ജനുവരി 1 : പരിശുദ്ധ ദൈവമാതാവ്

യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഓര്‍മയ്ക്കായി സഭയില്‍ നിരവധി തിരുനാളുകള്‍ ആചരിക്കപ്പെടുന്നുണ്ട്. പുതുവത്സരദിനത്തില്‍ മറിയത്തെ അമ്മയായി കാണുന്ന തിരുനാളാണ് സഭ ആചരിക്കുന്നത്. ദൈവമാതാവ് എന്നനിലയ്ക്കു മറിയം സര്‍വോല്‍ക്കൃഷ്ടമായ വണക്കത്തിനും സ്‌നേഹാദരങ്ങ ള്‍സക്കും അര്‍ഹയാണ്. ദൈവമാതാവ് എന്ന പദവിയാണ് മറിയത്തിനു സഭ നല്‍കിയിരിക്കുന്നത്. യേശുവിന്റെ രക്ഷാകരപദ്ധതിയില്‍ മറ്റ് ആരെക്കാളും സ്ഥാനം മറിയത്തിനുണ്ട് എന്നതുകൊണ്ടു കൂടിയാണത്. ലോകത്ത്, ഏറ്റവും കൂടുതല്‍ അദ്ഭുതപ്രവര്‍ത്തികള്‍ നടക്കുന്നത് മറിയത്തിന്റെ മധ്യസ്ഥതയിലാണ്. അതുകൊണ്ടു തന്നെ, മാതാവിനോടുള്ള ഭക്തി നിത്യരക്ഷ സ്വന്തമാക്കാനുള്ള അവസരമാണെന്നാണ് സഭാ പിതാക്കന്‍മാര്‍ പറയുന്നത്. ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട യോവാക്കിമിന്റെയും അന്നയുടെയും മകളായ മറിയം എന്ന കന്യകയ്ക്കു ദൈവത്തിന്റെ അമ്മയാകാന്‍ ഭാഗ്യം ലഭിച്ചു.
സ്ത്രീകളില്‍ മറ്റാര്‍ക്കും കിട്ടാത്ത മഹനീയ ഭാഗ്യം. ഏറ്റവും എളിമയോടെ മറിയം ആ ദൈവമാതൃസ്ഥാനം ഏറ്റുവാങ്ങി. ദൈവദൂതന്റെ വാക്കുകള്‍ കേട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മറിയം എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പോയി. മറിയത്തെ കണ്ടമാത്രയില്‍ എലിസബത്ത് സന്തോഷം കൊണ്ട് മതിമറന്നു. ഗര്‍ഭസ്ഥ ശിശു ഉദരത്തില്‍ കിടന്നു കുതിച്ചു ചാടി. എലിസബത്ത് പറഞ്ഞു: ''എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരുവാനുള്ള ഭാഗ്യം എനിക്കെവിടെ നിന്നു സിദ്ധിച്ചു?'' (ലൂക്കാ 1:43) മറിയം എലിസബത്തിനോട് മറുപടിയായി പറഞ്ഞ കാര്യങ്ങള്‍ 'മറിയത്തിന്റെ കീര്‍ത്തനം' എന്ന പേരില്‍ അറിയപ്പെടുന്നു. ''ഇതാ ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. എന്തെന്നാല്‍ ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.'' എന്നു മറിയം വിളിച്ചുപറഞ്ഞു.

യേശുവിന്റെ വഴിയൊരുക്കുവാന്‍ വന്ന സ്‌നാപകയോഹന്നാനെയാണ് എലിസബത്ത് അപ്പോള്‍ ഗര്‍ഭം ധരിച്ചിരുന്നത്. മറിയത്തിന്റെ ഉദരത്തിലുള്ള യേശുവിന്റെ സാമീപ്യം മനസിലാക്കിയാവും എലിസബത്തിന്റെ ഉദരത്തില്‍ കിടന്ന് യോഹന്നാന്‍ തുള്ളിചാടിയത്. ദൈവമാതാവ് എന്ന പദവി ആദിമസഭയുടെ കാലം മുതല്‍ തന്നെ മറിയത്തിനു ലഭിച്ചിട്ടുണ്ട്. വിശുദ്ധ ഇഗ്നേഷ്യസ് ഒന്നാം നൂറ്റാണ്ടില്‍തത്തെ മറിയത്തെ ഇങ്ങനെ വളിച്ചു. എഫേസൂസ് കൗണ്‍സില്‍ (എ.ഡി.431) ഔദ്യോഗികമായി പദവി പ്രഖ്യാപിച്ചു. 1954ല്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ തന്റെ ചാക്രിക ലേഖനത്തില്‍ മറിയത്തിന്റെ ഉന്നത പദവിയെ കുറിച്ച് വിവരിക്കുന്നുണ്ട്. ''സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മറിയത്തെ തിരഞ്ഞെടുത്തത് ദൈവമാണ്. എല്ലാ മാലാഖമാരെ ക്കാളും എല്ലാ വിശുദ്ധരെക്കാളും വിശുദ്ധസ്ഥാനം മറിയത്തിന് അവകാശപ്പെട്ടതാണ്. സ്വര്‍ഗ ത്തില്‍ തന്റെ പുത്രനായ യേശുവിന്റെ വലതു ഭാഗത്ത് മറിയം ഉപവിഷ്ടയായിരിക്കുന്നു. നമ്മുടെ പ്രാര്‍ഥനകളും അപേക്ഷകളും മാതാവ് യേശുവിന്റെ സമീപത്ത് എത്തിക്കുന്നു.''

Comments