നവംബര്‍ 30 : വി. അന്ത്രയോസ് ശ്ലീഹാ (ഒന്നാം നൂറ്റാണ്ട്)

യേശുവിന്റെ ആദ്യ ശിഷ്യനായ അന്ത്രയോസിന്റെ ഓര്‍മദിവസ മാണിന്ന്. വി. പത്രോസ് ശ്ലീഹായുടെ സഹോദരന്‍ കൂടിയായിരുന്നു അദ്ദേഹം. സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാരില്‍ ഒരാളായിരുന്ന അന്ത്രയോസ് ഗലീലിയിലെ ബത്തസയിദായില്‍ യോനായുടെ പുത്രനായി ജനിച്ചു. സുവിശേഷങ്ങളില്‍ ശിഷ്യന്മാരുടെ പട്ടിക പറയുമ്പോള്‍ ആദ്യ സ്ഥാനം പത്രോസിനും രണ്ടാം സ്ഥാനം അന്ത്ര യോസിനുമാണ് കൊടുത്തിട്ടുള്ളത്. വെറുമൊരു മീന്‍പിടിത്തക്കാരനായിരുന്നു അന്ത്രയോസ്. മല്‍സ്യബന്ധനത്തിനു വളരെ പ്രസിദ്ധമായിരുന്നു ഗലീലിക്കടല്‍. പത്രോസിനൊപ്പം മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന അന്ത്രയോസ് അവിവാഹിതനായിരുന്നുവെന്നും പത്രോസിന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
'സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു, മാനസാന്തരപ്പെടുവിന്‍' എന്നുള്ള ആഹ്വാനവുമായി പ്രത്യ ക്ഷപ്പെട്ട പ്രവാചനകനായ സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാരായിരുന്നു പത്രോസും അന്ത്ര യോസും. യോഹന്നാന്‍ യേശുവിനെ 'ഇതാ ലോകത്തിന്റെ പാപങ്ങള്‍ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്നു വിശേഷിപ്പിച്ചതു മുതല്‍ അന്ത്രയോസ് യേശുവിന്റെ അനുയായി ആകാന്‍ ആഗ്രഹിച്ചു. യേശുവിനെ കുറിച്ച് സ്‌നാപകയോഹന്നാന്‍ ഇങ്ങനെ പറഞ്ഞത് അന്ത്രയോസി നോടാണെന്നും ഗുരുവിന്റെ നിര്‍ദേശം അനുസരിച്ചാണ് അന്ത്രയോസ് യേശുവിനെ അനുഗ മിച്ചതെന്നും ഒരു വിശ്വാസമുണ്ട്. ഒരു ദിവസം യേശുവിനൊപ്പം കഴിഞ്ഞ ശേഷം അന്ത്രയോസ് തന്റെ ഭവനത്തിലെത്തിയ പത്രോസിനോട് യേശുവിനെക്കുറിച്ചു പറയുകയും അദ്ദേഹത്തെ യേശുവിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. സുവിശേഷങ്ങളില്‍ ഏതാണ്ട് 12 സ്ഥലത്ത് അന്ത്രയോസിനെക്കുറിച്ച് പറയുന്നുണ്ട്.

'വരൂ, നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കാം' എന്നു പറഞ്ഞുകൊണ്ട് യേശു ആദ്യശിഷ്യന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ അന്ത്രയോസും ഉണ്ടായിരുന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ യേശു തൃപ്തിപ്പെടുത്തുന്ന അദ്ഭുതം അന്ത്രയോസിന്റെ കൂടി വിശ്വാസത്തിന്റെ പ്രതീകമാണ്. അയ്യായിരത്തോളം വരുന്ന ജനക്കൂട്ടത്തിന് എങ്ങനെ ഭക്ഷണം കൊടുക്കുമെന്ന് ശിഷ്യന്മാര്‍ ആകുലതപ്പെടുമ്പോള്‍ 'ഇവിടെ ഒരു ബാലന്റെ കൈയില്‍ അഞ്ചപ്പവും മീനുമുണ്ട്' എന്നു പറയുന്നത് അന്ത്രയോസാണ്. യേശു ഒരു അദ്ഭുതം കാണി ക്കുമെന്ന് അന്ത്രയോസ് വിശ്വസിച്ചിരുന്നതുകൊണ്ടാണല്ലോ, ആ അഞ്ചപ്പവുമായി യേശുവിന്റെ അടുത്തേക്ക് പോകുന്നത്. കാനായിലെ കല്യാണവിരുന്നിലും അന്ത്രയോസ് യേശുവിനൊപ്പ മുണ്ടായിരുന്നു.

യേശുവിന്റെ മരണശേഷം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ അന്ത്രയോസ് ജറുസലേമില്‍ പത്രോസിനൊപ്പമായിരുന്നു. പിന്നീട് ജോര്‍ദാന്‍, അറേബ്യ, ലബനോന്‍, തൂര്‍ക്കി തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം സുവി ശേഷപ്രവര്‍ത്തനം നടത്തി. നിക്കോമേദിയായില്‍ അന്ത്രയോസ് മെത്രാന്മാരെ നിയോഗിച്ചതായി 'ശ്ലീഹന്മാരുടെ പ്രബോദനങ്ങള്‍' എന്ന മൂന്നാംനൂറ്റാണ്ടിലെ ലേഖനത്തില്‍ കാണാം. റഷ്യയുടെ പലഭാഗങ്ങളിലും അന്ത്രയോസ് സുവിശേഷപ്രസംഗം നടത്തി. റഷ്യയിലെ സ്‌കീതിയായില്‍ വച്ച് അന്ത്രയോസ് ശ്ലീഹായെ കുരിശില്‍ തറച്ച് കൊല്ലുകയായിരുന്നു. കുരിശില്‍ കിടന്നുകൊണ്ട് അദ്ദേഹം നടത്തിയ പ്രാര്‍ഥന ഏറെ പ്രസിദ്ധമാണ്. സ്‌കോട്ട്‌ലന്‍ഡ്, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥനായി അന്ത്രയോസ് ശ്ലീഹാ അറിയപ്പെടുന്നു.

Comments