മാര്‍ച്ച് 24 : വി. കാതറീന്‍ ( 1331-1381)

വിശുദ്ധയായ അമ്മയുടെ വിശുദ്ധയായ മകള്‍. അതായിരുന്നു കാതറീന്‍. സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റിന്റെ മകള്‍. കാതറീനു പതിമൂന്നുവയസു പ്രായമുള്ളപ്പോള്‍ ജര്‍മന്‍കാരനായ എഗ്ഗേര്‍ഡിനെ അവള്‍ വിവാഹം കഴിച്ചു. നിരന്തര രോഗിയായിരുന്നു എഗ്ഗേര്‍ഡ്. അതു കൊണ്ട് അവള്‍ കന്യകയായി തന്നെ ജീവിച്ചു. പിന്നീട് കാതറീന്‍ ഭര്‍ത്താവിന്റെ അനുവാദത്തോടെ റോമില്‍ തന്റെ അമ്മയുടെ അടുത്തേക്കു പോയി. അധികം വൈകാതെ എഗ്ഗേര്‍ഡ് മരിച്ചു. വിധവയായ ശേഷം പിന്നീടുള്ള 25 വര്‍ഷക്കാലം വിശുദ്ധ ബ്രിജിറ്റും കാതറീനും റോം കേന്ദ്രമാക്കി പ്രേഷിത പ്രവര്‍ത്തനം നടത്തി.



ഇതിനിടയ്ക്കു ജറുസലേം അടക്കമുള്ള പല വിശുദ്ധ നഗരങ്ങളിലും അമ്മയോടൊത്ത് സന്ദര്‍ശിച്ചു. റോമിലുള്ള സമയത്ത് അവര്‍ പ്രാര്‍ഥനയും ഉപവാസത്തിനും ഏറെ സമയം നീക്കിവച്ചു. പാവങ്ങളോടൊത്ത് ജീവിച്ചു. അവര്‍ക്കു വേണ്ടി ജോലി ചെയ്തു. ആയിരക്കണക്കിനാളുകളെ യേശുവിലേക്ക് അടുപ്പിക്കാനും അമ്മയ്ക്കും മകള്‍ക്കും കഴിഞ്ഞു. വിശുദ്ധ ബ്രിജിറ്റ് മരിച്ചതോടെ കാതറീന്‍ സ്വീഡനിലേക്ക് പോയി. അവിടെ തന്റെ അമ്മ തന്നെ സ്ഥാപിച്ച വാഡ്‌സ്‌റ്റേനാ മഠത്തില്‍ ബ്രിജിറ്റിന്റെ ശവസംസ്‌കാരം നടത്തി. പിന്നീട് ആ മഠത്തിന്റെ ചുമതല വഹിച്ചു അവിടെ തന്നെ കഴിഞ്ഞു. കാതറീന്റെയും ബ്രിജിറ്റിന്റെയും നാമത്തില്‍ ഒട്ടേറെ അദ്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഈ അദ്ഭുതങ്ങളുടെ വെളിച്ചത്തില്‍ 1485ല്‍ പോപ്പ് ഇന്നസെന്റ് എട്ടാമന്‍ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു. അവിഹിത ഗര്‍ഭിണികളുടെ സംരക്ഷകയായി കാതറീന്‍ അറിയപ്പെടുന്നു.

Comments