മാര്‍ച്ച് 8 : ദൈവത്തിന്റെ വിശുദ്ധ ജോണ്‍ (1495- 1550)

ഒരു ആട്ടിടയനായിരുന്നു ജോണ്‍. പിന്നീട് ക്രൂരനായ ഒരു പട്ടാളക്കാര നായി മാറി. ഒടുവില്‍ വീണ്ടും ആട്ടിടയനായി; ദൈവത്തിന്റെ ആട്ടി ടയന്‍. വളരെ കുത്തഴിഞ്ഞ യുവത്വമായിരുന്നു ജോണിന്റെത്. ദൈവഭയം തീര്‍ത്തും ഇല്ലാതെ ജീവിച്ച ജോണ്‍ സ്‌പെയിനിലെ രാജാവായിരുന്ന ചാള്‍സ് അഞ്ചാമന്റെ സൈന്യത്തില്‍ ചേര്‍ന്ന് ഫ്രാന്‍സുമായുള്ള യുദ്ധത്തില്‍ പങ്കെടുത്തു. യുദ്ധം കഴിഞ്ഞു സൈന്യത്തെ പിരിച്ചുവിട്ടപ്പോള്‍ അദ്ദേഹം വീണ്ടും ആട്ടിടയനായി ജോലി നോക്കി. അക്കാലത്താണ് ഉണ്ണിയേശുവിന്റെ ദര്‍ശനം ജോണിനുണ്ടാകുന്നത്. സ്വപ്നത്തില്‍ ഉണ്ണിയേശു ജോണിനെ ''ദൈവത്തിന്റെ ജോണ്‍'' എന്നു വിളിച്ചു.



ആവിലായിലെ വിശുദ്ധ ജോണിന്റെ പ്രസംഗം കേള്‍ക്കുക കൂടി ചെയ്തതോടെ അദ്ദേഹം കുറ്റബോധം കൊണ്ടു ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ചു. ആളുകള്‍ ജോണിനെ ഭ്രാന്താലയത്തില്‍ അടച്ചു. ഭ്രാന്താലയത്തില്‍ നിന്നു പുറത്തിറങ്ങി യ ശേഷം സ്‌പെയിനിലെ ഒരു ഗ്രാമത്തില്‍ താമസമാക്കിയ ജോണ്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് പിന്നീട് ജീവിച്ചത്. താന്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ക്കെല്ലാം പ്രായശ്ചിത്തം ചെയ്യുന്നതിനു വേണ്ടി ഭക്ഷണമില്ലാത്തവരെയും വീടില്ലാത്തവരെയും രോഗികളെയും ശുശ്രൂക്ഷിച്ചു. പാവങ്ങള്‍ക്കു ഭക്ഷണം വാങ്ങിക്കൊടുക്കുന്നതിനു വേണ്ടി ജോണ്‍ തെരുവില്‍ ഭിക്ഷയാചിച്ചു. അവര്‍ക്കു വേണ്ടി കൂലിപ്പണി ചെയ്തു, അവര്‍ക്കു വേണ്ടി ജീവിച്ചു.

Comments