ജനുവരി 24 : വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌

1567 ആഗസ്റ്റ്‌ 21ന് ആണ് വിശുദ്ധ ഫ്രാന്‍സിസ്‌ ജനിച്ചത്‌, 1593-ല്‍ വിശുദ്ധന് പുരോഹിത പട്ടം ലഭിച്ചു. 1594 മുതല്‍ 1598 വരെ ചാബ്ലയിസിലെ പ്രൊട്ടസ്റ്റന്റു വിഭാഗങ്ങള്‍ക്കിടയില്‍ സുവിശേഷം പ്രഘോഷിക്കുക എന്ന കഠിനവും അപകടകരവുമായ ദൗത്യത്തിനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. വിശുദ്ധന്റെ ശ്രമഫലമായി ഏതാണ്ട് 70,000 ത്തോളം ആത്മാക്കളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാന്‍ വിശുദ്ധനു കഴിഞ്ഞു.



1602-ല്‍ വിശുദ്ധന്‍ ജെന്‍ഫിലെ മെത്രാനായി അഭിഷിക്തനായി, വിശ്വാസികള്‍ക്ക്‌ വേണ്ടിയുള്ള അദ്ദേഹത്തിന്റെ അതിശക്തമായ അത്യുത്സാഹം സാക്ഷിപ്പെടുത്തുന്ന ഏതാണ്ട് 21,000ത്തോളം എഴുത്തുകളും 40,000 ത്തോളം പ്രഭാഷണരേഖകളും കണ്ടുകിട്ടിയിട്ടുണ്ട്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ “ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി തീര്‍ന്നു" എന്ന വാക്കുകള്‍ സ്വജീവിതത്തില്‍ പ്രയോഗികമാക്കിയ അദ്ദേഹം അനേകര്‍ക്ക് മുന്നില്‍ ശ്രദ്ധേയനായി.

വിശുദ്ധന്റെ വിജയത്തിന്റെ രഹസ്യമായ അനുകമ്പ, സ്നേഹം എന്നീ രണ്ടു വാക്കുകള്‍ കൊണ്ട് വിശുദ്ധന്റെ സ്വഭാവത്തെ വിവരിക്കുവാന്‍ നമുക്ക്‌ കഴിയും. അദ്ദേഹത്തിന്റെ രചനകള്‍ കാരുണ്യവും, ദൈവമഹത്വവും പ്രതിഫലിക്കുന്നവയാണ്. ഏറ്റവും പരക്കെ പ്രസിദ്ധമായത് അദ്ദേഹത്തിന്റെ ക്രിസ്തുവിനെ മാതൃകയാക്കികൊണ്ടുള്ള ‘ഭക്തിജീവിതത്തിലേക്കുള്ള ഒരാമുഖം’ (Introduction to the Devout Liffe) എന്ന രചനയാണ്. ഇത് ക്രിസ്തീയ പരിപൂര്‍ണ്ണതയുടെ രേഖാചിത്രമായി പരിഗണിക്കപ്പെടുന്നു. വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതശൈലി ഒരു വ്യക്തിയെ, സൗമ്യനും, സന്തോഷവാനുമാക്കി തീര്‍ക്കാനുതകുന്നത് ആയിരിന്നു. വിശുദ്ധയായ ഫ്രാന്‍സിസ്‌ ഡി ശന്താലുമായിട്ടുള്ള ഫ്രാന്‍സിസ് സാലസിന്റെ സൗഹൃദം കേള്‍വികേട്ടതുമായിരുന്നു.

അദ്ദേഹം ഈ വിശുദ്ധയുടെ സഹകരണത്തോടെ 1610-ല്‍ ‘വിസിറ്റേഷന്‍ സന്യസിനീമാര്‍’ എന്ന സന്യാസിനീ സഭക്ക്‌ രൂപം നല്‍കി. തന്റെ രൂപതയോടുള്ള സ്നേഹം മൂലം വിശുദ്ധന്‍ നിരവധി ശ്രേഷ്ഠ പദവികള്‍ നിരസിച്ചു, കര്‍ദ്ദിനാള്‍ പദവിയും ഇതില്‍ ഉള്‍പ്പെടുന്നു. വിശുദ്ധന്റെ ‘ആമുഖവും’ മറ്റ് രചനകളും കണക്കിലെടുത്ത് തിരുസഭ വിശുദ്ധനെ സഭയുടെ വേദപാരംഗതന്‍മാരില്‍ ഒരാളായി പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം ജന്മംകൊണ്ട് ഒരു വിശുദ്ധനായിരുന്നില്ല. ഒരു മുന്‍കോപിയും, പെട്ടെന്ന്‍ കോപം കൊണ്ട് ജ്വലിക്കുന്ന സ്വഭാവത്തോടു കൂടിയവനുമായിരുന്നു വിശുദ്ധന്‍. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഒരു ചെറിയ കാര്യം മതിയായിരിന്നു കോപിഷ്ടനായി അക്രമപ്രവര്‍ത്തനങ്ങളിലേക്ക് എടുത്തുചാടുവാന്‍.

വളരെയേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിശുദ്ധനു തന്റെ അക്ഷമക്കും, അകാരണമായ കോപത്തിനും മേല്‍ കടിഞ്ഞാണിട്ടത്. മെത്രാനായിരുന്നപ്പോള്‍ പോലും ചില സമയങ്ങളില്‍ (ഉദാഹരണത്തിന്: അദ്ദേഹത്തിന്റെ പ്രാഭാഷണം തീരുന്നതിനു മുന്‍പ്‌ ആരെങ്കിലും ബെല്ലടിച്ചാല്‍) വിശുദ്ധന്‍ തന്റെ ആത്മനിയന്ത്രണം കൈവിടുമായിരുന്നു. ഇതില്‍ പ്രധാനപ്പെട്ട കാര്യം, തീര്‍ച്ചയായും നിരന്തരമായ അക്ഷീണ പരിശ്രമം മൂലമാണ് വിശുദ്ധന്‍ തന്റെ പരിപൂര്‍ണ്ണ ആത്മനിയന്ത്രണം സാധ്യമാക്കിയതെന്നതാണ്. അദ്ദേഹത്തിന്റെ ആത്മനിയന്ത്രണ കഴിവിനെ നിരവധി ദൈവശാസ്ത്ര പണ്ഡിതര്‍ വര്‍ണ്ണിക്കുന്നത് കാണാന്‍ സാധിയ്ക്കും.

Comments