ഏപ്രില്‍ 19 : വി. ലുക്കേഷ്യോയും ബോണഡോണയും (1260)

വിശുദ്ധ ദമ്പതികളാണ് ലുക്കേഷ്യോയും ബോണഡോണയും. ലുക്കേഷ്യോ ഒരു കച്ചവടക്കാര നായിരുന്നു. ഒരു കഴുത്തറപ്പന്‍ കച്ചവടക്കാരന്‍. ആളുകളെ പറ്റിച്ചു പണം സമ്പാദിക്കുവാന്‍ ശ്രമിച്ച ഈ മനുഷ്യന്റെ ജീവിതം മാറിമറിയുന്നത് 1213 ല്‍ വി. ഫ്രാന്‍സീസിനെ കണ്ടുമുട്ടിയതിനു ശേഷമാണ്. അതോടെ ലുക്കേഷ്യോ പുതിയൊരു ജീവിതത്തിനു തുടക്കം കുറിച്ചു. അത്രയും നാള്‍ പിശുക്കിയും ആളുകളെ പറ്റിച്ചും സമ്പാദിച്ചതും അതിന്റെ ഇരട്ടിയിലധികവും ലുക്കേഷ്യോ പാവങ്ങള്‍ക്കു നല്‍കി. അനാഥരെയും രോഗികളെയും സഹായിക്കാന്‍ തന്റെ സമ്പാദ്യം മുഴുവന്‍ ഈ മനുഷ്യന്‍ മാറ്റിവച്ചു. ഭാര്യയായ ബോണഡോണയ്ക്ക് ആദ്യമാദ്യം ഈ ദാനശീലത്തോടു താത്പര്യമുണ്ടായിരുന്നില്ല. ഒരു ദിവസം അവള്‍ തന്റെ ഭര്‍ത്താവിനോട് ഈ ജീവിതശൈലിയെ പറ്റി പരാതി പറയാനെത്തി.



അപ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ലുക്കേഷ്യോയുടെ കൈയില്‍ നിന്നു സഹായം ചോദിക്കാന്‍ ആരെങ്കിലും എത്തിയതായിരിക്കുമെന്നറിഞ്ഞു കൊണ്ട് അവള്‍ വാതില്‍ തുറന്നു. കുറെ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലാത്ത ഒരു വൃദ്ധന്‍. മനസില്ലാമനസോടെ ബോണ ഡോണ ഭര്‍ത്താവിന്റെ ആവശ്യപ്രകാരം ഭക്ഷണമെടുക്കാനായി അടുക്കളയിലേക്കു പോയി. അവിടെ ചെന്നു നോക്കിയതോടെ ആ സ്ത്രീ അദ്ഭുതസ്തബ്ധയായി. താനുണ്ടാക്കി വച്ചിരിക്കുന്നതിന്റെ ഇരട്ടിയിലധികം അപ്പം അവിടെയിരിക്കുന്നു. ആ സംഭവത്തോടെ ബോണഡോണയും മാനസാന്തരപ്പെട്ടു. കച്ചവടസ്ഥാപനം വിറ്റ് ആ പണം കൂടി ദരിദ്രര്‍ക്കു നല്‍കി ഇരുവരും പ്രേഷിതപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചു. ആ കാലത്ത് മറ്റ് പല ദമ്പതികളും കുടുംബജീവിതം ഉപേക്ഷിച്ച് വേര്‍പിരിഞ്ഞ ശേഷം സന്യാസസഭകളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, ഇവര്‍ ആ വഴി തിരഞ്ഞെടുത്തില്ല.
പകരം പുതിയൊരു സന്യാസ സഭയ്ക്കു തുടക്കമിട്ട് ഒന്നിച്ചു പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ലുക്കേഷ്യോ വഴിയരികില്‍ ബോധരഹിത നായി കിടന്നിരുന്ന ഒരാളെ കണ്ടു. അയാള്‍ ഒരു ഭിക്ഷക്കാരനായിരുന്നു. ചീഞ്ഞുനാറുന്ന വേഷം. പക്ഷേ, ഒരു മടിയും കൂടാതെ ആയാളെ എടുത്തു തോളത്തിട്ടു കൊണ്ട് ലുക്കേഷ്യോ നടന്നൂ നീങ്ങി. ഇതു കണ്ടു കൊണ്ടു നിന്ന ഒരു യുവാവ് ലുക്കോഷ്യോയോടു ചോദിച്ചു. ''ഇത്രയും വൃത്തിക്കെട്ട ഒരു മനുഷ്യനെ നിങ്ങളെന്തിനാണ് തോളത്തിട്ടു കൊണ്ടു പോകുന്നത്?'' ലുക്കേഷ്യോ മറുപടി പറഞ്ഞു: ''ഞാന്‍ തോളത്തിട്ടുകൊണ്ടു കൊണ്ടുപോകുന്നത് എന്റെ ഈശോയെയാണ്.'' ഇതു കേട്ടതോടെ ആ യുവാവും ലുക്കേഷ്യോയുടെ പാത പിന്തുടര്‍ന്നു. ലുക്കേഷ്യോയും ബോണഡോണയും ഒരേ ദിവസമാണ് മരിച്ചത്. 1260 ഏപില്‍ 28 ന്. ലുക്കേഷ്യോയെ 1273 ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

Comments