മാര്‍ച്ച് 30 : വി. ജോണ്‍ ക്ലൈമാക്കസ് (525-605)

 പരിപൂര്‍ണതയിലേക്കുള്ള ഗോവണിയെന്നാണ് വി. ജോണിന്റെ വിഖ്യാത ഗ്രന്ഥമായ 'ക്ലൈമാക്‌സ്' അറിയപ്പെടുന്നത്. വിശുദ്ധ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഇത്രയധികം പ്രചോദനം നല്‍കുന്ന മറ്റൊരു പുസ്തകമില്ല. പലസ്തീനായില്‍ ജനിച്ച ജോണ്‍ പതിനാറാം വയസില്‍ തന്റെ സന്യാസ ജീവിതത്തിനു തുടക്കമിട്ടു. സീനായ് മലയില്‍ ഏകാന്തജീവിതം നയിക്കുകയായിരുന്നു ജോണ്‍ ചെയ്തത്. പിന്നീട് അവിടെ അദ്ദേഹം ഒരു സന്യാസിയുടെ ശിഷ്യനായി ജീവിക്കാന്‍ തുടങ്ങി. വളരെ ദൈവികമായ ഒരു ജീവിതമായിരുന്നു ജോണ്‍ നയിച്ചിരുന്നത്. മല്‍സ്യമോ മാംസമോ കഴിക്കില്ല.



ഭക്ഷണം തന്നെ വല്ലപ്പോഴും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രം. വേദപുസ്തക ങ്ങളും മറ്റു മതഗ്രന്ഥങ്ങളും വായിച്ചു പഠിക്കാനാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിച്ചത്. നാല്‍പതു വര്‍ഷത്തോളം അദ്ദേഹം ഇങ്ങനെ ജീവിച്ചു. പിന്നീട് സീനായ് മലയിലുള്ള ഒരു സന്യാസമഠത്തിന്റെ അധിപനായി സേവനം ചെയ്തു. ഇവിടെ വച്ചാണ് അദ്ദേഹം 'ക്ലൈമാക്‌സ്' എന്ന ഗ്രന്ഥം രചിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പേരിലാണ് അദ്ദേഹം പിന്നീട് വി. ജോണ്‍ ക്ലൈമാക്കസ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. വി. ജോണ്‍ ഈ പുസ്തകത്തിലെഴുതിയ എഴുതിയ ഒരോ വാക്കുകളും സ്വര്‍ഗത്തിലേക്കുള്ള ചവിട്ടുപടികളാണ്.

''ദൈവത്തിന്റെ ദാസന്‍മാര്‍ ശാരീരികമായി ഈ ലോകത്ത് തന്നെയായിരിക്കും. പക്ഷേ, മാനസികമായി അവര്‍ സ്വര്‍ഗത്തിന്റെ വാതിലില്‍ മുട്ടിവിളിച്ചുകൊണ്ടിരിക്കുകയാണ്.'', ''നല്ല കപ്പിത്താന്‍ ഉള്ള കപ്പല്‍ ദൈവകൃപയുണ്ടെങ്കില്‍ തീര്‍ച്ചയായും ലക്ഷ്യത്തിലെത്തിച്ചേരും. അതുപോലെയാണ് നല്ല ഇടയനുള്ള മനസുകളും. എന്തൊക്കെ തെറ്റുകള്‍ ചെയ്തിട്ടുള്ളവരാണെങ്കിലും ആ ഇടയന്റെ സഹായത്തോടെ അവര്‍ സ്വര്‍ഗത്തിലെത്തും'', ''ഭാരമുള്ള പക്ഷികള്‍ക്കു കൂടുതല്‍ ഉയരത്തില്‍ പറക്കാനാവില്ല. അതുപോലെയാണ് പാപങ്ങളെ വഹിക്കുന്ന മനുഷ്യനും'', ''ആഗ്രഹങ്ങള്‍ നിങ്ങളെ നിയന്ത്രിക്കുന്നതിനു മുന്‍പ് നിങ്ങള്‍ ആഗ്രഹങ്ങളെ നിയന്ത്രിക്കുവിന്‍.'' വി. ജോണ്‍ മരിക്കുന്നതിനു തൊട്ടു മുന്‍പ് അദ്ദേഹം തന്റെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ചു. ധ്യാനത്തില്‍ മുഴുകി. പരിപൂര്‍ണതയിലേക്കുള്ള ഗോവണി കയറി അദ്ദേഹം യാത്രയായി.

Comments