ഡിസംബര്‍ 23 : കാന്റിയിലെ വിശുദ്ധ ജോണ്‍

1397-ല്‍ പോളണ്ടിലെ കാന്റി എന്ന പട്ടണത്തിലാണ് ജോണ്‍ കാന്റിയൂസ് ജനിച്ചത്‌. പില്‍ക്കാലത്ത്‌ അദ്ദേഹം ദൈവശാസ്ത്രത്തില്‍ പണ്ഡിതനായി. തുടര്‍ന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ പിന്നീട് ക്രാക്കോ സര്‍വകലാശാലയിലെ അധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീന്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ നഗ്നപാദനായി വിശുദ്ധന്‍ സന്ദര്‍ശിക്കുകയുണ്ടായി.ഒരു ദിവസം കുറെ മോഷ്ടാക്കള്‍ അദ്ദേഹത്തിനുള്ളതെല്ലാം കവര്‍ച്ച ചെയ്തു. ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കല്‍ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന വിശുദ്ധന്റെ മറുപടി കേട്ടമാത്രയില്‍ തന്നെ മോഷ്ടാക്കള്‍ അവിടം വിട്ടു. അവര്‍ പോയതിനു ശേഷമാണ് കുറച്ചു സ്വര്‍ണ്ണ കഷണങ്ങള്‍ തന്റെ കുപ്പായത്തിനുള്ളില്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ള കാര്യം വിശുദ്ധന്‍ ഓര്‍ത്തത്‌. ഉടന്‍ തന്നെ വിശുദ്ധന്‍ ആ മോഷ്ടാക്കളുടെ പുറകെ പോവുകയും അവരെ തടഞ്ഞ് നിര്‍ത്തി ഇതേ കുറിച്ച് അവരോടു പറയുകയും ചെയ്തു. വിശുദ്ധന്റെ ഈ പ്രവര്‍ത്തിയില്‍ സ്ത്ബ്ദരായ മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ പ്രതി ആ സ്വര്‍ണ്ണം മാത്രമല്ല മുന്‍പ്‌ മോഷ്ടിച്ച വസ്തുക്കള്‍ വരെ അദ്ദേഹത്തിന് തിരിച്ചു നല്‍കി.
തന്നേയും, തന്റെ ഭവനത്തിലുള്ളവരേയും തിന്മയുടെ ദൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുവാനായി വിശുദ്ധന്‍ തന്റെ മുറിയുടെ ഭിത്തികളില്‍ ഇപ്രകാരം എഴുതി ചേര്‍ത്തിരിക്കുന്നു: ‘Conturbare cave, non est placare suave, diffamare cave, nam revocare grave’ അതായത്‌: "കുഴപ്പങ്ങള്‍ക്ക് കാരണമാകാതെയും, മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താതിരിക്കുവാനും ശ്രദ്ധിക്കുക, ചെയ്ത തെറ്റിനെ ശരിയാക്കുവാന്‍ വളരേ ബുദ്ധിമുട്ടാണ്".
അയല്‍ക്കാരോടുള്ള വിശുദ്ധന്റെ സ്നേഹം എടുത്തു പറയേണ്ടതാണ്. പല അവസരങ്ങളിലും വിശുദ്ധന്‍ തന്റെ വസ്ത്രങ്ങളും പാദുകങ്ങളും പാവങ്ങള്‍ക്ക് നല്‍കുകയും, താന്‍ നഗ്നപാദനായി നില്‍ക്കുന്നത്‌ മറ്റുള്ളവര്‍ കാണാതിരിക്കുവാന്‍ തന്റെ ളോഹ നിലത്തിഴയു വിധത്തില്‍ താഴ്ത്തി ധരിക്കുകയും ചെയ്തിരുന്നു. തന്റെ അന്ത്യമടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ പക്കല്‍ അവശേഷിച്ചതെല്ലാം ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്തു സന്തോഷപൂര്‍വ്വം ദൈവസന്നിധിയിലേക്ക് യാത്രയായ. പോളണ്ടിലെ പ്രധാന മധ്യസ്ഥരില്‍ ഒരാളാണ് വിശുദ്ധ ജോണ്‍.

Comments