ഏപ്രില്‍ 10 : വി. ബഡേമൂസ് (നാലാം നൂറ്റാണ്ട്)

തനിക്കുള്ളതെല്ലാം ദൈവത്തിനു സമര്‍പ്പിച്ച് പ്രേഷിത പ്രവര്‍ത്തനത്തിനിറങ്ങി ഒടുവില്‍ യേശുവിന്റെ നാമത്തെപ്രതി മരിക്കുവാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധനാണ് ബഡേമൂസ്. പേര്‍ഷ്യയിലെ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്ക് തന്റെ സ്വത്തെല്ലാം അദ്ദേഹം വീതിച്ചു നല്‍കി. ബാക്കിയുള്ള പണം കൊണ്ട് ഒരു ആശ്രമം സ്ഥാപിച്ച് പ്രേഷിതപ്രവര്‍ത്തനം നടത്തി. എന്നാല്‍, അധികം വൈകാതെ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പേര്‍ഷ്യയിലെ സപോര്‍ രാജാവ് ബഡേമൂസിനെയും മറ്റ് ആറ് സന്യാസികളെയും തടവിലാക്കി. പീഡനങ്ങളുടെ കാലമായിരുന്നു പിന്നീടുള്ള നാലു മാസം.




എല്ലാ ദിവസവും കുറച്ചുസമയത്തേക്ക് ക്രൂരമായ പീഡനങ്ങള്‍. ബാക്കിയുള്ള സമയം വിശന്നും ദാഹിച്ചും ഒരു ഇരുട്ടറയ്ക്കുള്ളില്‍ കഴിയേണ്ടി വന്നു. ഭാരമേറിയ ചങ്ങലക്കൊണ്ട് ബഡേമൂസിനെ ബന്ധിച്ചിരുന്നു. എന്നാല്‍ അപ്പോഴും തന്റെ വേദനകളൊക്കെയും യേശുവിന്റെ പീഡകളെക്കാള്‍ എത്ര നിസാരമാണെന്നു കരുതാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ആ സമയത്ത് നെര്‍സന്‍ എന്നൊരു പ്രഭുകുമാരനും ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ തടവിലായി. നെര്‍സനും ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങേണ്ടിവന്നു. ആദ്യമൊക്കെ യേശുവില്‍ അടിയുറച്ചു നില്‍ക്കുവാന്‍ നെര്‍സനു കഴിഞ്ഞെങ്കിലും പിന്നീട് പീഡനങ്ങള്‍ വര്‍ധിച്ചതോടെ അയാള്‍ തളര്‍ന്നു. ഒടുവില്‍ തന്നെ വിട്ടയയ്ക്കുകയാണെങ്കില്‍ ക്രിസ്തുവിനെ തള്ളിപ്പറയാമെന്നു നെര്‍സന്‍ പറഞ്ഞു.
ഇതു കേട്ട രാജാവ് ബഡേമൂസിനെയും നെര്‍സനെയും തന്റെ സമീപത്തു കൊണ്ടുവരാന്‍ കല്‍പിച്ചു. ഒരു വാളെടുത്ത് നെര്‍സനു കൊടുത്തു. ബഡേമൂസിന്റെ ശിരസ്സറുത്താല്‍ നെര്‍സന് തടവറയില്‍ നിന്നുള്ള മോചനം മാത്രമല്ല, പ്രഭുകുമാരനെന്ന പദവിയും തിരികെ കൊടുക്കാമെന്ന് രാജാവ് പറഞ്ഞു. അയാള്‍ അത് സമ്മതിച്ചു. ബഡേമൂസിന്റെ നെഞ്ചിലേക്ക് വാള്‍ കുത്തിയിറ ക്കാനായി നെര്‍സന്‍ ഓടിയെത്തിയെങ്കിലും പെട്ടെന്ന് അയാള്‍ പേടിച്ച് കൈ പിന്‍വലിച്ചു. കുറച്ചുനേരത്തേക്ക് എന്തു ചെയ്യണമെന്നറിയാതെ അയാള്‍ പകച്ചു നിന്നു. യേശുവിനെ തള്ളിപ്പറഞ്ഞുള്ള ജീവിതം വേണ്ടെന്ന വച്ച ബഡേമൂസിനെ പോലെയാവാന്‍ അയാള്‍ക്കു മരണഭീതി മൂലം കഴിഞ്ഞിരുന്നില്ല. പക്ഷേ, ബഡേമൂസിനെ കൊല്ലാനും അയാള്‍ അശക്തനായിരുന്നു. കുറെ നേരം ചിന്തിച്ചു നിന്ന ശേഷം നെര്‍സന്‍ വാളെടുത്ത് ബഡേമൂസിനെ വെട്ടി. തെറ്റുചെയ്യുന്നു എന്ന പേടി മുലം ശക്തിയില്ലാതെയാണ് വാള്‍ പ്രയോഗിച്ചത് എന്നതിനാല്‍ ഒരോ വെട്ടും ബഡേമൂസിന്റെ ദേഹത്ത് ഒരോ മുറിവുകളായി മാറിയെന്നതല്ലാതെ ബഡേമൂസ് മരിച്ചില്ല.
തന്റെ ശരീത്തില്‍ നിന്നു രക്തം ഒഴുകുമ്പോഴും സമചിത്തനായി യേശുവിനെ സ്തുതിച്ചുകൊണ്ട് ബഡേമൂസ് നിന്നു. തന്നെ ശരിക്കു വെട്ടിക്കൊലപ്പെടുത്തുക പോലും ചെയ്യാതെ ദേഹം മുഴുവന്‍ മുറിവുകള്‍ സൃഷ്ടിച്ചു കൊണ്ട് പിന്നെയും വാളുയര്‍ത്തി നില്‍ക്കുന്ന നെര്‍സനോട് ബഡേമൂസ് ചോദിച്ചു: ''നീ ചെയ്യുന്ന ഒരോ പ്രവര്‍ത്തിയുടെയും കണക്ക് ദൈവം ചോദിക്കുമ്പോള്‍ എന്തു മറുപടിയാണ് നീ പറയുവാന്‍ പോകുന്നത്? സര്‍വശക്തനായ ദൈവത്തിനു വേണ്ടി മരിക്കുവാന്‍ ഞാന്‍ തയാറാണ്. പക്ഷേ, നിന്നെപ്പോലൊരാളുടെ കൈ കൊണ്ട് മരിക്കുന്നതിലും ഭേദം മറ്റാരെങ്കിലും എന്നെ കൊന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുകയാണ്.'' പിന്നീട് നെര്‍സന്റെ വാള്‍ കൊണ്ടു തലയറുക്കപ്പെട്ട് ബഡേമൂസ് മരിച്ചു. എ.ഡി. 376 ഏപ്രില്‍ മാസം പത്താം തീയതിയായിരുന്നു അത്. ബഡേമൂസിന്റെ മൃതശരീരം നായ്ക്കള്‍ക്കു ഭക്ഷണമായി ഇട്ടുകൊടുത്തു. എന്നാല്‍, ക്രിസ്തുവിന്റെ അനുയായികളായ ചിലര്‍ ചേര്‍ന്ന് മൃതദേഹം എടുത്തുകൊണ്ട് പോയി മറ്റൊരിടത്ത് സംസ്‌കരിച്ചു.

Comments