ഡിസംബര്‍ 5 : വി. സാബാസ് (439-532)

ഇന്നത്തെ തുര്‍ക്കിയുടെ ഭാഗമായ കപ്പഡോസിയ എന്ന സ്ഥലത്തു ജനിച്ച സാബാസ് വളരെ ലളിതജീവിതം നയിച്ച ശാന്തനായ ഒരു മനുഷ്യനായിരുന്നു. പലസ്തീനിയന്‍ സഭയുടെ ഏറ്റവും ഉന്നതമായ സ്ഥാനം അലങ്കരിച്ച വ്യക്തിയായിരുന്ന അദ്ദേഹം. ക്രൈസ്തവ വിശ്വാസികളായ മാതാപിതാക്കളുടെ മകനായി ജനിച്ച സാബാസ് മാതൃസഹോദരന്റെ സംരക്ഷണത്തിലാണ് ആദ്യം കഴിഞ്ഞിരുന്നത്. പിതാവ് സൈനിക ഉദ്യോഗസ്ഥനായിരുന്നതിനാല്‍ അദ്ദേഹം അലക്‌സാന്‍ഡ്രിയായിലായിരുന്നു. മാതൃസഹോദരന്റെ ഭാര്യ ക്രൂരയായ ഒരു സ്ത്രീയായിരുന്നു. അവര്‍ കഠിനമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് സാബാസ് അവിടെനിന്നു തന്റെ പിതൃസഹോദരന്റെ വീട്ടിലേക്ക് പോയി.
എന്നാല്‍, സാബാസിന്റെ പിതാവിന്റെ സ്വത്ത് കൂടി തന്റെ പേര്‍ക്ക് എഴുതി ക്കൊടുത്താല്‍ മാത്രമേ മകനെ നോക്കാനാവൂ എന്ന് അയാള്‍ പറഞ്ഞു. ഇത് സാബാസിനെ വേദനിപ്പിച്ചു. എല്ലാറ്റിലും വലുത് പണമാണെന്നു ചിന്തിക്കുന്നവരുടെ ലോകത്ത് നിന്ന് രക്ഷപെടാന്‍ ആഗ്രഹിച്ച സാബാസ് വീടുവിട്ടിറങ്ങി. ഇരുപതാം വയസില്‍ വിശുദ്ധനായ എത്തീമിയസിന്റെ ശിഷ്യനായി. അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ജീവിച്ചു. എന്നാല്‍ എത്തിമീയസിന്റെ മരണത്തോടെ സാബാസ് ആശ്രമം വിട്ട് മരുഭൂമിയില്‍ ഒരു ഗുഹയ്ക്കുള്ളില്‍ ഏകാന്തജീവിതം ആരംഭിച്ചു. കഠിനമായി അദ്ധ്വാനിച്ചു. ഒരു ദിവസം അരളിച്ചെടി കൊണ്ടുള്ള പത്ത് കുട്ടകള്‍ അദ്ദേഹം നെയ്‌തെടുക്കുമായിരുന്നു. ബാക്കി സമയം മുഴുന്‍ പ്രാര്‍ഥന യില്‍ മുഴുകി. ആഴ്ചയുടെ അവസാനം കുട്ടകള്‍ ഗ്രാമത്തില്‍ കൊണ്ടുപോയി വിറ്റിട്ട് ഒരാഴ്ചത്തെ ഭക്ഷണം വാങ്ങും.

വൈകാതെ, സാബാസിന്റെ വിശുദ്ധ ജീവിതം ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി. അനുയായികള്‍ ഏറെയുണ്ടായതോടെ അദ്ദേഹം ഒരു ആശ്രമം പണിതു. വളരെ വേഗത്തില്‍ അനുയായികളുടെ എണ്ണം പെരുകി. പല സ്ഥലങ്ങളിലും സാബാസിന്റെ നേതൃത്വത്തില്‍ കൂട്ടായ്മകള്‍ തുടങ്ങി. ഏകാന്തജീവിതം നഷ്ടപ്പെട്ടു തുടങ്ങിയതായും തിരക്കുമുലം പ്രാര്‍ഥനയ്ക്കു സമയം കിട്ടുന്നി ല്ലെന്നും തിരിച്ചറിഞ്ഞ സാബാസ് ജോര്‍ദാനിയായില്‍ ഒരു വനപ്രദേശത്തേക്ക് പോയി. അവിടെ ഒരു സിംഹമടയില്‍ അദ്ദേഹം കയറിച്ചെന്നു. സിംഹം നിശ്ശബ്ദനായി പുറത്തിറങ്ങി ആ ഗുഹ പുണ്യാത്മാവായ സാബാസിനു കൊടുത്തു. സാബാസ് കയറി പോയി ഗുഹയില്‍ നിന്ന് സിംഹം പുറത്തിറങ്ങി പോയത് കണ്ട ആരോ ഒരാള്‍ സാബാസ് സിംഹത്താല്‍ കൊല്ലപ്പെട്ടുവെന്നു പറഞ്ഞുപരത്തി. സാബാസിനെ പുറത്താക്കി സന്യാസസമൂഹത്തിന്റെ അധികാരം പിടിച്ചെടുക്കാ ന്‍ തക്കംപാത്തിരുന്ന സന്യാസിമാരില്‍ ചിലര്‍ ജറുസലേം പാട്രിയാര്‍ക്കിനെ സമീപിച്ച് വിവരം പറഞ്ഞു. സാബാസ് കൊല്ലപ്പെട്ടതിനാല്‍ പുതിയ ആശ്രമാധിപനെ തിരഞ്ഞെടുക്കണമെന്നാ യിരുന്നു അവരുടെ ആഗ്രഹം. അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കെ സാബാസ് മുറിയിലേക്ക് കടന്നുചെന്നു. എ.ഡി. 532ല്‍ അദ്ദേഹം മരിച്ചു.

Comments