ഫെബ്രുവരി 8 : വി. ജെറോം എമിലിയാനി (1481-1537)

ഇറ്റലിയിലെ വെനീസില്‍ ഒരു സമ്പന്നകുടുംബത്തിലാണ് ജെറോം ജനിച്ചത്. ജെറോം ബാലനായിരിക്കെ പിതാവ് മരിച്ചു. പതിനഞ്ച് വയസുള്ളപ്പോള്‍ ജെറോം വീട്ടില്‍നിന്ന് ഒളിച്ചോടി. കുറെ നാളുകള്‍ കുത്തഴിഞ്ഞ ജീവിതം നയിച്ച് അവിടെയുമിവിടെയും അലഞ്ഞു നടന്നു. ഇരുപത്തിയേഴാം വയസില്‍ അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. ജെറോമിന്റെ സാമര്‍ഥ്യം അവനു സൈന്യത്തില്‍ നല്ലപേരു നേടിക്കൊടുത്തു. ട്രെവിസോ മലനിരകളിലുള്ള കോട്ട സംരക്ഷിക്കാന്‍ നിയുക്തമാക്കപ്പെട്ട സൈന്യത്തിന്റെ കമാന്‍ഡറായിരുന്നു ജെറോം.ശത്രുസൈന്യത്തിന്റെ ആക്രമണം ഉണ്ടായപ്പോള്‍ അദ്ദേഹം പിടിയിലായി. ജയിലില്‍ ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചു കഴിയുമ്പോഴാണ് ജെറോമിനു ദൈവസ്‌നേഹത്തി ന്റെ വില തിരിച്ചറിയുന്നത്. അദ്ദേഹം കരഞ്ഞുപ്രാര്‍ഥിച്ചു. ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകള്‍ ക്കെല്ലാം മാപ്പുചോദിച്ചു. തന്നെ ശത്രുക്കളുടെ പിടിയില്‍ നിന്നു മോചിപ്പിക്കുകയാണെങ്കില്‍ ശിഷ്ട ജീവിതം യേശുവിനു വേണ്ടി സമര്‍പ്പിച്ചുകൊള്ളാമെന്ന് ജെറോം ശപഥം ചെയ്തു. അധികം വൈകാതെ ജെറോം ജയിലില്‍ നിന്നു രക്ഷപ്പെട്ടു. പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട് ജെറോമിന്റെ ചങ്ങലകള്‍ പൊട്ടിച്ച് അദ്ഭുതകരമായി ജയിലില്‍ നിന്നു മോചിപ്പിക്കുകയായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.

തന്റെ പ്രതിജ്ഞ പാലിച്ച് ശിഷ്ടജീവിതം നയിക്കാന്‍ ജെറോം തീരുമാനിച്ചു. പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കുകയായിരുന്നു ജെറോമിന്റെ മുഖ്യലക്ഷ്യം. അനാഥ രെ സ്വന്തം വീട്ടില്‍കൊണ്ടുവന്ന് താമസിപ്പിച്ചു. രാത്രിസമയങ്ങളില്‍ നഗരത്തിലൂടെ നടന്ന് തന്റെ സഹായം ആവശ്യമുള്ളവരെ അദ്ദേഹം തേടി കണ്ടെത്തുമായിരുന്നു. അനാഥമൃതദേഹങ്ങള്‍ സംസ്‌കരിച്ചു. വേശ്യകളെ പുനരധിവസിപ്പിക്കുന്നതിനായി ആറു അനാഥാലയങ്ങള്‍ തുടങ്ങി. ആശുപത്രിയും സന്യാസ ആശ്രമങ്ങളുംസ്ഥാപിച്ചു. തന്റെയൊപ്പം പ്രേഷിത ജോലികള്‍ക്ക് തയാറായി വന്ന വൈദികരെയും അല്മായരെയും ചേര്‍ത്ത് പുതിയൊരു സന്യാസസമൂഹത്തിനുംരൂപം കൊടുത്തു. പകര്‍ച്ചവ്യാധി ബാധിച്ചവരെ ശുശ്രൂഷിച്ചു കഴിയവേ, രോഗബാധിതനായി അദ്ദേഹം മരിച്ചു. 1767ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments