ഡിസംബര്‍ 3 : വി. ഫ്രാന്‍സീസ് സേവ്യര്‍ (1506-1552)

ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിശുദ്ധനായിരുന്നു ഫ്രാന്‍സീസ് സേവ്യര്‍. കേരളമടക്കം ഇന്ത്യയുടെ വിവിധ പ്രദേശ ങ്ങളില്‍ ലക്ഷക്കണക്കിനാളുകളെ ക്രൈസ്തവ മതത്തിലേക്ക് കൊണ്ടുവന്നത് ഈ വിശുദ്ധനാണ്. പഴയ ഗോവയിലെ ഉണ്ണിയേശു വിന്റെ നാമത്തിലുള്ള ബസലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന ഫ്രാന്‍ സീസ് സേവ്യറുടെ ഭൗതികശരീരം ഇപ്പോഴും പൂര്‍ണമായി അഴുകിയിട്ടില്ല. ലക്ഷക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കി 2002ലാണ് വിശുദ്ധന്റെ ശരീരം അവസാനമായി പുറത്തെടുത്തു പ്രദര്‍ശിപ്പിച്ചത്. സ്‌പെയിനിലെ നവാരയിലുള്ള ഒരു കുലീനകുടുംബത്തില്‍ 1506 ല്‍ ജനിച്ച ഫ്രാന്‍സീസ് സേവ്യര്‍ പൗരോഹിത്യത്തിലേക്ക് തിരിയുന്നത് യാദൃശ്ചികമായിട്ടായിരുന്നു.



വി. ഇഗ്നേഷ്യസ് ലയോളയു ടെ (ജൂലൈ 31ലെ വിശുദ്ധന്‍) സ്വാധീനമാണ് അതിനു നിമിത്തമായത്. തത്വശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം പാരീസ് സര്‍വകലാശാലയില്‍ അധ്യാപകനായി ജോലി നോക്കുമ്പോ ഴായിരുന്നു അത്. ലയോളയുമായി പരിചയപ്പെടാന്‍ ഇടയാക്കിയത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. വി. ഇഗ്നേഷ്യസ് ലയോളയ്‌ക്കൊപ്പം അദ്ദേഹം ഇറ്റലിയിലേക്ക് പോയി. ലയോള സ്ഥാ പിച്ച ഈശോ സഭയുടെ സെക്രട്ടറിയായി പ്രവര്‍ത്തനം തുടങ്ങി. 1573 ല്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ഇന്ത്യയിലെ പോര്‍ചുഗീസ് അധീനപ്രദേശങ്ങളില്‍ മതപ്രചാരണം നടത്തുന്നതിനായി പോര്‍ചുഗലിലെ ജോണ്‍ മൂന്നാമന്‍ രാജാവ് ഫ്രാന്‍സീസിനെ ഇന്ത്യയിലേക്ക് അയച്ചു. ഗോവയി ലാണ് അദ്ദേഹം എത്തിയത്. ഗോവയിലെ മുക്കുവരുടെയും തടവുകാരുടെയും കുഷ്ഠരോഗികളുടെ യുമൊപ്പം അവരിലൊരാളായി അദ്ദേഹം ജീവിച്ചു. ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിച്ചു തുടങ്ങിയതോടെ അധികാരികള്‍ ശത്രുക്കളായി. പോര്‍ചുഗീസ് അധികാരികള്‍ ജനങ്ങളെ ഏറെ പീഡിപ്പിച്ചിരുന്നു.

