മെയ്‌ 24 : വി. യൊഹാന്ന (ഒന്നാം നൂറ്റാണ്ട്)

യേശുവിന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും സാക്ഷിയാകാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധയാണ് യൊഹാന്ന. വി. ലൂക്കായുടെ സുവിശേഷം 24-ാം അധ്യായം 10-ാം വാക്യത്തില്‍ യൊഹാന്നയെപ്പറ്റി പറയുന്നുണ്ട്. യേശുവിനെ അടക്കിയിരുന്ന കല്ലറയ്ക്കു മുന്നില്‍ സുഗന്ധദ്രവ്യങ്ങളുമായി എത്തിയ സ്ത്രീകളുടെ സംഘത്തില്‍ അംഗമായിരുന്നു യൊഹാന്ന. എന്നാല്‍, ഒഴിഞ്ഞുകിടക്കുന്ന ഒരു കല്ലറയാണ് അവര്‍ക്കു കാണാന്‍ കഴിഞ്ഞത്. ''മഗ്ദലേന മറിയവും യൊഹാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെ കൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഇക്കാര്യം ശിഷ്യന്‍മാരോട് പറഞ്ഞത്'' എന്നു ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കാം.



ജെസിക്ക എന്ന പേരിലും യൊഹാന്ന അറിയപ്പെടുന്നു. ഹേറോദോസ് രാജാവിന്റെ കാര്യസ്ഥന്‍മാരില്‍ ഒരാളായിരുന്ന 'കൂസ' എന്നയാളായിരുന്നു യൊഹാന്നയുടെ ഭര്‍ത്താവ്. യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തപ്പോഴൊക്കെ പന്ത്രണ്ടു ശിഷ്യന്‍മാര്‍ക്കൊപ്പം യൊഹാന്നയും അവിടുത്തോടൊപ്പമുണ്ടായിരുന്നു. ലൂക്കായുടെ സുവിശേഷത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ''അശുദ്ധാത്മാക്കളില്‍ നിന്നും വ്യാധികളില്‍നിന്നും മോചിതരായ ഏതാനും സ്ത്രീകളും ഏഴു പിശാചുകള്‍ വിട്ടുപോയവളും മഗ്ദലേന എന്നറിയപ്പെട്ടിരുന്നവളുമായ മറിയവും ഹേറോദേസിന്റെ കാര്യസ്ഥനായ 'കൂസാ'യുടെ ഭാര്യ യൊഹാന്നയും ശോശന്നയും തങ്ങള്‍ക്കുണ്ടായിരുന്നവകൊണ്ട് അവരെ സഹായിച്ചുപോന്ന മറ്റുപല സ്ത്രീകളും ഉണ്ടായിരുന്നു'' (ലൂക്ക 8:2-3) ഹേറോദേസ് രാജാവ് തലയറുത്തു കൊന്ന സ്‌നാപകയോഹന്നാനെ അടക്കം ചെയ്തത് യൊഹാന്നയാണെന്ന് വിശ്വസിക്കപ്പെടുന്നു. സ്‌നാപകയോഹന്നാന്റെ തല മാത്രമാണ് അവള്‍ക്കു കിട്ടിയത്. അവള്‍ അത് എടുത്തുകൊണ്ടുപോയി സംസ്‌കരിച്ചു. യൊഹാന്നയുടെ മരണം എങ്ങനെയായിരുന്നവെന്നത് സംബന്ധിച്ച് വ്യക്തമായ അറിവുകളൊന്നും ഇന്നില്ല.

Comments