മെയ്‌ 15 : വി. ഡിംപ്ന (ഏഴാം നൂറ്റാണ്ട്)

അയര്‍ലന്‍ഡിലെ ഒരു ഗോത്രവിഭാഗത്തിന്റെ തലവനായിരുന്ന ഡാമന്‍ എന്ന നീചനായ ഒരു ഭരണാധിപന്റെ മകളായിരുന്നു ഡിംപ്ന. അവളുടെ അമ്മ അതീവ സുന്ദരിയും യേശുവില്‍ വിശ്വസിച്ചിരുന്നവളുമായിരുന്നു. എന്നാല്‍, ഡിംപ്നയുടെ ബാല്യകാലത്തു തന്നെ അവള്‍ക്ക് അമ്മയെ നഷ്ടമായി. മറ്റൊരു സുന്ദരിയെ ഭാര്യയായി സ്വന്തമാക്കാനുള്ള അന്വേഷണത്തിലായി ഡാമന്‍ പിന്നീട്. പലരാജ്യങ്ങളിലും സഞ്ചരിച്ച് അയാള്‍ തനിക്കു പറ്റിയ ഭാര്യയെ തിരഞ്ഞു. എന്നാല്‍, അയാള്‍ മനസില്‍ ആഗ്രഹിച്ചതുപോലെ ആരെയും കണ്ടെത്താനായില്ല.



നിരാശനായ ഡാമന്‍ തിരിച്ചെത്തി. ഡിംപ്ന അമ്മയെ പോലെ തന്നെ അതീവ സുന്ദരിയായിരുന്നു. അമ്മയിലൂടെ അവള്‍ അറിഞ്ഞ യേശുവിനെ സ്‌നേഹിക്കുകയും അവനു വേണ്ടി ജീവിക്കുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം വളരെ നാളുകള്‍ കൂടി ഡാമന്‍ ഡിംപ്നയെ കണ്ടു. കാമഭ്രാന്തനായ ആ മനുഷ്യന്‍ തന്റെ ഭാര്യയെക്കാള്‍ സുന്ദരിയാണ് മകളെന്നു മനസിലായപ്പോള്‍ അവളെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. അവള്‍ കുതറിമാറുകയും അവിടെ നിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. അവളുടെ അമ്മയുടെ കുടുംബസുഹൃത്തായിരുന്ന ഒരു മുതിര്‍ന്ന വൈദികനാണ് അവള്‍ക്കു അഭയം നല്‍കിയത്. ആ വൈദികനൊപ്പം അവള്‍ ബെല്‍ജിയത്തിലേക്ക് കടന്നു. ഡാമന്‍ മകളെ കണ്ടുപിടിക്കാന്‍ ആവുന്നതും ശ്രമിച്ചു. ഒടുവില്‍ അയാളുടെ അന്വേഷണം ബെല്‍ജിയത്തിലു മെത്തി.
പല സ്ഥലങ്ങളിലും അന്വേഷിച്ചു. ഒരു ദിവസം തന്റെ കൈയിലുണ്ടായിരുന്ന പണം മാറ്റി ബെല്‍ജിയം നാണയങ്ങള്‍ വാങ്ങുന്നതിനു വേണ്ടി ഡാമന്‍ ഒരു പണം വ്യാപാരിയുടെ അടുത്തെത്തി. ഡാമന്റെ പണം കണ്ടപ്പോഴെ വ്യാപാരി ഇതു മാറികിട്ടുകയില്ലെന്നു പറഞ്ഞു. അയാള്‍ ഡിംപ്നയുടെ കൈയില്‍ നിന്നു ഈ പണം കണ്ടിട്ടുണ്ടാവുമെന്നു മനസിലാക്കി ഡാമന്‍ ആ പ്രദേശത്ത് കൂടുതല്‍ അന്വേഷിക്കുകയും ഒടുവില്‍ ഗീല്‍ എന്ന സ്ഥലത്തു വച്ച് അവരെ കണ്ടെത്തുകയും ചെയ്തു. ആ വൈദികനെ അപ്പോള്‍ തന്നെ അയാള്‍ വെട്ടിക്കൊന്നു. ഡിംപ്നയോട് തന്റെ ഇംഗിതത്തിനു വഴങ്ങാന്‍ ആ നീചനായ അച്ഛന്‍ ആവശ്യപ്പെട്ടു. അവള്‍ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അവളെയും തലയറുത്തു കൊന്നു. ഡിംപ്ന കൊല്ലപ്പെട്ട സ്ഥലത്ത് പിന്നീട് അദ്ഭുതങ്ങളുടെ പ്രവാഹമായി. അവിടെയെത്തി പ്രാര്‍ഥിക്കുന്നവര്‍ക്കെല്ലാം അദ്ഭുതങ്ങള്‍ കിട്ടിത്തുടങ്ങി. അപസ്മാര രോഗികള്‍, മാനസിക രോഗികള്‍, അനാഥര്‍, ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നവര്‍, ബലാത്സംഗത്തിന് ഇരയാകുന്നവര്‍ തുടങ്ങിയവരുടെയെല്ലാം മധ്യസ്ഥയാണ് ഡിംപ്ന.

Comments