ഫ്രാന്‍സീസ് സേവ്യര്‍ എത്തിയതോടെ പീഡനങ്ങള്‍ കുറഞ്ഞു തുടങ്ങി. മതത്തെ രാഷ്ട്രീയത്തിന്റെ ഭാഗമായി കണ്ടിരുന്ന പോര്‍ചുഗീസ് അധികാരികളുടെ എതിര്‍പ്പ് ശക്തമായതോടെ അദ്ദേഹം കേരളതീരത്തേക്ക് തന്റെ പ്രവര്‍ത്തനമേഖല മാറ്റി. തിരുവിതാകൂറി ന്റെ തെക്കന്‍പ്രദേശങ്ങളിലും ഇന്തൊനീഷ്യയിലെ മലാക്കയിലും ജപ്പാനിലും അദ്ദേഹം ആയിരക്ക ണക്കിനാളുകളെ മാനസാന്തരപ്പെടുത്തി. ദരിദ്രരോടൊപ്പമായിരുന്നു അദ്ദേഹം ജീവിച്ചത്. മലര്‍ പൊടിയും കഞ്ഞിവെള്ളവുമായിരുന്നു ഭക്ഷണം. പകല്‍സമയം മുഴുവന്‍ സുവിശേഷപ്രസംഗ ത്തിനും രാത്രി പ്രാര്‍ഥനയ്ക്കുമായി അദ്ദേഹം നീക്കിവച്ചു. വേദനകള്‍ ജീവിതത്തിലുണ്ടാകു മ്പോള്‍ 'കൂറെക്കൂടി വേദനകള്‍ തരൂ, കര്‍ത്താവേ...' എന്നായിരുന്നു അദ്ദേഹം പ്രാര്‍ഥിച്ചിരുന്നത്. സന്തോഷമുണ്ടാകുമ്പോള്‍ 'മതി കര്‍ത്താവേ..മതി' എന്നും. ജപ്പാനില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിവരവേ, ചൈനയിലേക്ക് പോകുവാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങോട്ടു യാത്ര തിരിക്കു കയും ചെയ്തു. എന്നാല്‍ വഴിമധ്യേ സാന്‍ഡിയന്‍ ദ്വീപില്‍ വച്ച് 46-ാം വയസില്‍ അദ്ദേഹം മരിച്ചു. അവിടെ തന്നെ മൃതദേഹം അടക്കം ചെയ്തു.

പിന്നീട് ഇന്തൊനീഷ്യയിലെ മലാക്കയിലേക്ക് ഭൗതികശരീരം മാറ്റി. എന്നാല്‍ അഞ്ചുമാസത്തിനുള്ളില്‍ മതപരമായ ആവശ്യത്തിനായി കബറിടം തുറന്നപ്പോള്‍ മൃതദേഹം ഒട്ടും അഴുകിയിട്ടില്ലെന്നു മനസിലായതോടെ 'വിശുദ്ധ ശരീരം' എന്ന ഖ്യാതി ലഭിച്ചു. 1677ല്‍ ഭൗതികശരീരം ഗോവയിലെ ബോംജീസസ് ബസലിക്കയില്‍ മാറ്റി പ്രതിഷ്ഠിച്ചു. കേരളത്തിലെ ക്രൈസ്തവ സഭയെ സമ്പന്നമാക്കിയതില്‍ വി. ഫ്രാന്‍സീസ് സേവ്യര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ജീവിച്ചിരിക്കെത്തന്നെ നിരവധി അദ്ഭുതങ്ങള്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1544ല്‍ വേണാടിനെ (പിന്നീട് തിരുവിതാംകൂര്‍) വിജയനഗരത്തിന്റെ ആക്രമണത്തില്‍ നിന്ന് ഫ്രാന്‍സീസ് സേവ്യര്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തിയതായി ഒരു ഐതിഹ്യമുണ്ട്. വിജയനഗരസൈന്യം വിജയം നേടി മുന്നേറവേ, തന്റെ കയ്യിലിരുന്ന കുരിശെടുത്ത് ഉയര്‍ത്തിക്കാട്ടി അദ്ദേഹം സൈന്യത്തെ പിന്തിരിപ്പിച്ചുവെന്നാണ് കഥ. എന്നാല്‍, ഈ കഥയ്ക്ക് ചരിത്രപരമായ പിന്തുണ വേണ്ടത്രയില്ല. 1622ല്‍ പോപ് ഗ്രിഗറി പതിനഞ്ചാമനാണ് ഫ്രാന്‍സീസ് സേവ്യറെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

Comments