ഒക്ടോബര്‍ 25 : വി. ക്രിസന്തിയൂസും ഭാര്യ ദരിയയും (മൂന്നാം നൂറ്റാണ്ട്)

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് പറയുക. എന്നാല്‍ വിവാഹം സ്വര്‍ഗത്തിനു വേണ്ടി നടന്നു എന്നു പറയാമെങ്കില്‍ അത് വിശുദ്ധ ദമ്പതികളായി ക്രിസന്തിയൂസിനെയും ഭാര്യ ദരിയയെയും കുറിച്ചായിരിക്കും. അവര്‍ ജീവിച്ചതും വിവാഹം കഴിച്ചതും ഒടുവില്‍ കല്ലേറു കൊണ്ട് രക്തസാക്ഷിത്വം വരിച്ചതും യേശുവിനു വേണ്ടി യായിരുന്നു. ആദിമ സഭയുടെ കാലത്ത്, യേശുവിന്റെ നാമത്തില്‍ രക്തസാക്ഷിത്വം വരിച്ച ആയിരക്കണക്കിനാളുകളില്‍ ഇവരും ഉള്‍പ്പെടുന്നു. ഗ്രീക്കുകാരായിരുന്നു ഈ ദമ്പതികള്‍. ക്രിസന്തിയൂസ് അലക്‌സാണ്ട്രിയയിലെ ഒരു കുലീനകുടുംബത്തിലാണ് ജനിച്ചത്.




അദ്ദേഹത്തിന്റെ ബാല്യകാലത്തു തന്നെ മാതാപിതാക്കള്‍ക്കൊപ്പം അലക്‌സാണ്ട്രിയയില്‍ നിന്ന് റോമിലേക്ക് ഇവര്‍ താമസം മാറ്റി. സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലായിരുന്നു ക്രിസന്തിയൂസിന്റെ കുടുംബം. അതുകൊണ്ടുതന്നെ മികച്ച രീതിയില്‍ വിദ്യാഭ്യാസം നടത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അക്കാലത്തെ അറിയപ്പെടുന്ന ചിന്തകരും തത്വജ്ഞാനികളുമായിരുന്നു അദ്ദേഹത്തിന്റെ അധ്യാപകര്‍. ഭൗതിക കാര്യങ്ങളെക്കുറിച്ചുള്ള അറിവ് നേടിയെങ്കിലും ആത്മീയ കാര്യങ്ങളെക്കുറിച്ചും ദൈവത്തെക്കുറിച്ചും ഒന്നുമറിയാതെ അദ്ദേഹം ആശയക്കുഴപ്പത്തിലായിരുന്നു. അങ്ങനെയെരിക്കെ ഒരു ദിവസം, ദൈവം ഇടപെട്ടാലെന്നതുപോലെ ക്രിസന്തിയൂസിന് യേശുവിനെക്കുറിച്ച് എഴുതപ്പെട്ട ചില ലേഖനങ്ങളും സുവിശേഷങ്ങളും എവിടെനിന്നോ ലഭിച്ചു. ഇതുവായിച്ചതോടെ, അദ്ദേഹത്തിന്റെ അജ്ഞത നീങ്ങി.

അദ്ദേഹം ഒരു ക്രൈസ്തവ പുരോഹി തനെ സന്ദര്‍ശിച്ച് തന്നെ ജ്ഞാനസ്‌നാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തന്റെ മകന്‍ യേശുവിന്റെ വിശ്വാസിയായത് ക്രിസന്തിയൂസിന്റെ പിതാവിന് ഇഷ്ടമായില്ല. എങ്ങനെയെങ്കിലും മകനെ തിരികെ കൊണ്ടുവരുന്നതിനു വേണ്ടി അദ്ദേഹം പല മാര്‍ഗങ്ങളും പരീക്ഷിച്ചു. ഒരിക്കല്‍ വേശ്യകളായ ചില സ്ത്രീകളെ ഏര്‍പ്പാട് ചെയ്ത് ക്രിസന്തിയൂസിന്റെ മുറിയില്‍ കയറ്റി ഒരു രാത്രി മുറി പുറത്തുനിന്ന് പൂട്ടിയിട്ടു. അവര്‍ പലതരത്തിലും ക്രിസന്തിയൂ സിനെ വശീകരിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഒന്നും വിജയിച്ചില്ല. പിന്നീട് മകനെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഗ്രീക്ക് ദൈവങ്ങളില്‍ വിശ്വസിച്ചിരുന്ന സുന്ദരിയായ ദരിയ അങ്ങനെ ക്രിസന്തിയൂസിന്റെ ഭാര്യയായി. എന്നാല്‍, ആദ്യരാത്രി തന്നെ ക്രിസന്തിയൂസ് ഭാര്യയെ യേശുവിന്റെ വഴിയിലേക്ക് കൊണ്ടുവന്നു. അവള്‍ മാനസാന്തരപ്പെട്ടു. മേലില്‍ സഹോദരീസഹോദര ബന്ധം മാത്രം പുലര്‍ത്തി ഒന്നിച്ചുജീവിക്കാന്‍ അവര്‍ തീരുമാനിച്ചു.

പിതാവിന്റെ മരണത്തോടെ ക്രിസന്തിയൂസ് പരസ്യമായി സുവിശേഷം പ്രസംഗിക്കുവാന്‍ ഇറങ്ങിത്തിരിച്ചു. നിരവധി പേരെ അദ്ദേഹവും ദരിയയും ചേര്‍ന്ന് യേശുവിലേക്ക് കൊണ്ടുവന്നു. അന്ന് റോം ഭരിച്ചിരുന്ന നുമേറിയന്‍ ചക്രവര്‍ത്തി ക്രൈസ്തവ വിരോധിയായിരുന്നു. അദ്ദേഹം ക്രിസന്തിയൂസിനെയും ദരിയയെയും തടവിലാക്കി. യേശുവിനെ തള്ളിപ്പറയാന്‍ തയാറാകാതിരു ന്നതിനെ തുടര്‍ന്ന് ഇരുവരെയും കൊല്ലാന്‍ തീരുമാനിച്ചു. എന്നാല്‍ കൊലനടത്തുവാനായി ചുമതലപ്പെട്ടിരുന്ന ക്ലോഡിയസ് എന്ന ഗവര്‍ണര്‍ ക്രിസന്തിയൂസിന്റെ ദൈവഭക്തി തിരിച്ചറിഞ്ഞ് മാനസാന്തരപ്പെട്ടു. ക്ഷുഭിതനായ ചക്രവര്‍ത്തി ക്ലോഡിയസിനെയും അദ്ദേഹത്തിന്റെ പുത്രന്‍ മാരെയും ഭാര്യയെയും കൊലപ്പെടുത്തി. ക്രിസന്തിയൂസിനെയും ദരിയയെയും കല്ലെറിഞ്ഞാണ് കൊന്നത്. ഇരുവരെയും കൊല്ലുന്നതുകൊണാന്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. കൈകള്‍ കൂപ്പി നിന്ന് ഒരു ഭാവമാറ്റവുമില്ലാതെ ദരിയ മരണം ഏറ്റുവാങ്ങുന്നത് കണ്ടുനിന്നവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. 'ദരിയ ഒരു ദേവതയാകുന്നു'

Comments