേക്കു നഥാനിയേലിനെ അദ്ദേഹം കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഈശോ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിപ്പോറ്റുന്ന സന്ദര്‍ഭത്തിലും പീലിപ്പോസ് കടന്നുവരുന്നു. ''എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ഇരുന്നൂറു ദനാറയെങ്കിലും വേണ്ടിവരും'' എന്ന് പീലിപ്പോസ് ഈശോയോട് പറയുന്നുണ്ട്. അന്ത്യത്താഴവേളയില്‍ 'കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണമേ' എന്നപേക്ഷിക്കുന്നതും പീലിപ്പോസാണ്. ''ഇത്രയും കാലം ഞാന്‍ നിങ്ങളോടുകൂടിയായിരുന്നിട്ടും പീലിപ്പോസെ, നീ എന്നെ അറിയുന്നില്ല. എന്നെ കാണുന്നവന്‍ എന്റെ പിതാവിനെയും കാണുന്നു'' എന്നാണ് ഈശോ ഇതിനു മറുപടി പറയുന്നത്. നടപടി പുസ്തകത്തിലും പീലിപ്പോസിനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. സമരിയായിലും ഗ്രീസിലും ഏഷ്യയിലെ ഹീരാപ്പോളിസിലുമൊക്കെ സുവിശേഷം പ്രസംഗിച്ച പീലിപ്പോസ് ഹീരോപ്പോളിസില്‍ വച്ചാണ് മരിക്കുന്നത്. ക്രിസ്തുവര്‍ഷം എണ്‍പതിനോടടുത്തായിരുന്നു അത്. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനകാലം. ഹീരാപ്പോളിസില്‍ ഒരു രാജാവ് ഉണ്ടായിരുന്നില്ല. റോമന്‍ ഗവര്‍ണറുടെ കീഴിലായിരുന്നു ആ രാജ്യത്തിന്റെ ഭരണം.

ക്രിസ്തുമതത്തെ നഖശിഖാന്തം എതിര്‍ക്കുകയും ക്രൈസ്തവരെ പീഡിപ്പിക്കുകയും ചെയ്തിരുന്ന ക്രൂരനായ ഗവര്‍ണറായിരുന്നു അയാള്‍. ഒരിക്കല്‍ ഗവര്‍ണറുടെ ഭാര്യക്കു മാറാരോഗം പിടിപ്പെട്ടു. പീലിപ്പോസ് അവിടെയെത്തുകയും അദ്ദേഹത്തിന്റെ പ്രാര്‍ഥനയാല്‍ രോഗം സുഖപ്പെടുകയും ചെയ്തു. എന്നാല്‍, ഗവര്‍ണര്‍ ഇതോടെ കൂടുതല്‍ ക്ഷുഭിതനാകുകയാണ് ചെയ്തത്. അയാള്‍ പീലിപ്പോസിനെ തടവിലാക്കി. കാലിന്റെ കണ്ണയിലും തുടയിലും ദ്വാരങ്ങളുണ്ടാക്കി തലകീഴായി തൂക്കിയിട്ടു പീഡിപ്പിച്ചശേഷമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. പീലിപ്പോസിന്റെ അവസാന വാക്കുകള്‍ ഇങ്ങനെയായിരുന്നു: ''നിന്റെ മഹത്വപൂര്‍ണമായ വസ്ത്രം എന്നെ അണിയിക്കുക. ഈ ലോകത്തിന്റെ ഭരണാധിപന്മാരെയും പൈശാചിക ശക്തികളെയും എതിര്‍ത്തു തോല്‍പിക്കും വരെ എന്നും വിളങ്ങുന്ന നിന്റെ അഭൗമപ്രകാശം എന്നെ വലയം ചെയ്യുക.'' യേശുവിന്റെ മറ്റൊരു ശിഷ്യനായിരുന്ന ചെറിയ യാക്കോബിന്റെ ഓര്‍മദിവസവും മേയ് മൂന്നിനാണ് ആചരിക്കുന്നത്.

Comments