നവംബര്‍ 19 : വി. റാഫേല്‍ കലിനോസ്‌കി (1835-1907)

റഷ്യന്‍ പോളണ്ടിലെ വില്‌നയില്‍ (ഇന്നത്തെ ലിത്വാനിയ) പ്രശ സ്തനായ ഗണിതശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ കലിനോസ്‌കിയുടെ മകനായാണ് റാഫേല്‍ ജനിച്ചത്. ജോസഫ് എന്നായിരുന്നു ആദ്യ പേര്. പിതാവ് അധ്യാപകനായിരുന്ന കോളജില്‍ തന്നെയായിരുന്നു ജോസഫിന്റെയും വിദ്യാഭ്യാസം. ദൈവികചൈതന്യത്തില്‍ നിറഞ്ഞ ബാല്യകാലമായിരുന്നു റാഫേലിന്റേത്. മുതിര്‍ന്നപ്പോള്‍ ഒരു പുരോഹിതനാകുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് ജോസഫ് ചിന്തിച്ചിരുന്നു. എന്നാല്‍, പിതാവിന്റെ കൂടി താത്പര്യഫലമായി പഠനവുമായി മുന്നോട്ടുപോകാനാണ് അദ്ദേഹം ഒടുവില്‍ തീരുമാനിച്ചത്.
പഠിക്കാവുന്ന എല്ലാ വിഷയങ്ങളും അദ്ദേഹം പഠിച്ചു. ജന്തുശാസ്ത്രം, രസതന്ത്രം, കൃഷി എന്നിവ പഠിച്ച ശേഷം റഷ്യയിലെ ഹൊറി ഹൊര്‍ക്കിയിലും മോസ്‌കോയിലും പോയി തേനീച്ചവളര്‍ത്തലും പഠിച്ചു. പതിനേഴാം വയസില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്നു. എന്‍ജിനിയറിങ് പഠനത്തിനു ശേഷം മിലിട്ടറിയുടെ റയില്‍വേ നിര്‍മാണ ജോലികളുടെ മേല്‍നോട്ടക്കാരനായി ജോലിനോക്കി. 1862 ല്‍ മിലിട്ടറി ക്യാപ്റ്റനായി അദ്ദേഹം ഉയര്‍ത്തപ്പെട്ടു. സൈനിക ജീവിതത്തിനിടയിലും അദ്ദേഹത്തിന്റെ ദൈവസ്‌നേഹത്തിനു കുറവുണ്ടായിരുന്നില്ല. മനുഷ്യരെയെല്ലാം തുല്യരായി കാണുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അടിച്ചമര്‍ത്തപ്പെട്ട വര്‍ക്കു വേണ്ടി അദ്ദേഹം ശബ്ദിച്ചു. അവരെ പഠിപ്പിച്ചു. കഴിവുള്ള സഹായങ്ങളെല്ലാം ചെയ്തു.

അലക്‌സാണ്ടര്‍ രണ്ടാമന്‍ ചക്രവര്‍ത്തിക്കെതിരെയുള്ള വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് അക്കാലത്താ യിരുന്നു. വിപ്ലവകാരികളെ പട്ടാളം അടിച്ചമര്‍ത്താന്‍ തുടങ്ങി. മാനസികമായി വിപ്ലവകാരികള്‍ ക്കൊപ്പമായിരുന്ന ജോസഫ് സൈനികജോലി രാജിവച്ചു. വിപ്ലവകാരികള്‍ അദ്ദേഹത്തെ സൈനികമന്ത്രിയായി നിയമിച്ചു. അധികം വൈകാതെ ജോസഫിനെ റഷ്യന്‍ സൈന്യം തടവിലാക്കി. വിപ്ലവകാരികളെ അനുകൂലിച്ചതിനു വധശിക്ഷയ്ക്കു വിധിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ജോസഫിനു ജനങ്ങള്‍ക്കിടയിലുള്ള മതിപ്പും അംഗീകാരവും വിപ്ലവത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നു തിരിച്ചറിഞ്ഞ റഷ്യന്‍ അധികാരികള്‍ ശിക്ഷ പത്തുവര്‍ഷത്തെ കഠിനതടവില്‍ ഒതുക്കി. സൈബീരിയയിലെ ഉപ്പളത്തിലായിരുന്നു അദ്ദേഹം തടവുകാരനായി ജോലി ചെയ്യേണ്ടിയി രുന്നത്. ജയില്‍വാസത്തിനിടയില്‍ പ്രാര്‍ഥനയും ഉപവാസവുമായിരുന്നു ജോസഫിനു തുണ.

തന്റെയൊപ്പം ദൈവമുണ്ടെന്ന വിശ്വാസം അദ്ദേഹത്തിനു കരുത്തുപകര്‍ന്നു. 1873 ല്‍ ജയില്‍മോചിതനായ ശേഷം ജോസഫ് ജന്മനാടായ ലിത്വാനിയായിലേക്ക് തിരികെപോയി. പിന്നീട് പാരീസിലേക്ക് പോയ അദ്ദേഹം അവിടെ അധ്യാപകനായി ജോലിനോക്കി. ബാല്യകാലം മുതല്‍ തനിക്കുണ്ടായിരുന്നു ദൈവവിളി സ്വീകരിക്കുവാന്‍ അവിടെവച്ച് അദ്ദേഹം തീരുമാനിച്ചു. റാഫേല്‍ എന്ന പേരു സ്വീകരിച്ച് ഓസ്ട്രിയയിലെ കര്‍മലീത്ത സഭയില്‍ ചേര്‍ന്നു. 1882 ല്‍ വൈദികപട്ടം സ്വീകരിച്ചു. ക്രൈസ്തവസഭകളുടെ ഏകീകരണത്തിനു വേണ്ടിയും സന്യാസസഭകളുടെ നവീകരണത്തിനു വേണ്ടിയും അദ്ദേഹം വിശ്രമമില്ലാതെ ജോലിചെയ്തു. കത്തോലിക്കരുടെയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെയും ആത്മീയ ഗുരുനാഥനായിരുന്നു റാഫേല്‍. മരണം വരെ മറ്റുള്ളവര്‍ക്ക് ഈശ്വരചൈതന്യം പകര്‍ന്നുകൊടുക്കുക മാത്രം ലക്ഷ്യമാക്കിയാണ് അദ്ദേഹം ജീവിച്ചത്. 1991 നവംബര്‍ 17 ന് പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments