മാര്‍ച്ച് 27 : ഈജിപ്തിലെ വി. ജോണ്‍(എ.ഡി. 305-394)

 ഒരു തച്ചന്റെ മകനായിരുന്നു ജോണ്‍. ചെറുപ്രായം മുതില്‍ തന്നെ ദൈവസ്‌നേഹത്തില്‍ അലിഞ്ഞു ചേര്‍ന്നാണ് ജോണ്‍ വളര്‍ന്നത്. ജോണിനു 25 വയസായപ്പോള്‍ ദൈവവിളി കേട്ട് അവന്‍ വീടുവി ട്ടിറങ്ങി. പിന്നീട് വര്‍ഷങ്ങളോളം മരുഭൂമിയില്‍ ഒരു സന്യാസിയുടെ ശിഷ്യനായി ജീവിച്ചു. ജോണിനെ പരീക്ഷിക്കുന്നതിനു വേണ്ടി സന്യാസി ഒരു പ്രയോജനവുമില്ലാത്ത ജോലികള്‍ അവനെ കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു. വലിയ പാറകള്‍ മലയുടെ മുകളില്‍ വലിച്ചു കയറ്റുക, കരിഞ്ഞുണങ്ങിയ ചെടിക്കു വെള്ളമൊഴിപ്പിക്കുക തുടങ്ങിയ ജോലികള്‍ ഒരു മടിയും കൂടാതെ ജോണ്‍ ചെയ്തു.പരിപൂര്‍ണമായ അനുസരണയും വിനയവും വഴി ജോണ്‍ തന്റെ ഗുരുവിനെ പ്രീതിപ്പെടുത്തി. സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിക്കാനുള്ള ശക്തി ദൈവം ജോണിനു കൊടുത്തിരുന്നു. ഒരിക്കല്‍ പല്ലേഡിയസ് എന്നൊരു യുവ സന്യാസി ജോണിനെ സന്ദര്‍ശിച്ചു. ജോണ്‍ അയാളോടു പറഞ്ഞു. ''ഒരു കാലത്ത് നീ ഒരു ബിഷപ്പായി തീരും'' എന്നാല്‍ യുവസന്യാസി അത് ചിരിച്ചു തള്ളി. ''ആശ്രമത്തിലെ വെറുമൊരു പാചകക്കാരനായ ഞാന്‍ ഒരു ബിഷപ്പാകുമെന്നോ?.'' ജോണ്‍ പറഞ്ഞു: ''അത് സംഭവിച്ചിരിക്കും.'' കുറെ കാലം കഴിഞ്ഞപ്പോള്‍ പല്ലേഡിയസ് രോഗബാധി തനായതിനെ തുടര്‍ന്ന് അയാളെ അലക്‌സാണ്ട്രിയയിലേക്ക് അയച്ചു. ഏറെ വൈകാതെ പല്ലേഡിയസ് ബിഷപ്പായി പ്രഖ്യാപിക്കപ്പെട്ടു. പതിനാറു വര്‍ഷം സന്യാസിയോടൊത്ത് ആശ്രമത്തില്‍ കഴിഞ്ഞ ശേഷം ജോണ്‍ അവിടം വിട്ടു.

ലിക്കോപോളിസില്‍ ഒരു ഉയര്‍ന്ന പാറയുടെ മുകളില്‍ കയറി അവിടെ ഒരു ചെറിയ ഗുഹയില്‍ താമസം തുടങ്ങി. മറ്റാരുമായും ബന്ധപ്പെടാതെ ദൈവത്തോടു മാത്രം ചേര്‍ന്നു നിന്നായിരുന്നു ജോണിന്റെ ജീവിതം. ആഴ്ചയില്‍ അഞ്ചു ദിവസം മറ്റാരെയും കാണാതെ അവിടെ കഴിഞ്ഞു. ശനിയും ഞായറും തന്നെ തേടിയെത്തുന്ന രോഗികളെ സുഖപ്പെടുത്തി. പ്രശ്‌നങ്ങളാല്‍ വലയുന്നവര്‍ക്കു ഉപദേശം നല്‍കി. പകല്‍സമയം മുഴുവന്‍ ഉപവസിച്ചു. രാത്രിയില്‍ അല്‍പമെന്തെങ്കിലും കഴിക്കും. 42-ാം വയസു മുതല്‍ 90-ാംവയസു വരെ ഈ ഗുഹയിലായിരുന്നു ജോണിന്റെ താമസം. മറ്റുള്ളവരുടെ ഹൃദയരഹസ്യങ്ങള്‍ പോലും മനസിലാക്കാനുള്ള കഴിവു ദൈവം ജോണിനു നല്‍കിയിരുന്നു. ഒരിക്കല്‍ ഒരു പുരോഹിതന്‍ മറ്റു ആറു പേരോടൊപ്പം ജോണിനെ സന്ദര്‍ശിച്ചു. അയാള്‍ താനാരാണെന്നു ജോണിനോടു പറഞ്ഞിരുന്നില്ല.

ജോണ്‍ അയാളുടെ കൈകളില്‍ ചുംബിച്ചു കൊണ്ടു പറഞ്ഞു. ''ഒരിക്കലും കള്ളം പറയരുത്. നല്ലതിനുവേണ്ടിയാണെങ്കില്‍ പോലും. കള്ളം ഒരിക്കലും ദൈവത്തില്‍ നിന്നു വരില്ല. മറിച്ച് അത് വരുന്നത് സാത്താനില്‍ നിന്നാണ് എന്നാണ് നമ്മുടെ രക്ഷകന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത.്'' ജോണിന്റെ ജീവിതത്തിലെ അവസാന മൂന്നുവര്‍ഷം പൂര്‍ണമായും ദൈവത്തിനു വേണ്ടി നീക്കിവച്ചു. മറ്റാരെയും കാണാന്‍ ജോണ്‍ തയാറായില്ല. മുട്ടുകുത്തി നിന്നു പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു ജോണ്‍ മരിച്ചത്.

Comments