ജനുവരി 7 : വി.ചാള്‍സ് (1613-1670)

ഇറ്റലിയിലെ സെസ്സെയിലാണ് വി. ചാള്‍സ് ജനിച്ചത്. വളരെ ദരിദ്ര രായിരുന്നു ചാള്‍സിന്റെ മാതാപിതാക്കള്‍. എന്നാല്‍ ആത്മീയതയില്‍ സമ്പന്നരായിരുന്നു അവര്‍. ഭക്തരായ മാതാപിതാക്കളിലൂടെ ചാള്‍സ് ദൈവസ്‌നേഹത്തിന്റെ ആഴങ്ങള്‍ തൊട്ടറിഞ്ഞു. ബാലനായ ചാള്‍സ് ആട്ടിടയനായി ജോലിനോക്കി. അതിനാല്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍കഴിഞ്ഞില്ല. ആടുകളുമായി മലഞ്ചെരുവുകളില്‍ പോയി അവയ്ക്കു കാവലിരിക്കുമ്പോള്‍ ചാള്‍സ് ദൈവത്തോടു സംസാരിച്ചു.



ആ സംസാരമായിരുന്നു ചാള്‍സിന്റെ പ്രാര്‍ഥനകള്‍. മുതിരുമ്പോള്‍ ഒരു പുരോഹിതനാകുന്നതായി അവന്‍ സ്വപ്നം കണ്ടു. പക്ഷേ, എഴുതുവാനോ വായിക്കുവാനോ അറിയാത്തവനായതിനാല്‍ പൗരോഹിത്യപഠനം സാധ്യമായി്ല്ല. ഇരുപത്തിരണ്ടാം വയസില്‍ ഫ്രാന്‍സിസ്‌കന്‍ സഭയുടെ കീഴിലുള്ള ഒരാശ്രമത്തില്‍ സഹോദരനായി സേവനമനുഷ്ഠിക്കാന്‍ തുടങ്ങി. പ്രേഷിതപ്രവര്‍ത്തകനായി നിരവധി സ്ഥലങ്ങളിലും രാജ്യങ്ങളിലും പോകണമെന്നു ചാള്‍സ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മോശപ്പെട്ട ആരോഗ്യസ്ഥിതിയും രോഗങ്ങളും അതിനു തടസമായി.

ആശ്രമത്തിലെ സന്യാസിമാരുടെയും തീര്‍ഥാടകരുടെയും പാചകക്കാരനായും സഹായിയായും പുന്തോട്ടക്കാരനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഒരിക്കല്‍ ആശ്രമാധിപന്‍ ചാള്‍സിനോട് പുരോഹിതരെ മാത്രം സഹായിച്ചാല്‍ മതിയെന്നു ആവശ്യപ്പെട്ടു. ചാള്‍സ് ആദ്യമത് അനുസരിച്ചു. സന്ദര്‍ശകരുടെ എണ്ണം വൈകാതെ കുറഞ്ഞുതുടങ്ങി. ഇത് പ്രേഷിതപ്രവര്‍ത്തനത്തില്‍ പക്ഷപാതം കാണിച്ചതിനാണെന്ന് ചാള്‍സ് ആശ്രമമേധാവിയോടു പറഞ്ഞു. അദ്ദേഹംഅത് അനുവദിക്കുകയും ചെയ്തു. പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ചാള്‍സ് ഓടിനടന്നു പ്രവര്‍ത്തിച്ചു. യേശുവിന്റെ ശരീരത്തിലെ പോലെ അഞ്ചുതിരുമുറിവുകള്‍ ചാള്‍സിന്റെ ശരീരത്തിലുമുണ്ടായിരുന്നു. 1670 ല്‍ അദ്ദേഹം മരിച്ചു. 1959 ല്‍ പോപ് ലിയോ പതിമൂന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Comments