ഡിസംബര്‍ 4 : വിശുദ്ധ ജോണ്‍ ഡമസീൻ വേദപാരംഗതൻ

വിശുദ്ധരുടെ രൂപങ്ങളും ചിത്രങ്ങളും വണങ്ങുന്നത് എതിര്‍ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാലത്ത് അവ സംരക്ഷിക്കുന്നതിനായി ഏറ്റവും മുന്‍പില്‍ നിന്ന ആളാണ് വിശുദ്ധ ജോണ്‍ ഡമസീൻ. ജോണ്‍ ജനിച്ചപ്പോള്‍ ദമാസ്കസിന്റെ ഭരണം ഖലീഫമാരുടെ കയ്യിലായിരുന്നു. എങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഉന്നത ഉദ്യോഗങ്ങളില്‍ ഇരിക്കുന്നതിനു അനുവാദം ഉണ്ടായിരുന്നു. ജോണിന്റെ പിതാവ്‌ ഖലീഫയുടെ പൊതു ആദായവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ഒരു നല്ല ക്രിസ്ത്യാനിയും ആയിരുന്നു. അദ്ദേഹം തന്റെ മകന്റെ വിദ്യാഭ്യാസം സിസിലിയില്‍ നിന്നും അടിമയായി കൊണ്ടുവന്ന കൊസ്മാസ്‌ എന്ന സന്യാസിയുടെ കരങ്ങളില്‍ ഏല്‍പ്പിച്ചു.



അദ്ദേഹം വിശുദ്ധ ജോണിനെ ദൈവശാസ്ത്രവും, ശാസ്ത്രവും, സാഹിത്യവും പഠിപ്പിച്ചു. തന്റെ പിതാവിനെ പിന്തുടര്‍ന്ന് അദ്ദേഹം പിതാവിന്റെ ഉദ്യോഗത്തില്‍ നിയമിതനായി. രാജധാനിയില്‍ ജീവിക്കുമ്പോള്‍ അദ്ദേഹം മറ്റുള്ളവര്‍ക്ക് ഒരു നല്ല ക്രിസ്ത്യാനിയുടെ മാതൃകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം ഇതിലും ഉയര്‍ന്ന മറ്റെന്തിലോ ആയിരുന്നു. അദ്ദേഹം തന്റെ ഉദ്യോഗം രാജിവച്ച്‌ ജെറുസലേമിന് സമീപമുള്ള വിശുദ്ധ സാബ്ബാസിന്റെ ആശ്രമത്തിലെ ഒരു സന്യാസിയായി തീര്‍ന്നു.
ഈ ആശ്രമത്തില്‍ അദ്ദേഹം ഗ്രന്ഥരചനയിലും സംഗീതം ചിട്ടപ്പെടുത്തിയും കഴിഞ്ഞു. ലസ്സൂരിയന്‍ ആയ ലിയോ രൂപങ്ങളെയും ചിത്രങ്ങളെയും ആദരിക്കുന്നത് നിര്‍ത്തണം എന്ന് ഉത്തരവിറക്കിയപ്പോള്‍, വിശുദ്ധ ജോണ്‍ ഈ വെല്ലുവിളി ഏറ്റെടുക്കുകയും ഈ പഴയ ആചാരം കാത്തുസൂക്ഷിക്കുവാനായി പ്രബന്ധങ്ങള്‍ എഴുതുകയും ചെയ്തു.
ഈ സമയം ജെറുസലേമിലെ പാത്രിയാര്‍ക്കീസ് ജോണിനെ തന്റെ പുരോഹിത വൃന്ദത്തില്‍ വേണമെന്ന് ആഗ്രഹിച്ചു. അതിന്‍പ്രകാരം അദ്ദേഹത്തെ ജെറുസലേമില്‍ കൊണ്ടു വന്ന് പൗരോഹിത്യ പട്ടം നല്‍കുകയും ചെയ്തു. എന്നിരുന്നാലും കുറെകാലങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്റെ ആശ്രമത്തിലേക്ക് തിരികെ വരികയും തന്റെ ശേഷിച്ച ജീവിതം മുഴുവനും ഗ്രന്ഥ രചനക്കായി വിനിയോഗിക്കുകയും ചെയ്തു. 'ബുദ്ധിയുടെ ധാര' (Fountain of Wisdom) എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന.
ഇതില്‍ അദ്ദേഹം തനിക്ക് മുന്‍പ് ജീവിച്ചിരുന്ന എല്ലാ മഹാ ദൈവശാസ്ത്രജ്ഞരുടേയും പ്രബോധനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൈവശാസ്ത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും സാരാംശങ്ങള്‍ നമുക്ക് തരുവാന്നുള്ള അദ്ദേഹത്തിന്റെ ആദ്യ ശ്രമം ആയിരുന്നു ഇത്. പഴയ കാല ആചാരങ്ങളുടെ ഒരു അക്ഷയ ഖനിയാണ് വിശുദ്ധ ജോണിന്റെ കൃതികള്‍. 1890-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ ഈ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

Comments