ഒക്ടോബര്‍ 14 : വി. കലിസ്റ്റസ് ഒന്നാമന്‍ മാര്‍പാപ്പ (രക്തസാക്ഷിത്വം എ.ഡി. 223)

ഒരു അടിമയായിരുന്നു കലിസ്റ്റസ്. സീസറിന്റെ ബന്ധുവായ കര്‍ പ്പോഫറസ് എന്നു പേരായ ഒരു ക്രിസ്ത്യാനിയായിരുന്നു കലിസ്റ്റ സിന്റെ യജമാനന്‍. ഇന്നത്തെ ബ്ലേഡ് കമ്പനികള്‍ പോലെ ഒരു പണമിടപാടു സ്ഥാപനം കര്‍പ്പോഫറസ് നടത്തിയിരുന്നു. ഒരിക്കല്‍ കലിസ്റ്റസ് ആ സ്ഥാപനത്തിനു കാവല്‍ നില്‍ക്കവേ, പണം മോഷ ണം പോയി. നൂറുകണക്കിനാളുകള്‍ പണം നിക്ഷേപിച്ചിരുന്നു.പണം മോഷ്ടിച്ചത് കലിസ്റ്റസായിരുന്നുവെന്ന് ആരോപിച്ച് കുറ്റം മുഴുവന്‍ അദ്ദേഹത്തില്‍ ചുമത്താനാ യിരുന്നു കര്‍പ്പോഫറസ് ശ്രമിച്ചത്. ജനം കലിസ്റ്റസിനെതിരെ തിരിഞ്ഞതോടെ അദ്ദേഹം അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. കലിസ്റ്റസിനെ എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന് ജനം മുറവിളികൂട്ടി. അദ്ദേഹം പണം രഹസ്യമായി എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടാവുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, കലിസ്റ്റസ് പൂര്‍ണമായും നിരപരാധിയായിരുന്നു. അത്രയും പണം ഒരു അടിമയായ കലിസ്റ്റസി നു ആവശ്യമേ ഉണ്ടായിരുന്നില്ല. കലിസ്റ്റസിനെ പടയാളികള്‍ പിടികൂടി.




കുറെനാള്‍ കലിസ്റ്റസ് കാരാഗൃഹത്തില്‍ കിടന്നു. നിരപരാധിയാണെന്ന് ന്യായധിപന്‍മാര്‍ക്ക് ബോധ്യമുണ്ടായിരുന്നതു കൊണ്ട് കനത്ത ശിക്ഷയൊന്നും അദ്ദേഹത്തിനു ലഭിച്ചില്ല. അടിമയായ ജീവിതത്തിനിടയ്ക്ക് കലിസ്റ്റസിനെ മുന്നോട്ടു നയിച്ചിരുന്നത് യേശുവിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു. പണം മോഷ്ടിച്ചുവെന്ന ആരോപണം നേരിടേണ്ടിവന്നപ്പോഴും പിന്നീട് കാരാഗൃഹത്തില്‍ കിടന്നപ്പോഴും നിരന്തരമായ പ്രാര്‍ഥനയാണ് കലിസ്റ്റസിനു ശക്തി പകര്‍ന്നത്. കലിസ്റ്റസ് പൗരോഹിത്യത്തി ലേക്ക് കടക്കുന്നതു സംബന്ധിച്ച വിവരങ്ങളൊന്നും കൃത്യമായി ഇന്ന് ലഭ്യമല്ല. പോപ് വി. സെഫിറീനുസ് പാപ്പയാണ് കലിസ്റ്റസിന്റെ മഹത്വം മനസിലാക്കി അദ്ദേഹത്തെ ഉന്നത സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുന്നത്. കാരാഗൃഹത്തില്‍ നിന്നു മോചിക്കപ്പെട്ട കലിസ്റ്റസിനു പോപ് ഒരു ശ്മശാനത്തിന്റെ മേല്‍നോട്ടചുമതല നല്‍കി. വി. കലിസ്റ്റസിന്റെ ഭൂഗര്‍ഭാലയം എന്നാണ് ഇപ്പോഴും ഈ ശ്മശാനം അറിയപ്പെടുന്നത്. കലിസ്റ്റസിനു ഡീക്കന്‍ പട്ടം കൊടുത്ത് അദ്ദേഹ ത്തെ തന്റെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചതും സെഫിറീനുസ് പാപ്പയായിരുന്നു. സെഫിറീ നൂസ് മാര്‍പാപ്പയുടെ മരണശേഷം കലിസ്റ്റസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. കലിസ്റ്റസ് ഒന്നാമന്‍ എന്ന് ഇദ്ദേഹം പീന്നീട് അറിയപ്പെട്ടു.

