നവംബര്‍ 26 : വി. ജോണ്‍ ബര്‍ക്ക്മാന്‍സ് (1599-1621)

മലയാളികള്‍ക്കു സുപരിചിതനാണ് ബര്‍ക്ക്മാന്‍സ് എന്ന വിശുദ്ധന്‍. ചങ്ങനാശേരിയിലെ പ്രസിദ്ധമായ സെന്റ് ബര്‍ക്ക്മാന്‍സ് കോളജും ഹൈസ്‌കൂളും ഈ വിശുദ്ധന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടതാണ്. ബര്‍ക്ക്മാന്‍സ് എന്ന വിശുദ്ധന്‍ ജീവിച്ചിരിക്കെ ഒരു അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചിട്ടില്ല. സന്യാസസമൂഹങ്ങള്‍ക്കൊന്നും തുടക്കം കുറിച്ചില്ല. പക്ഷേ, അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹവും വിശ്വാസ തീഷ്ണതയും വിശുദ്ധന്‍ എന്ന സ്വര്‍ഗീയ പദവിക്ക് അദ്ദേഹത്തെ അര്‍ഹനാക്കി. ബെല്‍ജിയത്തിലെ ബ്രാബാന്റില്‍ ചെരുപ്പുനിര്‍മാണം തൊഴിലാക്കിയിരുന്ന ആളായിരുന്നു ബര്‍ക്ക്മാന്‍സിന്റെ അച്ഛന്‍. മാതാപിതാക്കള്‍ ഭക്തരായിരുന്നു.
അവര്‍ ദൈവഭയമുള്ളവരായി മക്കളെ വളര്‍ത്തി. ബര്‍ക്ക്മാന്‍സിനു നാലു സഹോദരങ്ങള്‍ കൂടി ഉണ്ടായിരുന്നു. അഞ്ചു പേരില്‍ മൂന്നു പേരും ആത്മീയ ജീവിതം തിരഞ്ഞെടുത്തു. ചെറുപ്പത്തില്‍ അള്‍ത്താരബാലനായി വി. കുര്‍ബാനയില്‍ സജീവമായി പങ്കെടുത്തിരുന്ന ബര്‍ക്ക്മാന്‍സ് പാവങ്ങളോടുള്ള അനുകമ്പയും ദൈവത്തോടുള്ള സ്‌നേഹവും ഒന്നുതന്നെയാണെന്നു വിശ്വസിച്ചിരുന്നു. മാതാപിതാക്കള്‍ ബര്‍ക്ക്മാന്‍സിന്റെ സ്വഭാവനിഷ്ഠയിലും ദൈവസ്‌നേഹത്തിലും അതീവസന്തുഷ്ടരായിരുന്നു. അമ്മയെ മാറാരോഗങ്ങള്‍ വലച്ചിരുന്നു. അമ്മയെ ശുശ്രൂഷിക്കുവാന്‍ മറ്റാരെക്കാളും എപ്പോഴും സമയം ചെലവഴിച്ചിരുന്നത് ബര്‍ക്ക്മാന്‍സ് ആയിരുന്നു.

പഠനത്തിലും കായികവിനോദങ്ങളിലും എപ്പോഴും മുന്നിലായിരുന്നു അവന്‍. വിശുദ്ധനായിരുന്ന അലോഷ്യസ് ഗോണ്‍സാഗയെക്കുറിച്ചുള്ള പുസ്തകം ഒരിക്കല്‍ വായിച്ചതോടെയാണ് ബര്‍ക്ക്മാന്‍സ് ആത്മീയ ജീവിതം തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നത്. മലിനസിലെ ജെസ്യൂട്ട് സഭയുടെ കോളജില്‍ ചേര്‍ന്നു. പിന്നീട് തത്വചിന്ത പഠിക്കുന്നതിനായി ബര്‍ക്ക്മാന്‍സ് റോമിലേക്ക് പോയി. ഒരിക്കല്‍ ബര്‍ക്ക്മാന്‍സ് ഒരു സ്വപ്നം കണ്ടു. പലരാജ്യങ്ങളില്‍നിന്നുള്ള പല ഭാഷക്കാരായ അഭയാര്‍ഥികളെ താന്‍ സഹായിക്കുന്നതായിരുന്നു സ്വപ്നം. താന്‍ കണ്ട സ്വപ്നം സത്യമാകണമെങ്കില്‍ മറ്റുഭാഷകളും അറിഞ്ഞിരിക്കണം എന്ന ചിന്തയില്‍ യൂറോപ്പിലെ പ്രമുഖ ഭാഷകളെല്ലാം അദ്ദേഹം പഠിച്ചു.

പഠനകാലത്ത് ബര്‍ക്ക്മാന്‍സ് അധ്യാപകരുടെയും സഹപാഠി കളുടെയും പ്രീതി പിടിച്ചുപറ്റി. കന്യകാമറിയത്തോടുള്ള തീവ്രമായ ഭക്തി, വി. കുര്‍ബാനയിലുള്ള ഭക്തിപൂര്‍വമായ പങ്കാളിത്തം, ദരിദ്രരോടുള്ള അനുകമ്പ എന്നിവയെല്ലാം ബര്‍ക്ക്മാന്‍സിന്റെ പ്രത്യേകതകളായിരുന്നു. തത്വചിന്തകനെന്ന നിലയിലും അദ്ദേഹം പേരെടുത്തു. 1621ല്‍ ബിരുദം സമ്പാദിച്ചശേഷം ഒരു ദിവസം ഒരു ആത്മീയ സംവാദത്തില്‍ പങ്കെടുക്കുന്നതിനു ബര്‍ക്ക്മാന്‍സിനെ ചുമതലപ്പെടുത്തി. സംവാദത്തില്‍ ബര്‍ക്ക്മാന്‍സ് മികച്ച പ്രകടനം നടത്തി. അദ്ദേഹത്തിന്റെ പാണ്ഡിത്യവും ആശയങ്ങളുടെ സ്പഷ്ടതയും എതിരാളികള്‍ പോലും അംഗീ കരിച്ചു. സംവാദത്തില്‍ പങ്കെടുത്തു കോളജില്‍ മടങ്ങിയെത്തിയ ബര്‍ക്ക്മാന്‍സിനെ കടുത്ത പനി ബാധിച്ചു. പരിശുദ്ധ ജപമാല ചൊല്ലിക്കൊണ്ടും യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ചു ധ്യാനിച്ചുകൊണ്ടും ബര്‍ക്ക്മാന്‍സ് രോഗത്തെ നേരിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍, പൗരോഹിത്യം സ്വീകരിച്ചശേഷം ചൈനയില്‍ പ്രേഷിതപ്രവര്‍ത്തനത്തിനു പോകണമെന്ന മോഹം ബാക്കിവച്ച് അദ്ദേഹം മരിച്ചു. 1888 ല്‍ പോപ് ലിയോ പതിമൂന്നാമന്‍ ജോണ്‍ ബര്‍ക്ക്മാന്‍സിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments