ഒക്ടോബര്‍ 20: വി. ബെര്‍ട്ടില്ല (1888-1922)

അന്ന ഫ്രാന്‍സീസ് ബെസ്‌കാര്‍ഡിന്‍ എന്നായിരുന്നു സിസ്റ്റര്‍ ബെര്‍ട്ടില്ലയുടെ ആദ്യ പേര്. ഇറ്റലിയിലെ ബ്രെന്റോളാ എന്ന സ്ഥല ത്ത് വളരെ ദരിദ്രമായ ഒരു കുടുംബത്തിലായിരുന്നു അന്ന ജനിച്ചത്. അവളുടെ മാതാപിതാക്കള്‍ കര്‍ഷകരായിരുന്നു. അച്ഛന്‍ ആഞ്ജ ലോ ബെസ്‌കാര്‍ഡിന്‍ ഒരു കടുത്ത മദ്യപാനിയായിരുന്നു. വേണ്ടത്ര വിദ്യാഭ്യാസം മകള്‍ക്കു നല്‍കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ഇടയ്ക്കി ടെ അടുത്തുള്ള ഒരു ഗ്രാമീണ വിദ്യാലയത്തില്‍ അവള്‍ പഠിക്കുവാന്‍ പോകുമായിരുന്നു. അടുത്തുള്ള വീടുകളില്‍ വീട്ടുജോലി ചെയ്താണ് അവള്‍ പഠിക്കുവാന്‍ മാര്‍ഗം കണ്ടെത്തിയിരുന്നത്. പിന്നീട് പഠനം മുടങ്ങി. വേലക്കാരിയായി ജോലി ചെയ്തു പോന്നു.



യേശുക്രിസ്തുവിന്റെ നാമത്തില്‍ ഒരു കന്യാസ്ത്രീയാകണമെന്ന് അവള്‍ അതിയായി മോഹിച്ചിരുന്നു. അടുത്തുള്ള ഒരു മഠത്തില്‍ എത്തി അവള്‍ അവിടെ ചേരാനുള്ള താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും അവര്‍ അവളെ ചേര്‍ത്തില്ല. പിന്നീട് വികാരിയച്ചന്റെ നിര്‍ദേശപ്രകാരം തിരുഹൃദയത്തിന്റെ പുത്രിമാര്‍ എന്ന സന്യാസസഭയില്‍ ചേര്‍ന്നു. ബെര്‍ട്ടില്ല എന്ന പേര് സ്വീകരിച്ചു. നാലു വര്‍ഷത്തോളം മഠത്തിലെ പാചകവും തുണി അലക്കും അടക്കമുള്ള ജോലികള്‍ മാത്രമാണ് അവള്‍ ചെയ്തിരുന്നത്. മഠത്തിന്റെ വകയായുള്ള ഒരു ആശുപത്രിയില്‍ നഴ്‌സിങ്ങിനു പഠിച്ചു. പഠനശേഷം അവിടെ തന്നെ ജോലി ചെയ്യാന്‍ ആരംഭിച്ചു. ബെര്‍ട്ടില്ലയുടെ ജീവിതം മാറിമറിയുന്നത് നഴ്‌സായുള്ള ജീവിത്തിലൂടെയാണ്. കുട്ടികളുടെ വാര്‍ഡിലായിരുന്നു അവള്‍ സേവനം ചെയ്തിരുന്നത്.

രോഗികളോടുള്ള അവളുടെ സ്‌നേഹവും പരിചരണവും ഏവരിലും മതിപ്പുളവാക്കി. അവരുടെ വേദനകളില്‍ ബെര്‍ട്ടില്ലയുടെ സാന്നിധ്യം തന്നെ ആശ്വാസം പകരുന്നതായിരുന്നു. മറ്റുള്ളവരുടെ വേദനകള്‍ ശമിപ്പിക്കുന്ന മാലാഖയാണ് ബെര്‍ട്ടില്ലയെന്ന് രോഗികള്‍ പറയുമായിരുന്നു. ഈ സമയത്തു തന്നെ ബെര്‍ട്ടില്ലയെയും രോഗം ബാധിച്ചു. തീവ്രമായ വേദന സഹിച്ചുകൊണ്ടാണ് അവള്‍ മറ്റുള്ളവരെ ആശ്വസിപ്പിച്ചിരുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്ത് പരുക്കേറ്റ ഇറ്റാലിയന്‍ സൈനികരെയും അവള്‍ ഒരു മാലാഖയെ പോലെ ശുശ്രൂഷിച്ചു. യുദ്ധത്തിനിടയ്ക്ക് ആശുപത്രിക്കു സമീപം ബോംബാക്രമണമുണ്ടായി. പലരും ഓടിരക്ഷപ്പെട്ടു. പക്ഷേ, ബെര്‍ട്ടില്ല രോഗികള്‍ക്കൊപ്പം തന്നെ നിന്നു. അവര്‍ക്കു ധൈര്യം പകര്‍ന്നുകൊടുത്തു. ബെര്‍ട്ടില്ലായുടെ ജനപ്രീതിയില്‍ അസ്വസ്ഥയായിരുന്ന ഒരു മേലധികാരി അവളെ ആശുപത്രിയിലെ തുണികള്‍ അലക്കുന്ന ജോലിയിലേക്ക് മാറ്റി. ആരോടും പരാതി പറയാതെ നിശബ്ദയായി അവള്‍ അതു നിര്‍വഹിച്ചു. പിന്നീട് രോഗികളുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന് അവളെ കുട്ടികളുടെ വാര്‍ഡിലേക്ക് തിരികെ കൊണ്ടുവന്നു. 1922 ന് ബെര്‍ട്ടില്ല മരിച്ചു. 1961 ല്‍ പോപ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ ബെര്‍ട്ടില്ലയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Comments