ഏപ്രില്‍ 30 : വി. ജോസഫ് ബെനഡിക്ട് കൊട്ടലെങ്കോ (1786-1842)

'ഈ എളിയവരില്‍ ഒരുവനു എന്തെങ്കിലും നിങ്ങള്‍ ചെയ്തു കൊടുക്കുമ്പോള്‍ എനിക്കു തന്നെയാണ് ചെയ്യുന്നത്' എന്ന യേശുവിന്റെ വചനമാണ് ജോസഫ് കൊട്ടലെങ്കോ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത്. ഇറ്റലിയിലെ ട്യൂറിനു സമീപം ബ്രാ എന്ന സ്ഥലത്താണ് ജോസഫ് ജനിച്ചത്. ട്യൂറിനിലുള്ള ഒരു സെമിനാരിയിലായിരുന്നു മതപഠനം. എന്നാല്‍, പൗരോഹിത്യം എന്നത് ഒരു സേവനം എന്നതിനെക്കാള്‍ ഒരു ജീവിതമാര്‍ഗം എന്ന നിലയ്ക്കായിരുന്നു ജോസഫ് ആദ്യം കണ്ടത്. ഒരിക്കല്‍ ജോസഫ് ഒരു രോഗിയായ ഗര്‍ഭിണിയെ ശുശ്രൂഷിക്കാന്‍ നിയുക്തനായി. അവര്‍ പാവപ്പെട്ടവരായിരുന്നു. മരുന്നുവാങ്ങാനുള്ള പണമില്ലാതെയാണ് അവള്‍ രോഗിയായത്. ജോസഫ് അവരെ ശുശ്രൂഷിച്ചു.



അവളുടെ കുമ്പസാരം കേട്ടു. പ്രാര്‍ഥിച്ചു. അന്ത്യകൂദാശ നല്‍കി. ഒരു മകള്‍ക്കു ജന്മം നല്‍കിയപ്പോള്‍ അവള്‍ മരിച്ചു. ജനിച്ചുവീണ കുഞ്ഞിനെ ജോസഫ് കൈകളിലെടുത്തു. അവള്‍ക്കു മാമോദീസ നല്‍കി. എന്നാല്‍ ആ കുഞ്ഞും അപ്പോള്‍ തന്നെ മരിച്ചു. ഈ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. തന്റെ ജീവിതം പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കുമായി മാറ്റിവയ്ക്കാന്‍ ജോസഫ് അതോടെ തീരുമാനിച്ചു. ട്യൂറിനില്‍ വലിയൊരു അനാഥാലയം അദ്ദേഹം തുടങ്ങി. ഏതാണ്ട് പതിനായിരത്തോളം പേരെയാണ് ജോസഫ് ദിവസവും സംരക്ഷിച്ചുപോന്നത്. അനാഥരും വികലാംഗരും മന്ദബുദ്ധികളും അതില്‍ ഉള്‍പ്പെട്ടു. ജനങ്ങള്‍ നല്‍കുന്ന സംഭാവനയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നില്ല. പക്ഷേ, ഒരു ദിവസം പോലും മുടക്കം വരാതെ ദൈവം അവരെ നോക്കി പരിപാലിച്ചു.
ഒരു ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമായിരുന്നു അദ്ദേഹം ഉറങ്ങിയിരുന്നത്. ബാക്കി സമയം മുഴുവന്‍ രോഗികളെ ശുശ്രൂഷിക്കാന്‍ അദ്ദേഹം സമയം മാറ്റിവച്ചു. രോഗിയായ ശേഷവും ഈ പതിവ് അദ്ദേഹം തെറ്റിച്ചില്ല. രോഗിയായിരിക്കെ ഒരു യാത്ര പോകാന്‍ ജോസഫ് ഒരുങ്ങി. അപ്പോള്‍ കന്യാസ്ത്രീകളിലൊരാള്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു. ''ഈ അവസ്ഥയില്‍ യാത്ര ചെയ്യരുത്. അങ്ങേയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഞങ്ങള്‍ക്ക് എന്തു സംഭവിക്കും?'' എന്ന് അവര്‍ ചോദിച്ചു. 'സമാധാനത്തോടെ ഇരിക്കുക. ഞാന്‍ ഇവിടെയായിരിക്കുന്നതിനെക്കാള്‍ കൂടുതലായി നിങ്ങളെ സഹായിക്കാന്‍ സ്വര്‍ഗത്തിലായിരിക്കുമ്പോള്‍ കഴിയും. ഞാന്‍ അവിടെ പരിശുദ്ധ മറിയത്തെ കാല്‍ക്കീഴിലിരുന്ന് നിങ്ങളെ നോക്കി ഇരുന്നുകൊള്ളാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, 1842 ല്‍ വി. ജോസഫ് അന്തരിച്ചു. 1934 പോപ് പയസ് പതിനൊന്നാമന്‍ ജോസഫിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments