ഫെബ്രുവരി 22 : വി. മാര്‍ഗരറ്റ് (1247-1297)

ഇറ്റലിയിലെ ലുവിയാനോയില്‍ ഒരു കര്‍ഷകകുടുംബത്തിലാണ് മാര്‍ഗരറ്റ് ജനിച്ചത്. അവള്‍ക്കു ഏഴു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ മാര്‍ഗരറ്റിന്റെ ജീവിതം ദുസ്സഹമായി. രണ്ടാനമ്മ ഒരു ശല്യക്കാരിയായാണ് അവളെ കണ്ടിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവസ്ഥ. ഇക്കാലത്താണ് ഒരു യുവാവുമായി മാര്‍ഗരറ്റ് അടുക്കുന്നത്. ഒരു പ്രഭുകുമാരനായിരുന്നു അയാള്‍. പ്രണയം വളരെ വേഗം പുഷ്പിച്ചു. അധികം വൈകാതെ മാര്‍ഗരറ്റ് വീട്ടുകാരോടു പറയാതെ ഒരു രാത്രി അയാള്‍ക്കൊപ്പം ഒളിച്ചോടി. പിന്നീടുള്ള ഒന്‍പതു വര്‍ഷം അയാള്‍ക്കൊപ്പമാണ് മാര്‍ഗരറ്റ് ജീവിച്ചത്. അവര്‍ക്ക് ഒരു മകനുമു ണ്ടായി. 1274 ല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടതോടെ മാര്‍ഗരറ്റും മകനും അനാഥരായി. ഭര്‍ത്താവിന്റെ മരണം താന്‍ ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷയായാണ് മാര്‍ഗരറ്റ് കണ്ടത്. കുറ്റബോധത്തോടെ അവള്‍ തന്റെ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങിപ്പോയി.
എന്നാല്‍, പിതാവ് മകളെ നിഷ്‌സക്കരുണം മടക്കി അയച്ചു. മാര്‍ഗരറ്റിനു മകനുമായി എങ്ങോട്ടു പോകണമെന്ന് നിശ്ചയമില്ലായിരുന്നു. ഒടുവില്‍ കോര്‍ടോണയിലെ കത്തോലിക്കാ സന്യാസി കളുടെ ഒരു ആശ്രമത്തില്‍ അവള്‍ അഭയം തേടി. മാര്‍ഗരറ്റ് അതീവസുന്ദരിയായിരുന്നു. അവളെ കാണുന്ന യുവാക്കളൊക്കെ അവളെ മോഹിച്ചു. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ അവളെ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. പ്രാര്‍ഥനയിലൂടെയാണ് അവള്‍ പാപത്തെ തോല്‍പിച്ചത്. തന്റെ സൗന്ദര്യം യുവാക്കളെ പാപത്തിലേക്കു നയിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് മനസിലാക്കിയ മര്‍ഗരറ്റ് സ്വയം വിരൂപയാകാന്‍ ശ്രമിച്ചുവെങ്കിലും ഒരു സന്യാസി തക്കസമയത്ത് അവളെ തടഞ്ഞു. ദരിദ്രരായ സ്ത്രീകളെ സഹായിച്ച് അവര്‍ക്കൊപ്പം ജീവിക്കാന്‍ മാര്‍ഗരറ്റ് തീരുമാനിച്ചു. രാവും പകലും അവരെ ശുശ്രൂഷിച്ചു. 1277ല്‍ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്ന മാര്‍ഗരറ്റിന്റെ പ്രാര്‍ഥന കള്‍ക്ക് സ്വര്‍ഗത്തില്‍ നിന്നു മറുപടികള്‍ കിട്ടിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനായി സമാനമനസ്‌കരായ സ്ത്രീകളെ ചേര്‍ത്ത് സന്യാസസമൂഹത്തിനു മാര്‍ഗരറ്റ് തുടക്കം കുറിച്ചു. ദരിദ്രര്‍ക്കുവേണ്ടി ആശുപത്രി സ്ഥാപിച്ചു. വിശുദ്ധ കുര്‍ബാനയോടുള്ള അടങ്ങാത്ത ഭക്തിയായിരുന്നു മാര്‍ഗരറ്റിന്റെ ശക്തി. പ്രവചനങ്ങളും അദ്ഭുതങ്ങളും മാര്‍ഗരറ്റ് പ്രവര്‍ത്തിച്ചു. തന്റെ മരണദിവസം മാര്‍ഗരറ്റ് മുന്‍കൂട്ടി പ്രവചിച്ചു. 1297 ഫെബ്രുവരി 22ന് മാര്‍ഗരറ്റ് മരിച്ചു. 1728ല്‍ പോപ് ബെനഡിക്ട് പതിമൂന്നാമന്‍ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Comments