ഒക്ടോബര്‍ 24 : വി. ആന്റണി മരിയ ക്ലാരറ്റ് ( 1807-1870)

ഒരു നെയ്ത്തുകാരന്റെ മകനായി ജനിച്ച ആന്റണി മരിയ ക്ലാരറ്റ് പിതാവിനൊപ്പം നെയ്ത്തുപണികളില്‍ വ്യാപൃതനായിരിക്കെയാണ് പുരോഹിതനാകാന്‍ തീരുമാനിക്കുന്നത്. സ്‌പെയിനിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറിയ പ്രായം മുതല്‍ തന്നെ അദ്ദേഹ ത്തിന്റെ അസാധാരണമായ ഭക്തി മറ്റുള്ളവര്‍ ശ്രദ്ധിച്ചിരുന്നു. ദിവ്യകാരുണ്യസ്വീകരണദിവസം ആന്റണി ഭക്തിയില്‍ ലയിച്ച് കണ്ണുകളടച്ച് പ്രാര്‍ഥനാപൂര്‍വമാണ് തിരുവോസ്തി സ്വീകരിച്ചത്. ഇത് ശ്രദ്ധിച്ച വികാരിയച്ചന്‍ അന്നു തന്നെ പ്രവചിച്ചു. ''ഇവന്‍ ഒരു വൈദികനായിത്തീരും.'' അച്ചന്റെ പ്രവചനം സത്യമായി ത്തീര്‍ന്നു. നെയ്ത്തുകാരനായി പിതാവിനെ സഹായിച്ചുകൊണ്ടിരുന്നപ്പോള്‍ ലത്തീന്‍ ഭാഷ പഠിച്ച ആന്റണിക്ക് പൗരോഹിത്യം സ്വീകരിക്കാനുള്ള ദൈവവിളിയുണ്ടാവുകയും അദ്ദേഹം സെമിനാരിയില്‍ ചേരുകയും ചെയ്തു. 1835 ജൂണ്‍ 13 ന് അദ്ദേഹം വൈദികനായി.
ആന്റണിയുടെ ധ്യാനപ്രസംഗങ്ങള്‍ ഏറെ പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുവാനും അനുഗ്രഹങ്ങള്‍ നേടുവാനുമായി നിരവധി പേര്‍ എത്തുമായിരുന്നു. പരിശുദ്ധ മറിയത്തോടും വി. കുര്‍ബാനയോടുമുള്ള ഭക്തിക്ക് ഊന്നല്‍ കൊടുത്താണ് അദ്ദേഹം പ്രസംഗിച്ചിരുന്നത്. പത്തുവര്‍ഷം ധ്യാനപ്രാസംഗികനായി പല സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം അഞ്ചു യുവവൈദികരെ ചേര്‍ത്ത് പുതിയൊരു സന്യാസസഭയ്ക്കു തുടക്കമിട്ടു. 'മറിയത്തിന്റെ വിമല ഹൃദയത്തിന്റെ സഭ' എന്നായിരുന്നു അതിന്റെ പേര്. ക്ലരേഷ്യന്‍സ് എന്ന് ഈ സഭയിലെ സന്യാസികള്‍ വിളിക്കപ്പെടുന്നു. ക്യൂബയിലെ സാന്തിയാഗോ രൂപതയുടെ ആര്‍ച്ച് ബിഷപ്പായി ആന്റണി മരിയ നിയമിതനായി. ക്യൂബയിലെ സഭയെ യഥാര്‍ഥ വഴിയിലേക്ക് കൊണ്ടു വന്നത് ആന്റണിയായിരുന്നു.

വെള്ളക്കാരും നീഗ്രോകളും തമ്മിലുള്ള പ്രശ്‌നങ്ങളും വിഭാഗീയതയും ആത്മീയമായ ചേരിതിരിവും അവിടെയുണ്ടായിരുന്നു. പ്രശ്‌നങ്ങളെല്ലാം സമര്‍ത്ഥമായി പരിഹരിച്ച് അദ്ദേഹം ക്യൂബന്‍ സഭയെ ഉയര്‍ത്തെഴുന്നേല്‍പിച്ചു. സ്‌പെയിനിലെ ഇസെബെല്ല രാജ്ഞിയുടെ കുമ്പസാരക്കാരനായിരുന്നു. ഇസബെല്ല രാജ്ഞി നാടുകടത്തപ്പെട്ടപ്പോള്‍ അദ്ദേഹവും അവര്‍ക്കൊപ്പം പോയി. സ്‌പെയിനില്‍ പ്രേഷിത പ്രവര്‍ത്തനം ചെയ്തു. ഒന്നാം വത്തിക്കാന്‍ സുനഹദോസില്‍ പങ്കെടുത്ത ശേഷം ഫ്രാന്‍സില്‍ സ്ഥിര താമസമാക്കി. പിന്നീട് മരണം വരെയും അവിടെ കഴിഞ്ഞു. ഇരുന്നൂറിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ആന്റണി, ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിരവധി അദ്ഭുത പ്രവൃത്തികള്‍ ചെയ്ത വിശുദ്ധനാണ്. 1950 ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ ആന്റണിയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments