ജനുവരി 29 : വി.ജെലാസിയൂസ് രണ്ടാമന്‍ മാര്‍പാപ്പാ

1058-ല്‍, ഗെയിറ്റായിലെ കെയ്റ്റാണി കുടുംബത്തിലാണ് വിശുദ്ധ ജെലാസിയൂസ് ജനിച്ചത്‌. മോന്‍ടെ കാസ്സിനോ ആശ്രമത്തിലെ ഒരു സന്യാസിയായിരുന്നു അദ്ദേഹം. ഉര്‍ബന്‍ രണ്ടാമന്‍ പാപ്പാ വിശുദ്ധനെ റോമിലേക്ക് കൊണ്ടുപോവുകയും 1088 ആഗസ്റ്റില്‍ പാപ്പായുടെ സബ്-ഡീക്കനായി നിയമിച്ചു. അദ്ദേഹത്തിന് 30 വയസ്സായപ്പോള്‍, സാന്താ മരിയ കോസ്മെഡിനിലെ കര്‍ദ്ദിനാള്‍ ഡീക്കനായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. 1089 മുതല്‍ 1118 വരെ റോമന്‍ സഭയുടെ ചാന്‍സിലര്‍ ആയി നിയമിതനായ വിശുദ്ധന്‍ റോമിലെ ഭരണ സംവിധാനത്തില്‍ അടിമുടി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.പരിശുദ്ധ പിതാവിന് വേണ്ട രേഖകള്‍ തയാറാക്കുന്ന താത്ക്കാലിക റോമന്‍ ഉദ്യോഗസ്ഥന്‍മാരെ ആശ്രയിക്കുന്ന പഴയ പതിവൊഴിവാക്കി പാപ്പാ ഭരണത്തിന്‍ കീഴില്‍ സ്ഥിരമായി ഗുമസ്തന്മാരെ (Clerk) നിയമിച്ചു. പാപ്പായുടെ ഔദ്യോഗിക രേഖകളുടെ സംക്ഷിപ്തരൂപം അവതരിപ്പിക്കുകയും ചെയ്തു. ഈ വിശുദ്ധന്റെ കാലത്താണ് പാപ്പായുടെ ചാന്‍സിലര്‍മാര്‍ കര്‍ദ്ദിനാള്‍മാരായിരിക്കണമെന്നും, അവരുടെ കാലാവധി അവരുടെ മരണം വരെ അല്ലെങ്കില്‍ അടുത്ത പാപ്പാ തിരഞ്ഞെടുപ്പ്‌ വരെയായി നിശ്ചയിച്ചത്.


118-ല്‍ പാശ്ചാള്‍ രണ്ടാമന്‍ പാപ്പായുടെ പിന്‍ഗാമിയായി വിശുദ്ധന്‍ തിരഞ്ഞെടുക്കപ്പെട്ടു. അധികം താമസിയാതെ റോമന്‍ ചക്രവര്‍ത്തിയായ ഹെന്രി അഞ്ചാമന്റെ സൈന്യാധിപൻ ഫ്രാന്‍ഗിപാനേ വിശുദ്ധനെ പിടികൂടി തടവിലാക്കി. എന്നാല്‍ വിശുദ്ധനുവേണ്ടിയുള്ള റോമന്‍ ജനതയുടെ മുറവിളി കാരണം അദ്ദേഹത്തെ വിട്ടയച്ചു. മാര്‍പാപ്പമാരെ വാഴിക്കുവാനുള്ള അധികാരം പാശ്ചാള്‍ രണ്ടാമന്‍ പാപ്പാ റോമന്‍ ചക്രവര്‍ത്തിക്ക് വിട്ടുകൊടുക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഹെന്ററി അഞ്ചാമന്‍ ഈ അധികാരം വീണ്ടും തന്റെ വരുതിയിലാക്കുവാന്‍ ശ്രമങ്ങള്‍ തുടങ്ങി. അതിനു വേണ്ടി അദ്ദേഹം വിശുദ്ധ ജെലാസിയൂസ് രണ്ടാമനെ 1118 മാര്‍ച്ചില്‍ റോമില്‍ നിന്നും നാട് കടത്തുകയും വിശുദ്ധന്റെ തിരഞ്ഞെടുപ്പ്‌ ആസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു.

കൂടാതെ ബ്രാഗായിലെ മെത്രാപ്പോലീത്തയായ മോറീസ് ബൗര്‍ഡിനെ ഗ്രിഗറി എട്ടാമന്‍ എന്ന നാമത്തില്‍ എതിര്‍പാപ്പായായി നിയമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ ഗെയിറ്റായില്‍ എത്തുകയും 1118 മാര്‍ച്ച് 9ന് അവിടത്തെ പുരോഹിതനായി നിയമിതനായി. അടുത്ത ദിവസം തന്നെ അദ്ദേഹം മെത്രാനായി അഭിഷിക്തനായി. ഉടനടി തന്നെ വിശുദ്ധന്‍ ഹെന്രി അഞ്ചാമനേയും, എതിര്‍പാപ്പായേയും ഭ്രഷ്ടനാക്കുകയും നോര്‍മന്‍ സംരക്ഷണത്തോടെ ജൂലൈയില്‍ റോമില്‍ തിരിച്ചെത്തുകയും ചെയ്തു. വിശുദ്ധ പ്രസ്സാഡെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വേളയില്‍ ഫ്രാന്‍ഗിപാനിയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യവാദികള്‍ പാപ്പായെ ആക്രമിച്ചു. ഇതേ തുടർന്ന് പാപ്പാ ഒളിവില്‍ പോവുകയും ചെയ്തു. അദ്ധേഹം നേരെ ഫ്രാന്‍സിലേക്കാണ് പോയത്. മാര്‍ഗ്ഗമധ്യേ പിസ്സായിലെ കത്രീഡല്‍ ദേവാലയം അഭിഷേകം ചെയ്യുകയും ചെയ്തു. ആ വർഷം ഒക്ടോബറില്‍ അദ്ദേഹം മാര്‍സില്ലേയില്‍ എത്തി.

Comments