കലിസ്റ്റസിനെ മാര്‍പാപ്പയാക്കി തിരഞ്ഞെടുത്ത തിനെ എതിര്‍ത്ത റോമന്‍ പുരോഹിതനായ ഹിപ്പോളിത്തസിനെ മറ്റൊരു വിഭാഗം ബദല്‍ മാര്‍പാപ്പ യാക്കി തിരഞ്ഞെടുത്തു. ഇദ്ദേഹം ചരിത്രത്തിലെ ആദ്യത്തെ ബദല്‍ പോപ് എന്നറിയപ്പെടുന്നു. പിന്നീട് തെറ്റുതിരുത്തി സഭയോട് അനുരഞ്ജനപ്പെട്ട ഹിപ്പോളിത്തസ് വിശുദ്ധരുടെ പട്ടികയിലും ഇടം നേടി. (ഓഗസ്റ്റ് 13 ലെ വിശുദ്ധന്‍ കാണുക) മാര്‍പാപ്പയായി ചുമതലയേറ്റെടുത്ത ഉടന്‍ തന്നെ സുപ്രധാനമായ ചില തീരുമാനങ്ങള്‍ കലിസ്റ്റസ് എടുത്തു. വ്യഭിചാരം, കൊലപാതകം തുടങ്ങിയ മാരകമായ കുറ്റങ്ങള്‍ ചെയ്തവരാണെങ്കിലും അവര്‍ പാപമോചനത്തിന് അര്‍ഹരാണ്, അടിമകളുമായുള്ള വിവാഹം സഭ അംഗീകരിക്കും, വിവാഹം കഴിച്ച പുരുഷന്‍മാര്‍ക്കും പട്ടം നല്‍കാം, പാപം ചെയ്തുപോയി എന്നതിന്റെ പേരില്‍ ഒരു മെത്രാനെ സ്ഥാനഭ്രഷ്ടനാക്കേണ്ടതില്ല, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു ദൈവമാണ്, മൂന്നു പേരല്ല തുടങ്ങിയവയായിരുന്നു അവയില്‍ ചിലത്. കലിസ്റ്റസിന്റെ തീരുാനങ്ങളില്‍ ഭൂരിഭാഗവും സഭയുടെ എക്കാലത്തെയും നിയമങ്ങളായി നിലനിന്നുവെന്നത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും മഹത്വവും കാണിക്കുന്നു. എ.ഡി. 223 ല്‍ ഒരു ക്രൈസ്തവിരുദ്ധ ലഹളയ്ക്കിടെ കൊല്ലപ്പെട്ട കലിസ്റ്റസ് രക്തസാക്ഷിത്വ മകുടം ചൂടി. കഴുത്തില്‍ ഒരു വലിയ കല്ലുകെട്ടിയിട്ട് ഒരു കിണറ്റിലേക്ക് എറിഞ്ഞാണ് കലിസ്റ്റസിനെ കൊലപ്പെടുത്തിയത് എന്നൊരു ഐതിഹ്യമുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ചുള്ള വ്യക്തമായ തെളിവുകളൊന്നും ഇന്ന് നിലവിലില്ല. സെമിത്തേരിയില്‍ ജോലി ചെയ്യുന്നവരുടെ മധ്യസ്ഥനായാണ് കലിസ്റ്റസ് ഒന്നാമന്‍ അറിപ്പെടുന്നത്.

Comments