ഫെബ്രുവരി 5 : വി. അഗത (മൂന്നാം നൂറ്റാണ്ട്)

ഇറ്റലിയിലെ സിസിലിയില്‍ മൂന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരിച്ച കന്യകയാണ് അഗത. അതീവസുന്ദരിയായിരുന്ന അഗതയുടെ മാതാപിതാക്കള്‍ സമ്പന്നരും സമൂഹം മുഴുവന്‍ മാനിക്കുന്നവരുമാ യിരുന്നു. ക്രൈസ്തവ വിശ്വാസികളായ അവര്‍ മകളെ ദൈവസ്‌നേ ഹത്തില്‍ നിറഞ്ഞവളായി വളര്‍ത്തിക്കൊണ്ടുവന്നു. അഗതയുടെ സൗന്ദര്യത്തില്‍ മതിമറന്ന് അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരു ന്നവര്‍ ഏറെപ്പേരുണ്ടായിരുന്നെങ്കിലും തന്നെ പൂര്‍ണമായി യേശു വിനു സമര്‍പ്പിച്ച് ഉത്തമ ക്രിസ്തുശിഷ്യയായി തീരാനായിരുന്നു അഗതയുടെ മോഹം. ഡേഷ്യസ് ചക്രവര്‍ത്തി (249-251) ക്രൈസ്തവ മതവിശ്വാസികളെ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ അഗത യുടെ കുടുംബം ഭീതിയുടെ നിഴലിലായി. ചക്രവര്‍ത്തിയുടെ സിസിലിയിലെ പ്രതിനിധിയായിരുന്ന ക്വിന്റിയാനസ് അഗതയെ മോഹിച്ചിരുന്നു. തനിക്കു വീണു കിട്ടിയ അവസരം മുതലാക്കുവാന്‍ തന്നെ അയാള്‍ തീരുമാനിച്ചു.അഗതയ്ക്കു പതിനഞ്ചു വയസായിരുന്നു അപ്പോള്‍ പ്രായം. ക്വിന്റിയാനസ് പടയാളികളെ വിട്ടു അഗതയെ തടവിലാക്കി. ക്രിസ്തുവില്‍ വിശ്വസിച്ചു എന്നതായിരുന്നു അവളുടെ തെറ്റ്. അഗതയെ േപ്പാലെ പിടിയിലായ ക്രൈസ്തവ വിശ്വാസികളെയെല്ലാം തടവറയിലടച്ച് ക്രൂരമായി പീഡിപ്പിക്കു വാന്‍ തുടങ്ങി. എന്നാല്‍, അഗതയെ സ്വന്തമാക്കാന്‍ മോഹിച്ചിരുന്ന ക്വിന്റിയാനസ് അവളെ ഒരു വലിയ മണിമാളികയിലാക്കി. അവിടെ സമ്പന്നയായ ഒരു ദുഷ്ടസ്ത്രീയും അവളുടെ അഞ്ചു പെണ്‍മക്കളുമുണ്ടായിരുന്നു. അഗതയെ വശത്താക്കുവാന്‍ ആ യുവതികള്‍ ശ്രമമാരംഭിച്ചു. എന്നാല്‍, പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും കണ്ട് അഗത മതിമറന്നില്ല. ക്വിന്റിയാനസിനെക്കു റിച്ചു മോഹവാക്കുകള്‍ പറഞ്ഞ് അവളില്‍ ലൈംഗിക വികാരം ഉണര്‍ത്തുവാനുള്ള ശ്രമവും ഫലിച്ചില്ല. തന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമെന്ന് അവള്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഒടു വില്‍ ക്വിന്റിയാനസ് തന്നെ നേരിട്ടെത്തി. മറ്റുള്ളവരെയെല്ലാം ക്രൂരമായി പീഡിപ്പിച്ചു കൊന്നൊടു ക്കിയതിന്റെ കഥകള്‍ അയാള്‍ വിവരിച്ചു.

തനിക്കൊപ്പം കിടക്ക പങ്കിടാന്‍ തയാറായാല്‍ അഗതയെ മോചിപ്പിക്കാമെന്നും സ്വത്തുക്കളും അധികാരവും നല്‍കാമെന്നും അയാള്‍ പറഞ്ഞു. അഗതയുടെ മറുപടി ഇതായിരുന്നു: ''യേശുവാണ് എന്റെ രക്ഷ, യേശുവിലാണ് എന്റെ ജീവിതം.'' ജൂപ്പിറ്റര്‍ ദേവന്റെ വിഗ്രഹത്തില്‍ നമസ്‌ക്കരിക്കുവാന്‍ അവളോടു ക്വിന്റിയാനസ് കല്‍പിച്ചു. അവള്‍ അതിനും വഴങ്ങിയില്ല. ക്രുദ്ധനായ ക്വിന്റിയാനസ് വാളെടുത്ത് അവളുടെ സ്തനങ്ങള്‍ മുറിച്ചുകളഞ്ഞു. അവളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്നയാക്കി തീക്കനലിലൂടെ ഉരുട്ടി. ദേഹം മുഴുവന്‍ പൊള്ളലുമായി അവളെ തടവറയിലേക്ക് വലിച്ചെറിഞ്ഞു.

തടവറയില്‍ വച്ച് വി. പത്രോസ് ശ്ലീഹായുടെ ദര്‍ശനം അഗതയ്ക്കുണ്ടായതായും അവളുടെ മുറിവുകള്‍ ശ്ലീഹാ സുഖപ്പെടുത്തിയതായും ചില അപ്രാമാണിക ഗ്രന്ഥങ്ങളില്‍ പറയുന്നു.
അഗത സുഖപ്പെട്ടതറിഞ്ഞ് ക്വിന്റിയാനസ് വീണ്ടും പീഡനങ്ങളാരംഭിച്ചു. തത്ക്ഷണം ഒരു വലിയ ഭൂമികുലുക്കമുണ്ടായതായും ക്വിന്റിയാനസിന്റെ രണ്ടു സൈനിക ഉദ്യോഗ സ്ഥര്‍ മരിച്ചതായും ഐതിഹ്യമുണ്ട്. ഭൂമി കുലുക്കം തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ ജനങ്ങള്‍ ക്വിന്റിയാനസിന്റെ അടുത്ത് എത്തി, അഗതയെ പീഡിപ്പിക്കുന്നത് നിര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചു. ജനങ്ങളുടെ വാക്കു കേട്ട് അഗതയെ മര്‍ദിക്കുന്നതു നിര്‍ത്താന്‍ അയാള്‍ കല്പന കൊടുത്തു. വീണ്ടും ജയില്‍മുറിയിലടയ്ക്കപ്പെട്ട അഗത അവിടെവച്ച് മരിച്ചു. എ.ഡി. 250ലായിരുന്നു അഗത യുടെ രക്തസാക്ഷിത്വം. ഭൂമികുലുക്കവും പ്രകൃതിക്ഷോഭവും ഉണ്ടാകുമ്പോള്‍ വി. അഗതയുടെ മാധ്യസ്ഥം യാചിച്ചു പ്രാര്‍ഥിക്കന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്.

Comments