ഫെബ്രുവരി 13 : വിശുദ്ധ കാതറിന്‍ ഡി റിസ്സി

ടസ്ക്കാനിയില്‍ അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു കുടുംബമാണ് റിസ്സി കുടുംബം. 1522-ല്‍ പീറ്റര്‍ ഡെ റിസ്സി-കാതറീന്‍ ബോണ്‍സാ ദമ്പതികള്‍ക്ക് കാതറിന്‍ ഡെ റിസ്സി ജനിച്ചു. അലെക്സാണ്ട്രിന എന്നായിരുന്ന അവളുടെ മാമോദീസ പേര്‌, എന്നാല്‍ സന്യാസവൃതം സ്വീകരിച്ചപ്പോള്‍ അവള്‍ കാതറീന്‍ എന്ന നാമം സ്വീകരിച്ചു. വിശുദ്ധയുടെ ചെറുപ്പത്തില്‍ തന്നെ അവള്‍ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടു, അതീവ ദൈവഭക്തയായിരുന്ന അവളുടെ അമ്മൂമ്മ വഴിയാണ് അവള്‍ നന്മയില്‍ വളര്‍ന്നു വന്നത്. അവള്‍ക്ക് 6നും 7നും ഇടക്ക്‌ വയസ്സ് പ്രായമായപ്പോള്‍, അവളുടെ പിതാവ്‌ അവളെ ഫ്ലോറെന്‍സിന്റെ നഗരകവാടത്തിനടുത്തുള്ള മോണ്ടിസെല്ലി കന്യാസ്ത്രീമഠത്തില്‍ ചേര്‍ത്തു, അവളുടെ അമ്മായിയായിരുന്ന ലൂയിസാ ഡെ റിസ്സി അവിടത്തെ ഒരു കന്യാസ്ത്രീയായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നും അകന്ന്‍ നില്‍ക്കുന്ന ഈ സ്ഥലം ഒരു സ്വര്‍ഗ്ഗമായിരുന്നു. യാതൊരുവിധ ശല്ല്യമോ ബുദ്ധിമുട്ടോ കൂടാതെ ഇവിടെ അവള്‍ ദൈവത്തെ സേവിച്ചു പോന്നു.



കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ പിതാവ്‌ അവളെ സ്വന്തം ഭവനത്തിലേക്ക് തിരികെ കൊണ്ടുവന്നു. സ്വന്തം ഭവനത്തിലും അവള്‍ തന്റെ പതിവ്‌ പ്രാര്‍ത്ഥനകളും ഭക്തിപരമായ ജീവിത രീതിയും തുടര്‍ന്നു. പക്ഷെ അവിടത്തെ സുഖലോലുപതയും മറ്റ് തടസ്സങ്ങളും ഒഴിവാക്കാനാവാത്തതായിരുന്നു. അതിനാല്‍ അവള്‍ തന്റെ പതിനാലാമത്തെ വയസ്സില്‍ വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ച് തന്റെ പിതാവിന്റെ അനുവാദം നേടിയതിനു ശേഷം 1535-ല്‍ ടസ്ക്കാനിയിലെ പ്രാറ്റിലുള്ള ഡോമിനിക്കനെസ്സെസ് കന്യാസ്ത്രീമഠത്തില്‍ ചേര്‍ന്ന് സന്യാസ ശിരോവസ്ത്രം സ്വീകരിച്ചു. അവളുടെ അമ്മാവനായിരുന്ന ഫാ. തിമോത്തി ഡി റിസ്സിയായിരുന്നു അവിടത്തെ ഡയറക്ടര്‍.
ദൈവം തന്റെ കരുണയുള്ള പദ്ധതികളാല്‍ തന്റെ മണവാട്ടിയായി തിരഞ്ഞെടുത്തു. കഠിനമായ പരീക്ഷണങ്ങളിലൂടെ അവള്‍ കടന്നുപോയി. രണ്ടു വര്‍ഷക്കാലത്തോളം അവള്‍ മാരകമായ രോഗം മൂലം വിവരിക്കാനാവാത്തവിധത്തിലുള്ള വേദന സഹിച്ചു, ഇതിന്റെ ശമനത്തിനായി ചെയ്ത മരുന്നുകളെല്ലാം വേദന വര്‍ദ്ധിപ്പിക്കുവാനേ ഉപകരിച്ചുള്ളു. ഈ സഹനങ്ങളെ അവളുടെ ഉള്ളിലുള്ള നന്മകളേ പവിത്രീകരിക്കുകയും, അവയെ സന്തോഷപൂര്‍വ്വം സഹിച്ചുകൊണ്ട് യേശുവിനോടുള്ള സ്നേഹത്തില്‍ അവള്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു.
അത്ഭുതകരമായ വിധത്തില്‍ അവളുടെ ആരോഗ്യം വീണ്ടെടുത്തതിനു ശേഷം വിനയത്തിനും, അനുസരണക്കും യോജിച്ച വിധത്തിലുള്ള കഠിനമായ സന്യാസജീവിതത്തിലൂടെ അനുതാപം നിറഞ്ഞ ജീവിതത്തില്‍ മുന്നേറുവാനും, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുവാനും അവള്‍ പഠിച്ചു. ആഴ്ചയില്‍ മൂന്നും നാലും ദിവസങ്ങള്‍ വെറും വെള്ളവും അപ്പവും മാത്രം ഭക്ഷിച്ചു കൊണ്ടവള്‍ ഉപവസിച്ചു. ചില അവസരങ്ങളില്‍ അവള്‍ ഒന്നും തന്നെ ഭക്ഷിക്കാറില്ലായിരുന്നു. മാത്രമല്ല കഠിനമായ അച്ചടക്കവും, കൂര്‍ത്ത ഇരുമ്പ് ചങ്ങല തന്റെ ചര്‍മ്മത്തിന് മുകളില്‍ ധരിച്ചുകൊണ്ട് അവള്‍ തന്റെ ശരീരത്തേയും സഹനം വഴി ശുദ്ധീകരിച്ചു.

അവളുടെ അനുസരണയും, എളിമയും, ദയയും അവളുടെ അനുതാപത്തിന്റെ പ്രസരിപ്പിനേക്കാള്‍ ഉന്നതിയിലായിരുന്നു. ഭിന്നതയുടേയോ, ആത്മപ്രശംസയുടേയോ ചെറിയ നിഴല്‍പോലും അവളെ വാക്കുകളില്‍ ആര്‍ക്കും അനുഭവപ്പെടാറില്ലായിരിന്നു. എപ്പോഴും മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുവാനായിരുന്നു അവളുടെ ഇഷ്ടം. ആദിപിതാവായ ആദത്തിന്റെ ഹൃദയത്തെ കീഴടക്കിയിരുന്ന ദൂഷണം, പാപം, സ്വാര്‍ത്ഥത തുടങ്ങിയ വികാരങ്ങളുടെ മേല്‍ വിജയം വരിക്കുവാന്‍ വിശുദ്ധക്ക്‌ കഴിഞ്ഞിരുന്നു. പക്ഷെ ഈ തന്റെ മേലുള്ള ഈ വിജയവും, വികാരങ്ങളുടെ ശുദ്ധീകരണവും പരിപൂര്‍ണ്ണമാവണമെങ്കില്‍ പ്രാര്‍ത്ഥനയോടുള്ള തീക്ഷ്ണത അത്യാവശ്യമാണെന്ന് അവള്‍ തിരിച്ചെറിഞ്ഞു.
ദൈവത്തിനു ഏറ്റവും പ്രിയങ്കരമായ നന്മപ്രവര്‍ത്തികള്‍ ചെയ്യുവാനുള്ള ഒരവസരവും അവള്‍ ഒഴിവാക്കിയിരുന്നില്ല. തിന്മയുടേതായ എല്ലാ പ്രലോഭനങ്ങളെയും അവള്‍ ശക്തമായി പ്രതിരോധിച്ചിരുന്നു. പ്രാര്‍ത്ഥനയും, ധ്യാനവും, അനുതാപവും തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ദൈവം അവളുടെ ആത്മാവില്‍ സ്വര്‍ഗ്ഗീയ സത്യങ്ങളുടെ ഉന്നതമായ ആശയങ്ങള്‍ മുദ്രകുത്തി. എല്ലാം ദൈവത്തിനു സമര്‍പ്പിക്കുവാനുള്ള ശക്തമായി ജ്വലിക്കുന്ന ആഗ്രഹവും, ക്രിസ്തുവിനു വേണ്ടി സഹനങ്ങളോടും, ദാരിദ്ര്യത്തോടുമുള്ള സ്നേഹവും വിശുദ്ധയില്‍ കാണാമായിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ കാതറിന്‍, മഠത്തില്‍ സന്യാസിനീ വൃതം സ്വീകരിക്കുവാന്‍ തയ്യാറെടുക്കുന്നവരുടെ മേല്‍നോട്ടക്കാരിയായി, പിന്നീട് സഹ-ആശ്രമാധിപയുമായി. അവള്‍ക്ക്‌ 25 വയസ്സായപ്പോള്‍ ആ മഠത്തിലെ മുഖ്യാധിപയുമായി തീര്‍ന്നു. അവളുടെ അസാധാരണമായ ദിവ്യത്വത്തിന്റേയും, വിവേകത്തിന്റേയും കീര്‍ത്തി മൂലം മെത്രാന്‍മാര്‍, രാജകുമാരന്‍മാര്‍, കര്‍ദ്ദിനാള്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ നിരവധി ആളുകള്‍ അവളെ സന്ദര്‍ശിക്കുവാന്‍ കാരണമായി. സന്ദര്‍ശകരില്‍ പ്രമുഖരായ സെര്‍വിനി, മെദീസിയിലെ അലെക്സാണ്ടര്‍, അള്‍ഡോബ്രാണ്ടിനി തുടങ്ങിയവരും ഉള്‍പ്പെടുന്നു.
വിശുദ്ധ ഓസ്റ്റിനെ ഈജിപ്തിലെ വിശുദ്ധ ജോണുമായി ബന്ധപ്പെടുത്തിയത് പോലെ എന്തോ ഒന്ന് വിശുദ്ധ ഫിലിപ്പ് നേരിയേയും വിശുദ്ധ കാതറീന്‍ റിസ്സിയേയും ബന്ധപ്പെടുത്തി. നിരവധി കത്തുകളിലൂടെ പരസ്പരം അറിഞ്ഞ ഇവര്‍ തമ്മില്‍ കാണണമെന്ന ആഗ്രഹവുമായി ഇരിക്കുമ്പോള്‍, റോമില്‍ തടവിലായ വിശുദ്ധ ഫിലിപ്പ്‌ നേരി ഒരു ദര്‍ശനത്തില്‍ വിശുദ്ധ കാതറീനെ കണ്ടു. കുറെ നേരം അവര്‍ പരസ്പരം സംസാരിച്ചു.

താന്‍ റോമില്‍ തടവിലായിരിക്കുമ്പോള്‍ കാതറീന്‍ ഡെ റിസ്സി തനിക്ക്‌ ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടു എന്ന് വിശുദ്ധ ഫിലിപ്പ്‌ നേരി തന്നെ പിന്നീട് പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധ ഫിലിപ്പിന്റെ ജീവിതത്തെകുറിച്ചുള്ള തന്റെ ഗ്രന്ഥത്തില്‍ ബാസ്സിയും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ഫിലിപ്പ്‌ നേരിയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു വേണ്ടിയുള്ള തന്റെ ഔദ്യോഗിക രേഖയില്‍ ഗ്രിഗറി പതിനഞ്ചാമന്‍ പാപ്പ, വിശുദ്ധ ഫിലിപ്പ്‌ നേരി റോമില്‍ താമസിക്കുന്ന കാലത്ത്‌, ടസ്ക്കാനിയിലെ പ്രാറ്റിലുള്ള കാതറീന്‍ റിസ്സി എന്ന കന്യകാ സ്ത്രീയുമായി ഒരുപാടു നേരം ദര്‍ശനത്തില്‍ സംസാരിച്ചിരുന്നുവെന്നു രേഖപ്പെടുത്തിയിരിക്കുന്നു.
ഏറ്റവും മനോഹരമായത് യേശുവിന്റെ ജീവിതത്തേയും സഹനങ്ങളെയും കുറിച്ചുള്ള വിശുദ്ധയുടെ ധ്യാനമാണ്. ഇത് വിശുദ്ധയുടെ നിത്യേനയുള്ള ഒരു പ്രവര്‍ത്തിയായിരുന്നു, എല്ലാ ആഴ്ചകളിലേയും വ്യാഴാഴ്‌ച ഉച്ചമുതല്‍ വെള്ളിയാഴ്ച മൂന്നുമണിവരെ അവള്‍ വളരെ ഏകാഗ്രതയോടെ ധ്യാനിച്ചു പോന്നു. നീണ്ടകാലം രോഗശയ്യയിലായതിനു ശേഷം തന്റെ 67-മത്തെ വയസ്സില്‍ 1589 ഫെബ്രുവരി 2ന് പരിശുദ്ധ ദൈവമാതാവിന്റെ ശുദ്ധീകരണ തിരുനാള്‍ ദിവസം അവള്‍ നിത്യാനന്ദത്തിലേക്ക്‌ പ്രവേശിച്ചു. 1732-ല്‍ ക്ലമന്റ് പന്ത്രണ്ടാമന്‍ പാപ്പാ കാതറീന്‍ ഡെ റിസ്സിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു, പിന്നീട് 1746-ല്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പാ അവളെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. ഫെബ്രുവരി 13നാണ് ഈ വിശുദ്ധയുടേ തിരുനാള്‍ ആഘോഷിക്കുന്നത്.
വിശുദ്ധ കാതറീന്റെ ദിവ്യത്വത്തെകുറിച്ചുള്ള ആദ്യകാല സാക്ഷിപത്രങ്ങള്‍ തികച്ചും വിസ്മയിപ്പിക്കുന്നതാണ്. അവളെ അടുത്തറിയുമായിരുന്ന ഒരു ഡൊമിനിക്കന്‍ വൈദികനായിരിന്ന ഫാ. സെറാഫിന്‍ റാസ്സിയായിരുന്നു അവളുടെ ജീവചരിത്രം രചിച്ചത്‌. 1594-ല്‍ ലുക്കായില്‍ വെച്ചാണ് ഇത് അച്ചടിച്ചത്, ഇക്കാരണങ്ങളാല്‍ ഇത് തികച്ചും വിശ്വാസയോഗ്യമാണ്. വിശുദ്ധയുടേയും, ഉര്‍ബീനോ പ്രഭ്വിയുടേയും കുമ്പസാരകനായിരുന്ന ഫാ. ഫിലിപ്പ് ഗുയിഡിയും വിശുദ്ധയുടെ ഒരു ജീവചരിത്രം തയ്യാറാക്കുകയും, 1622-ല്‍ ആച്ചടിക്കുകയും ചെയ്തു. ഫാ. മൈക്കേല്‍ പിയോ, ജോണ്‍ ലോപ്പസ് എന്നിവരും വിശുദ്ധയുടെ ജീവിതത്തെകുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

Comments