ഫെബ്രുവരി 20 : വി. എല്യുത്തേരിയസ് (ആറാം നൂറ്റാണ്ട്)

ഫ്രാന്‍സിലെ ടൂര്‍ണെയില്‍ ക്രൈസ്തവവിശ്വാസികളായ മാതാപിതാക്കള്‍ക്കു ജനിച്ച എല്യുത്തേരിയസ് ടൂര്‍ണെയുടെ ആദ്യത്തെ ബിഷപ്പായി അറിയപ്പെടുന്നു. എല്യുത്തേരിയസിനും 150 വര്‍ഷത്തോളം മുന്‍പ് ക്രൈസ്തവവിശ്വാസം സ്വീകരിച്ച കുടുംബമായിരുന്നു അത്. വി. പിയറ്റില്‍ നിന്നായിരുന്നു ടൂര്‍ണെയില്‍ വ്യാപകമായി ക്രിസ്തമതം പ്രചരിക്കപ്പെട്ടത്. എന്നാല്‍, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തോടെ ക്രിസ്തീയ വിശ്വാസങ്ങള്‍ ക്ഷയിക്കുവാന്‍ തുടങ്ങി. മാത്രമല്ല, മതമര്‍ദനം ശക്തമായിരുന്നതിനാല്‍ ക്രിസ്ത്യാനികള്‍ ദൂരദേശങ്ങളിലേക്ക് പലായനംചെയ്തു കൊണ്ടുമിരുന്നു. ഈയവസരത്തിലാണ് എല്യുത്തേരിയസ് ടൂര്‍ണെയിലെ ബിഷപ്പായി സ്ഥാനമേല്‍ക്കുന്നത്. എ.ഡി. 486ലായിരുന്നു അത്. ക്രൈസ്തവരെ പീഡിപ്പിച്ചുകൊണ്ടിരുന്ന ആര്യന്‍ വിശ്വാസങ്ങള്‍ക്കെതിരെ പോരാടുകയായിരുന്നു എല്യുത്തേരിയസിന്റെ പ്രധാന ചുമതല. അതില്‍ അദ്ദേഹം ഒരുപരിധി വരെ വിജയിക്കുകയുംചെയ്തു.ക്രിസ്തു ദൈവപുത്രനല്ലെന്നും വെറും മനുഷ്യനാണെന്നും വാദിച്ചിരുന്നവര്‍ക്കെതിരെയും അദ്ദേഹം വിശ്വാസയുദ്ധം നടത്തി. മാര്‍പാപ്പയായിരുന്നു ഹോര്‍മിസ്ദാസിന്റെ നിര്‍ദേശപ്രകാരം എല്യുത്തേരിയസ് ഒരു സുനഹദോസ് വിളിച്ചുകൂട്ടി. ഇവിടെവച്ച് അദ്ദേഹം തെളിവുകള്‍ നിരത്തി എതിര്‍വിശ്വാസങ്ങളെ കീഴ്‌പ്പെടുത്തി. ഇതിനു അദ്ദേഹത്തിനു സ്വന്തം ജീവന്‍തന്നെ ബലികഴിക്കേണ്ടതായി വന്നു. ശത്രുക്കള്‍ അദ്ദേഹത്തെ ഒളിച്ചിരുന്നു ആക്രമിച്ചു. തലയ്ക്കു മുറിവേറ്റ എല്യുത്തേരിയസ് അഞ്ചാഴ്ച അവശനായി കിടന്നശേഷം മരിച്ചു. എ.ഡി. 1092 ല്‍ ഉണ്ടായ ഒരുതീപിടിത്തതില്‍ എല്യുത്തേരിയസിന്റെ ജീവിതം സംബന്ധിച്ചുള്ള നിരവധി തെളിവുകളും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളും നശിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ എല്യുത്തേരിയസിനെപ്പറ്റി എഴുതപ്പെട്ട ഒരു പുസ്തകത്തിലാണ് ഇന്ന് അദ്ദേഹത്തിന്റെ ജീവിതം സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.

Comments